Displaced Palestinians flee northern Gaza carrying their belongings along the coastal road near Wadi Gaza (AP Photo/Abdel Kareem Hana)
ശേഷിക്കുന്ന എല്ലാ പലസ്തീനികളും ഉടൻ ഗാസ നഗരം വിട്ടുപോകണമെന്നും അല്ലെങ്കിൽ ഇസ്രയേലിന്റെ പൂര്‍ണ്ണതോതിലുള്ള ആക്രമണം നേരിടേണ്ടിവരുമെന്നുമുള്ള അന്ത്യശാസനവുമായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി. സൈന്യം ആക്രമണങ്ങള്‍ ശക്തമാക്കുന്നതിന് മുമ്പ് തെക്കോട്ട് നീങ്ങാനുള്ള ഗാസയിലുള്ളവരുടെ അവസാന അവസരം എന്നാണ് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നത്. ഗാസയിൽ തുടരുന്നവരെ ഭീകരവാദികളായും ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരായും കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെഡിറ്ററേനിയൻ കടലിലേക്ക് നീണ്ടുകിടക്കുന്ന തന്ത്രപ്രധാനമായ ഇടനാഴിയായ നെറ്റ്സാരിം ഇടനാഴി പിടിച്ചെടുക്കുകയും ഗാസയെ വടക്കും തെക്കുമായി വിഭജിച്ചതായും ഇസ്രയേൽ കാറ്റ്സ് നേരത്തെ എക്സില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. തെക്കോട്ട് പോകുന്ന ഏതൊരാളും ഇസ്രയേൽ സൈന്യത്തിന്റെ പരിശോധനാ ചെക്ക്പോസ്റ്റുകൾ വഴി മാത്രമേ കടന്നുപോകാവൂ എന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹമാസ് നിരായുധീകരിക്കപ്പെടുകയും എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും യുദ്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നതുവരെ സൈന്യം അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും കാറ്റ്സ് കുറിച്ചു.
ഗാസയിലെ ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന നിർദേശങ്ങള്‍ പരിഗണിക്കുന്നതിനിടെയാണ് ഇസ്രയേലിന്‍റെ അന്ത്യശാസനം. ട്രംപുമായി തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പദ്ധതിക്കു പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഹമാസ് ഈ വ്യവസ്ഥകൾ അംഗീകരിക്കുമോ എന്നു വ്യക്തമല്ല. പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുകയും ചെയ്യുന്നതിന് പകരമായി എല്ലാ ഇസ്രലേയല്‍ ബന്ദികളെ മോചിപ്പിക്കാനും ഗാസ ഉപേക്ഷിക്കാനും, നിരായുധീകരിക്കാനും 20 ഇന പരിപാടിയില്‍ ഹമാസിനോട് ആവശ്യപ്പെടുന്നുമുണ്ട്.
രാജ്യാന്തര തലത്തിൽ ഈ നിര്‍ദേശങ്ങള്‍ക്ക് വ്യാപകമായ പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിലും മധ്യസ്ഥരായ ചില രാജ്യങ്ങളില്‍ നിന്ന് എതിർപ്പ് ഉയർന്നിട്ടുണ്ട്. ട്രംപിന്‍റെ നിര്‍ദേശങ്ങളില്‍ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദലട്ടി പറഞ്ഞത്. ഖത്തറും ആശങ്കകൾ രേഖപ്പെടുത്തുന്നുണ്ട്. അതേസമയം, ചില വ്യവസ്ഥകൾ സ്വീകാര്യമല്ല അവയിൽ ഭേദഗതികൾ ആവശ്യമാണെന്നാണ് ഹമാസ് പറഞ്ഞതായി അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 48 ഇസ്രയേല്‍ ബന്ദികൾ ഗാസയിൽ തുടരുന്നതായാണ് ഇസ്രയേൽ വിശ്വസിക്കുന്നുത്. മറ്റുള്ളവരെ നേരത്തെയുള്ള വെടിനിർത്തൽ കരാറുകളുടെ സമയത്ത് മോചിപ്പിച്ചിരുന്നു.
ഇസ്രയേലിന്‍റെ അന്ത്യശാസനം നിലനില്‍ക്കുമ്പോളും ലക്ഷക്കണക്കിന് സാധാരണക്കാർ ഗാസ നഗരത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരിലും പലരും ദുർബലരും പലായനം ചെയ്യാൻ കഴിയാത്ത അവസ്ഥയിലുള്ളവരുമാണ്. കഴിഞ്ഞ വർഷം ഇസ്രയേൽ ആക്രമണം ആരംഭിച്ചതിനുശേഷം 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെടുകയും 170,000-ത്തോളം പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മരിച്ചവരിൽ പകുതിയോളം പേരും സ്ത്രീകളും കുട്ടികളുമാണ്.