അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ മിസോറാമിലും മണിപ്പൂരില്‍ നിന്നും ശേഷിക്കുന്ന 5,800 'ബനേയ് മെനാഷെ' ജൂതന്മാരെ തിരികെ കൊണ്ടുപോകാന്‍ ഇസ്രയേല്‍. ലെബനനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ഗലീലിലും നോഫ് ഹഗാലിലും ഇവരെ പാര്‍പ്പിക്കാനാണ് ഇസ്രയേല്‍ പദ്ധതിയിടുന്നത്.
വികസനം എത്താത്തതും ജനസാന്ദ്രത കുറഞ്ഞതുമായ ഈ മേഖലയില്‍ ജൂതന്മാരെ പുനരധിവസിപ്പിക്കുകയാണ് ഇതിലൂടെ ഇസ്രയേല്‍ ലക്ഷ്യമിടുന്നത്. ഹിസ്ബുല്ലയുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ ഇസ്രയേലികള്‍ ഈ മേഖലയില്‍ നിന്നും പലായനം ചെയ്തിട്ടുണ്ട്. 2026 ന്‍റെ അവസാനത്തോടെ 1200 ബനെയ് മെനാഷെ ജൂതന്മാരെ ഇസ്രയേലിലേക്ക് മാറ്റും. 20230 ഓടെയാണ് രണ്ടാം ഘട്ടം തുടരുകയെന്നാണ് വിവരം.
ഇസ്രയേലിന്‍റെ വടക്കന്‍ പ്രദേശമായ ഗലീലിയെ ജൂതവല്‍ക്കരിക്കുന്നതിനൊപ്പം ഗണ്യമായ അറബ് ജനസംഖ്യയുള്ള ഗലീലിയുടെ സുരക്ഷ ശക്തിപ്പെടുത്തുകയും ഹിസ്ബുല്ല ആക്രമണം കാരണം താമസക്കാര്‍ ഒഴിഞ്ഞു പോകുന്ന മേഖലയ്ക്ക് ശക്തിനല്‍കുകയും കൂടി ഈ നീക്കത്തിന് പിന്നിലുണ്ട്.
ഇന്ത്യയില്‍ നിന്നും ജൂതന്മാരെ എത്തിക്കാനും തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്കും 27 ദശലക്ഷം ഡോളറാണ് ഇസ്രയേല്‍ കണക്കാക്കുന്ന ചെലവ്. വിമാന യാത്ര, പരിവർത്തന ക്ലാസുകൾ, പാർപ്പിടം, ഹീബ്രു പാഠങ്ങൾ, മറ്റ് പ്രത്യേക ആനുകൂല്യങ്ങൾ എന്നിവയ്ക്ക് വരുന്ന ചെലവാണിത്. ഇസ്രയേലിലെ നഷ്ടപ്പെട്ട 10 ഗോത്രങ്ങളിലൊന്നാണ് തങ്ങളുടെ വംശമെന്നാണ് ബനേയ് മെനാഷെ വിഭാഗക്കാര്‍ അവകാശപ്പെടുന്നത്. ബിസി 722 ല്‍ ഇസ്രയേലില്‍ പരാജയപ്പെട്ടതിന് പിന്നാെലയാണ് ഇവര്‍ ഇസ്രയേലില്‍ നിന്നും നാടുകടത്തപ്പെട്ടത്.
1950 തില്‍ പാസാക്കിയ തിരിച്ചുവരവ് നിയമപ്രകാരം ഇസ്രയേലി പൗരന്മാരല്ലാത്ത എല്ലാ ജൂതന്മാര്‍ക്കും ജൂതമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്കും ഇസ്രയേലില്‍ സ്ഥിരതാമസമാക്കാനും പൗരത്വം നേടാനും സാധിക്കും.