gaza-trump-wa

ലോകചരിത്രത്തിൽ യുദ്ധത്തിൻറെയും സമാധാനത്തിൻറെയും അധ്യായങ്ങൾ മാറിമാറി എഴുതിച്ചേർത്തിട്ടുള്ള രാജ്യമാണ് അമേരിക്ക. ഇന്നും അവരത്  തുടരുന്നു.

സംഘർഷവും സമാധാനവും  സൃഷ്ടിക്കുന്നതിൽ അമേരിക്കയുടെ പങ്ക് ആധുനിക ചരിത്രത്തിലുടനീളം കാണാം. യുഎസ്  വലിയൊരു രാജ്യമാണ്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക സൈനിക  ശക്തി‌. ലോകപൊലീസെന്ന തൂവൽ സ്വയം എടുത്തണിഞ്ഞവർ. അതിൽ വല്ലാതങ്ങ് ഊറ്റം കൊള്ളുന്നവർ.

അനന്തമായ അവസരങ്ങൾ, അതാണ്  അമേരിക്ക ലോകത്തിന് മുന്നിൽ എന്നും തുറന്നുവയ്ക്കുന്നത്.  അത്  മുതലാക്കി വളരാൻ ലോകത്തിൻറെ എല്ലാ കോണുകളിൽ നിന്നും  കാലങ്ങളായി അമേരിക്കയിലേക്ക്  കുടിയേറ്റം നടക്കുന്നു. എല്ലാ കാലത്തും അവർ അതിനെ പ്രോൽസാഹിപ്പിച്ചിട്ടുമുണ്ട്. അങ്ങിനെ കുടിയേറിയവരെല്ലാം അമേരിക്കയെ വളർത്തി സ്വയം വളർന്നവരാണ്. ആ വളർച്ച അമേരിക്കൻ പൗരന്മാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുകയും അവരതിൽ അഭിരമിച്ച്  അധ്വാനം വെടിഞ്ഞ്  അലസരാവുകയും ചെയ്തു. അന്യൻ വിയർക്കുന്ന കാശുകൊണ്ട്  തടിച്ചുകൊഴുത്തെന്ന് ചുരുക്കം. അതിനൊടുവിലാണ് ‘അമേരിക്ക ഇനി അമേരിക്കക്കാർക്ക്’ എന്ന പുതിയ മുദ്രാവാക്യവും നയവും.

Untitled design - 1

വിഭവശേഷിയുടെ അഹന്ത നിഴലിക്കുന്നതാണ് അമരിക്കയുടെ വിദേശ നയം. ലോകത്തെ ഏറ്റവുംവലിയ സാമ്പത്തികശക്തിയെന്ന അഹങ്കാരത്തോടെയാണ് അവർ  യുദ്ധങ്ങൾക്ക് അവർ തുടക്കമിടുന്നതും സംഘർഷങ്ങൾക്ക് ആക്കം കൂട്ടുന്നതും. യുദ്ധം തന്നെ പലപ്പോഴും ഒരു കച്ചവട തന്ത്രമാണ്. അമേരിക്കയുടെ ആയുധവ്യാപാരത്തിലും ഊർജമേഖലയിലും യുദ്ധം നേട്ടമുണ്ടാക്കിയിട്ടുണ്ട്. കച്ചവടത്തിൻറെ സാധ്യതകൾ പരമാവധി വിനിയോഗിച്ച ശേഷം അവർ തന്നെ സമാധാത്തിൻറെ സന്ദേശവാഹകരാകും. ഒപ്പം യുദ്ധമേഖലയെ സ്വന്തം സ്വാധീനവലയത്തിൽ നിർത്തുകയും ചെയ്യും. ഇത് ലോകത്തിനാകെ ബോധ്യപ്പെട്ടുകഴിഞ്ഞതാണ്.

