President Donald Trump speaks during the American Cornerstone Institute's Founder's Dinner at George Washington's Mount Vernon estate in Mount Vernon, Va., Saturday, Sept. 20, 2025. (AP Photo/Jose Luis Magana)

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 100 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഒക്ടോബര്‍ ഒന്ന് മുതലാണ് തീരുവ പ്രാബല്യത്തില്‍ വരിക. ബ്രാന്‍ഡഡ്, പേറ്റന്‍റഡ് മരുന്നുകള്‍ക്കാണ് തീരുവ ഏര്‍പ്പെടുത്തിയത്. യുഎസിലേക്ക് വന്‍തോതില്‍ മരുന്നുകള്‍ കയറ്റി അയയ്ക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയെയാകും ഈ നീക്കം ഏറ്റവുമധികം ബാധിക്കുക.  അമേരിക്കയില്‍ ഉല്‍പാദന യൂണിറ്റ് സ്ഥാപിക്കാത്ത കമ്പനികള്‍ക്കാണ് തീരുവയെന്നും ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പില്‍ ട്രംപ് വിശദീകരിക്കുന്നു. അതേസമയം, അമേരിക്കയില്‍ ഇതിനകം ഉല്‍പാദന പ്ലാന്‍റ് നിര്‍മാണം ആരംഭിച്ച കമ്പനികള്‍ക്ക് തീരുവ ബാധകമല്ലെന്നും കുറിപ്പ് വ്യക്തമാക്കുന്നു. 

അടുത്തയിടെയാണ് ഇറക്കുമതി ചെയ്ത അടുക്കള സാമഗ്രികള്‍ക്കും ശുചിമുറിയിലേക്കുള്ള സാമഗ്രികള്‍ക്കും 50 ശതമാനം തീരുവ ട്രംപ് ഏര്‍പ്പെടുത്തിയത്. അപ്ഹോള്‍സ്റ്ററി ചെയ്ത ഫര്‍ണിച്ചറുകള്‍ക്ക് 30 ശതമാനവും  ഹെവി ട്രക്കുകള്‍ക്ക് 25 ശതമാനവും തീരുവ ചുമത്തിയിട്ടുണ്ട്. ഇറക്കുമതിത്തീരുവകളിലൂടെ സര്‍ക്കാരിന്‍റെ ബജറ്റ് കമ്മി കുറയ്ക്കുകയും ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യമെന്നും ട്രംപ് പറയുന്നു. 

ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ?

ഇന്ത്യയുടെ ഏറ്റവും വലിയ മരുന്ന് വിപണിയാണ് അമേരിക്ക. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ 27.9 ബില്യണ്‍ ഡോളറിന്‍റെ മരുന്ന് കയറ്റുമതിയില്‍ 31 ശതമാനവും യുഎസിലേക്കായിരുന്നു. യുഎസിലുപയോഗിക്കുന്ന 45  ശതമാനം ജനറിക് മരുന്നുകളും 15 ശതമാനം ബയോസിമിലര്‍ മരുന്നുകളും ഇന്ത്യയില്‍ നിന്നാണ് എത്തുന്നത്. ഡോ. റെഡ്ഡിസ്, അരബിന്ദോ ഫാര്‍മ, സൈഡസ് ലൈഫ് സയന്‍സസ്, സണ്‍ ഫാര്‍, ഗ്ലാന്‍ഡ് ഫാര്‍മ എന്നീ മരുന്ന് കമ്പനികളുടെ വരുമാനത്തിന്‍റെ 30 മുതല്‍ 50 ശതമാനവും അമേരിക്കന്‍ വിപണിയില്‍ നിന്നാണ് ലഭിക്കുന്നതും. 

അമേരിക്കയെ ബാധിക്കുമോ?

ട്രംപിന്‍റെ നടപടി ഇന്ത്യയെ എന്നപോലെ യുഎസ് പൗരന്‍മാരെയും ബാധിക്കും. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന താരതമ്യേനെ വിലകുറഞ്ഞതും ഒപ്പം ഗുണമേന്‍മയേറിയതുമായ ജനറിക് മരുന്നുകളെയാണ് അമേരിക്കക്കാര്‍ കൂടുതലായും ആശ്രയിക്കുന്നത്. ട്രംപിന്‍റെ പുതിയ തീരുവയോടെ മരുന്നുകള്‍ക്ക് വില വര്‍ധിക്കും, വിപണിയില്‍ വിലക്കയറ്റമുണ്ടാകുന്നതിനൊപ്പം മരുന്നിന്‍റെ ലഭ്യതയും കുറയും.

ENGLISH SUMMARY:

US drug import tariff is set to increase due to President Trump's new policy. This will significantly impact Indian pharmaceutical exports and potentially raise drug prices in the US.