ഫുട്ബോള്‍ ലോകകപ്പുമായി ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ (ഫയല്‍ ചിത്രം: AFP)

മധ്യപൂര്‍വദേശത്തെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങള്‍ മാറ്റിവയ്ക്കില്ലെന്ന് ഫിഫ. മെക്സിക്കോ, യുഎസ്എ, കാനഡ എന്നിവിടങ്ങളിലായി മുന്‍നിശ്ചയിച്ചത് പോലെ തന്നെ ലോകകപ്പ് നടക്കുമെന്നും മാറ്റമുണ്ടാകില്ലെന്നും ഫിഫ അറിയിച്ചു. യുദ്ധമായതിനാല്‍ ഇറാന്‍ ടീം പങ്കെടുക്കുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. 

ഇറാന്‍ ഫുട്ബോള്‍ ടീം (ഫയല്‍ ചിത്രം: AFP)

ഗ്രൂപ്പ് ജിയിലാണ് ഇറാന്‍ ടീം. നിലവിലെ ഷെഡ്യൂള്‍ പ്രകാരം ഇവരുടെ മല്‍സരങ്ങള്‍ യുഎസിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് മെക്സിക്കോയിലേക്ക് മാറ്റാന്‍ കഴിയുമോയെന്നതില്‍ ഫിഫയുമായി ആശയവിനിമയം നടത്തുകയാണെന്ന് ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ തലവന്‍ മെഹ്ദി താജ് നേരത്തെ സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ ' ലോകകപ്പില്‍ എല്ലാ ടീമുകളും പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും കളിയുടെ അന്തസത്തയും പരസ്പര ബഹുമാനവും നിലനിര്‍ത്തി മുന്നോട്ട് പോകാന്‍ കഴിയുമെന്നു'മായിരുന്നു ഫിഫ  പ്രസിഡന്‍റ് ഗിയാനി ഇന്‍ഫാന്‍റിനോയുടെ പ്രതികരണം. ഫിഫ കൗണ്‍സില്‍ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കവേയാണ് ഇന്‍ഫാന്‍റിനോ ഇക്കാര്യം വ്യക്തമാക്കിയതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഫിഫയ്ക്കൊരു ഷെഡ്യൂളുണ്ട്. 48 ടീമുകളും പങ്കെടുക്കുന്നുവെന്ന് ഉറപ്പിച്ച് കൊണ്ടിരിക്കുകയാണ്. മുന്‍നിശ്ചയിച്ചത് പോലെ എല്ലാം നടക്കണമെന്നാണ് ഫിഫ ആഗ്രഹിക്കുന്നത്'- ഇന്‍ഫാന്‍റിനോ കൂട്ടിച്ചേര്‍ത്തു. 'ജിയോ–പൊളിറ്റിക്കല്‍ സംഘര്‍ഷങ്ങള്‍ ഫിഫയ്ക്ക് പരിഹരിക്കാന്‍ സാധ്യമല്ല. പക്ഷേ ഫുട്ബോളിലൂടെ സമാധാനശ്രമങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ ഫിഫ പ്രതിജ്ഞാബദ്ധമാണ്. യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് ഫിഫ'യെന്നും ഇന്‍ഫാന്‍റിനോ വ്യക്തമാക്കി.

ഇന്‍ഫാന്‍റിനോയും ട്രംപും തമ്മിലുള്ള സൗഹൃദവും യുദ്ധപശ്ചാത്തലത്തില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്. ഇറാന്‍റെ ഫുട്ബോള്‍ ടീമിനെ ട്രംപ് സ്വീകരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നായിരുന്നു ഇന്‍ഫാന്‍റിനോ നേരത്തേ പ്രതികരിച്ചത്. ഇതിന് മറുപടിയായി 'ലോകകപ്പിന് ഇറാന്‍ ദേശീയ ഫുട്ബോള്‍ ടീമിന് സ്വാഗതം' എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. സന്ദേശത്തിലൂടെ ട്രംപ് എന്താണ് ഉദ്ദേശിച്ചതെന്ന് ട്രംപിന് മാത്രമേ അറിയൂവെന്നതാണ് വാസ്തവം. ലോകകപ്പ് വരെ ട്രംപിന് തൊട്ടുനോക്കാന്‍ സമ്മതിച്ച ഇന്‍ഫാന്‍റിനോ ഫിഫയുടെ സമാധാന പുരസ്കാരവും ട്രംപിന് നല്‍കിയിരുന്നു. പകരമായി ലോകകപ്പിന്‍റെ സുഗമമായ നടത്തിപ്പിനുള്ള സഹകരണമാണ് ഇന്‍ഫാന്‍റിനോ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ട്രംപിനെ സംബന്ധിച്ച് സൗഹൃദവും വിശ്വാസവുമെല്ലാം വണ്‍വേയാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ എഴുതുന്നു. സമാധാന പുരസ്കാരം ലഭിച്ചശേഷം സമാധാനം ഇല്ലാതാക്കാനുള്ള നടപടികളാണ് ട്രംപ് ചെയ്തതെന്നാണ് മറ്റൊരു വൈരുദ്ധ്യം.

Soccer Football - FIFA World Cup 2026 - FIFA World Cup 2026 Draw - John F. Kennedy Center for the Performing Arts, Washington, D.C., U.S. - December 5, 2025 U.S. President Donald Trump and FIFA President Gianni Infantino as the Village People perform during the draw Pool via REUTERS/Mandel Ngan TPX IMAGES OF THE DAY

യുഎസിലെത്തി കളിക്കുന്നതില്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്നും കാനഡയോ മെക്സിക്കോയോ ആയാല്‍ സൗകര്യപ്രദമാണെന്നുമായിരുന്നു മെഹ്ദി താജ് ഫിഫയെ അറിയിച്ചത്. 'ലോകകപ്പിനായി ഇറാന്‍ ഒരുങ്ങുകയാണ്. യുഎസിനെ ബഹിഷ്കരിക്കുമെങ്കിലും ലോകകപ്പ് ബഹിഷ്കരിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല' എന്നും അദ്ദേഹം വിഡിയോയില്‍ വ്യക്തമാക്കി. ഇറാന്‍റെ ആദ്യ റൗണ്ട് മല്‍സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കാന്‍ മെക്സിക്കന്‍ പ്രസിഡന്‍റ് ക്ലൗഡിയ ഷെയ്ന്‍ബം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ജൂണ്‍ 11 മുതല്‍ 19 വരെയാണ് ഫിഫ ലോകകപ്പ് നടക്കുക. 48 ടീമുകളെ നാല് ഗ്രൂപ്പുകളിലായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 104 മല്‍സരങ്ങളില്‍ 78 ഉം അമേരിക്കയിലാണ് നടക്കുന്നത്. ശേഷിക്കുന്ന മല്‍സരങ്ങളാണ് കാനഡയിലും മെക്സിക്കോയിലുമായി നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

ENGLISH SUMMARY:

FIFA President Gianni Infantino confirmed that the 2026 World Cup venues in the USA, Mexico, and Canada will remain unchanged despite the Middle East war. Iran, placed in Group G, had requested to move its matches from the US to Mexico. However, FIFA maintains its original schedule, emphasizing football's role in global peace. US President Trump also welcomed the Iranian team via Truth Social.