‌അമേരിക്കയുടെ ഈ നിലപാടിന് മുകളിൽ ഊതി വീർപ്പിച്ചൊരു ബലൂണായാണ് ഇപ്പോൾ ഡോണൾഡ് ട്രംപിൻറെ നിൽപ്. ലോകത്തെ അശാന്തിയിലാഴ്ത്തിയ 6 യുദ്ധങ്ങൾ താനിടപെട്ട് അവസാനിപ്പിച്ചെന്നാണ് ട്രംപിൻറെ അവകാശവാദം. അതിനാൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ഇന്ന് ലോകത്ത് ഏറ്റവും അർഹൻ താനാണെന്നും ട്രംപ് വീരവാദം മുഴക്കി. കിട്ടാൻ സാധ്യതയില്ലെന്ന് അറിഞ്ഞിട്ടും അത് ചോദിക്കാൻ ട്രംപിന് തെല്ലും മടിയുമുണ്ടായില്ല. ഒടുവിൽ പുരസ്കാരം മറ്റൊരാൾക്ക് നൽകിയപ്പോൾ അതേച്ചൊല്ലി പരിതപിച്ച വൈറ്റ് ഹൗസിനെ പരിഹാസത്തോടെയാണ് ലോകം നോക്കിക്കണ്ടത്.

Untitled design - 1

ലോകം സാക്ഷ്യംവഹിച്ച പല യുദ്ധങ്ങളിലും അമേരിക്കയ്ക്ക് ഇരട്ടവേഷമാണ്. തമ്മിൽ പോരടിക്കുന്ന മുട്ടനാടുകളുടെ നെറ്റിയിൽ നിന്നിറ്റുവീഴുന്ന ചോര നക്കിക്കുടിക്കുന്ന  കുറുക്കന് സമം. അടിക്കാൻ വടി കൊടുക്കും. അടിമൂക്കുമ്പോൾ ആ വടി പിടിച്ചുവാങ്ങും. ഇങ്ങനെ യുദ്ധത്തിലും സമാധാനത്തിലും ഒരു ഭാവമാറ്റവുമല്ലാതെ അമേരിക്ക ഒരുമ്പെട്ടിറങ്ങിയ ഒട്ടേറെ അവസരങ്ങൾ ലോകചരിത്രത്തിലുണ്ട്.

വിയറ്റ്നാം യുദ്ധം (1955–1975)

കമ്യൂണിസത്തിന് തടയിടുക എന്ന വ്യാജേനയാണ് അമേരിക്ക വിയറ്റ്നാമിൽ യുദ്ധത്തിനിറങ്ങിയത്. അത് പ്രതീക്ഷിച്ചതിനെക്കാൾ നീണ്ടതും വിനാശകരമായ സംഘർഷമായി മാറിയതും അമേരിക്കയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ആ യുദ്ധം അമേരിക്കൻ സമൂഹത്തെ ആഴത്തിൽ ഭിന്നിപ്പിച്ചു. ഒടുവിൽ ഒരു പ്രദേശത്തെയാകെ വിഘടിപ്പിച്ചശേഷം ഗത്യന്തരമില്ലാതെ അമേരിക്ക  പിൻവാങ്ങി.

ഇറാഖ് യുദ്ധം (2003–2011)

വിനാശകാരിയായ രാസായുധങ്ങൾ കൈവശം വയ്ക്കുന്നുവെന്നാരോപിച്ചാണ്  അമേരിക്ക ഇറാക്കിനെതിരെ തിരിഞ്ഞത്. അമേരിക്കയും സഖ്യകക്ഷികളും ചേർന്ന്  സദ്ദാം ഹുസൈനെ അട്ടിമറിച്ചു.  ആദിമ സംസ്കാരത്തിൻറെ കളിത്തൊട്ടിലായ ഇറാക്കിൻറെ സർവനാശമായിരുന്നു ആ യുദ്ധത്തിൻറെഫലം. യുദ്ധം മേഖലയെ അസ്ഥിരപ്പെടുത്തുകയും ഐസിസ് (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ) പോലുള്ള പുതിയ ഭീകരസംഘടനകൾക്ക് ജന്മം നൽകുകയും ചെയ്തു.

അഫ്ഗാൻ യുദ്ധം (2001–2021)

സോവിയറ്റ് യൂണിയനെ തുരത്താൻ അമേരിക്ക തന്നെ സൃഷ്ടിച്ച ഭീകരസംഘടനകളാണ് അൽ ഖായിദയും താലിബാനും എന്ന ആരോപണം കാലങ്ങളായി നിലനിൽക്കുന്നുണ്ട്. അതേ സംഘടനകളിൽ നിന്ന് തിരിച്ചടികിട്ടിയപ്പോൾ അവരെ ഉന്മൂലനം ചെയ്യാനായി അടുത്ത ശ്രമം. 9/11 ഭീകരാക്രമണം ആ പോരാട്ടത്തിന് ആക്കം കൂട്ടി. അഫ്ഗാനിൽ കടന്നു കയറി സൈനിക നടപടി. പതിറ്റാണ്ടുകൾ നീണ്ട പോരാട്ടം പക്ഷേ എങ്ങുമെത്തിയില്ല. ഒടുവിൽ താലിബാന് അഫ്ഗാൻ അടിയറ വച്ച്  ‘ശാന്തിയുടെ സന്ദേശം’ വിളംബരം ചെയ്ത്  അമേരിക്ക പിൻമാറി.

ക്യാമ്പ് ഡേവിഡ് ഉടമ്പടി (1978)

പോരടിച്ചു നിന്ന  ഈജിപ്തിനും ഇസ്രയേലിനുമിടയിൽ സമാധാനദൂതുമായി അമേരിക്ക എത്തിയത് അരനൂറ്റാണ്ടുമുൻപാണ്. പ്രസിഡന്റ് ജിമ്മി കാർട്ടറിൻറെ ഇടപെടൽ ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാനം സാധ്യമാക്കി. ആ ശത്രുത അവസാനിച്ചെങ്കിലും മധ്യേഷ്യ ഇന്നും അശാന്തിയുടെ വിളനിലമാണ്. ഇത് മുതലാക്കി എണ്ണസമൃദ്ധമായ മധ്യപൂർവേഷ്യയിൽ സൈനികത്താവളങ്ങൾ സ്ഥാപിച്ച് ആ പ്രദേശത്തിൻറെ നിയന്ത്രണം അമേരിക്ക കൈയടക്കി.

ഡേറ്റൺ ഉടമ്പടികൾ (1995)

Untitled design - 1

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും രക്തരൂക്ഷിതമായ സംഘർഷങ്ങളിലൊന്നായ ബോസ്നിയൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് നയതന്ത്രജ്ഞർ ചർച്ചകൾക്ക് നേതൃത്വം നൽകി. കിഴക്കൻ യൂറോപ്പിൽ കാലുറപ്പിച്ച് റഷ്യയ്ക്കെതിരെയുള്ള നീക്കങ്ങൾക്ക് ആക്കം കൂട്ടുകയായിരുന്നു  ലക്ഷ്യം.

ഗുഡ് ഫ്രൈഡേ കരാർ (1998)

30 വർഷത്തെ സംഘർഷം അവസാനിപ്പിച്ച്  വടക്കൻ അയർലണ്ടിൽ സമാധാനം സ്ഥാപിക്കാൻ യുഎസ് സെനറ്റർ ജോർജ്ജ് മിച്ചൽ മധ്യസ്ഥനായി. ‌അവിടം ഇന്ന് അമേരിക്കയുടെ സ്വാധീനമേഖലയാണ്.

സുഡാൻ സമാധാന കരാർ (2005)

ആഫ്രിക്കയിലെ ഏറ്റവും ദൈർഘ്യമേറിയ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവൽ സുപ്രധാന പങ്ക് വഹിച്ചു. ഇത് ദക്ഷിണ സുഡാൻറെ പിറവിയിലേക്ക് നയിച്ചു. പക്ഷേ ഗോത്രങ്ങൾക്കും രാജ്യങ്ങൾക്കുമിടയിലുള്ള സംഘർഷം മൂലം ആ പ്രദേശത്ത് പട്ടിണിയും ദുരിതവും നടമാടുന്നു.

ഇന്ത്യ പാക് സംഘർഷം

ഇന്ത്യ പാക് സംഘർത്തിലിടപെടാൻ അവസരം പാർത്തിരിക്കുകയാണ് എല്ലാക്കാലത്തും അമേരിക്ക. പലവട്ടം ഇടപെടൽ നടത്തിയെങ്കിലും മധ്യസ്ഥ ശ്രമങ്ങളെ നിരാകരിച്ച ഇന്ത്യയുടെ നിലപാട് അമേരിക്കൻ മോഹങ്ങളുടെ മുനയൊടിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രം നോക്കിയാൽ മൂന്നുഘട്ടങ്ങളിൽ ഇന്ത്യ പാക് സംഘർഷങ്ങളിൽ ഇടപെടാൻ  അമേരിക്കൻ ശ്രമമുണ്ടായി

1948-1963 കാലഘട്ടത്തിൽ അമേരിക്കൻ പ്രസിഡൻറുമാരായ ഐസൻ ഹോവറും,  ജോൺ എഫ്.കെന്നഡിയും ഇന്ത്യ പാകിസ്ഥാൻ അതിർത്തി വിഷയങ്ങളിൽ നിരന്തരമായി ഇടപെടാൻ ശ്രമിച്ചിരുന്നു. ഒത്തുതീർപ്പിന് മധ്യസ്ഥത എന്നരീതിയിലായിരുന്നു  ഇരുവരുടെയും ശ്രമം. 1964 മുതൽ 1989 വരെ പ്രസിഡൻറുമാരായ ലിൻഡൻ ബി. ജോൺസൺ, റിച്ചാർഡ് നിക്സൺ, ജെറാൾഡ്  ഫോർഡ്, ജിമ്മി കാർട്ടർ, റൊണാൾഡ്  റീഗൻ എന്നിവരും ആവുംവിധം വിഷയത്തിൽ ഇടപെടാൻ പരിശ്രമിച്ചു. ഇന്ത്യയുമായി വ്യാപാരബന്ധം നിലനിർത്തുമ്പോൾ തന്നെ പാകിസ്ഥാനെ സൈനിക പങ്കാളിയായി കണ്ടായിരുന്നു അമേരിക്കയുടെ ഇടപെടൽ. 1990 മുതലിങ്ങോട്ടും  ഇന്ത്യ–പാക് വിഷയങ്ങളിൽ ഇടപെടാൻ അമേരിക്ക ബോധപൂർവമായ ശ്രമം നടത്തിയിട്ടുണ്ട് .

'കശ്മീർ തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ ഞാൻ ദക്ഷിണേഷ്യയിലേക്ക് വന്നിട്ടില്ല. പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ, സാധ്യമാകുന്ന സഹായം ചെയ്യാനുള്ള അവസരം നിങ്ങൾ തന്നെ നൽകൂ' എന്നാണ് 2000 മാർച്ചിൽ ഇന്ത്യൻ പാർലമെൻറിൽ നടത്തിയ പ്രസംഗത്തിൽ യു.എസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ പറഞ്ഞത്. 2008-ലെ തൻറെ ആദ്യ പ്രചാരണ വേളയിൽ കശ്മീർ പ്രശ്‌നവുമായി ബന്ധപ്പെട്ട് പ്രസിഡൻറ് ബരാക്ക്  ഒബാമ ചില പ്രസ്താവനകൾ നടത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. പക്ഷേ ഇതുവരെയുള്ള അമേരിക്കൻ പ്രസിഡൻറുമാരേക്കാളേറെ മേഖലയിൽ ഇടപെടാൻ ഡോണൾഡ്  ട്രംപിന് ആവേശം കൂടുതലുണ്ട്. പഹൽഗാം ഭീകരാക്രമണവും 'ഓപ്പറേഷൻ സിന്ദൂറും' നന്നായി മുതലെടുക്കാൻ ട്രംപ് ശ്രമിച്ചു. ഇന്ത്യ-പാക് സംഘർഷം ഒഴിവാക്കി വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത് തൻറെ ശ്രമഫലമായാണെന്ന് പറഞ്ഞ് ക്രെഡിറ്റ് എടുക്കാനും ട്രംപ് ശ്രമിച്ചു. ഇന്ത്യ പക്ഷേ അത് പാടേ നിഷേധിച്ചു.

Untitled design - 1

ഗാസയും യുക്രെയ്നും

ഗാസയിലെ കൂട്ടക്കൊലയ്ക്ക് പ്രോത്സാഹനം നൽകിയശേഷം ഇസ്രയേൽ-ഹമാസ്   പോരാട്ടം അവസാനിപ്പിച്ചതിൻറെ ക്രെഡിറ്റെടുക്കുകയാണ് ട്രംപും അമേരിക്കയും. ഔദ്യോഗികമായി വെടിനിർത്തൽ പ്രഖ്യാപിച്ച്  സ്വയം അഭിനന്ദിച്ച ട്രംപ് വീണ്ടും ഹമാസിനെ ഭീഷണിപ്പെടുത്തുകയാണ്. യുക്രെയ്നെ സൈനികമായി പിന്തുണച്ച്   റഷ്യയുമായുള്ള യുദ്ധം തീർക്കാൻ  ട്രംപ് നടത്തിയ ശ്രമം പക്ഷേ പുട്ടിനിൽ തട്ടി നിൽക്കുകയാണ്. അമേരിക്കയുടെ നയത്തിൽ  യുദ്ധത്തിനും സമാധാനത്തിനുമിടയിലുള്ള അതിർവരമ്പ് വളരെ നേർത്തതാണ് ചുരുക്കം.

സമാധാനവും യുദ്ധവും ഒരേ നയത്തിൻറെ ഭാഗമായി കൊണ്ടുനടക്കുന്ന അമേരിക്കയിലെ ഒരു  പ്രക്ഷോഭത്തെക്കുറിച്ചുകൂടി പറയാതിരിക്കാനാവില്ല. '50501' എന്നൊരു സംഘടന അമേരിക്കയിലുണ്ട്. "50 പ്രതിഷേധങ്ങൾ, 50 സംസ്ഥാനങ്ങൾ, 1 പ്രസ്ഥാനം" എന്നതിൻറെ ചുരുക്കപ്പേരാണ് ‘50501’. രാജ്യവ്യാപകപ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയാണ് സംഘടന. രണ്ടാം  ട്രംപ് ഭരണകൂടത്തിൻറെ നടപടികളിൽ പ്രതിഷേധിക്കാനാണ് ‘50501’ സ്ഥാപിതമായത്. ട്രംപിൻറെ നാടകങ്ങളുടെ ചുരുളഴിക്കുകയാണ് ലക്ഷ്യം. ട്രംപിൻറെ മണ്ണിൽ നടക്കുന്ന ഈ പ്രക്ഷോഭത്തിൻറെ പൊരുൾ മറ്റുരാജ്യങ്ങൾ എന്ന് തിരിച്ചറിയുമെന്നാണ് കാണേണ്ടത്. 

ENGLISH SUMMARY:

US foreign policy is characterized by both war and peace. The country's involvement in global conflicts and peace initiatives reflects a complex and often contradictory approach to international relations.