അസോസിയേഷൻ പ്രസിഡന്‍റിനെ യുഎസ് കോടതി മൊഴി നൽകാനായി വിളിപ്പിച്ചു എന്ന വാർത്ത നിഷേധിച്ച് അര്‍ജന്‍റീന ഫുട്ബോള്‍. യുഎസ് കോടതിയുടെ സമൻസ് ലഭിച്ചത് പേരു വെളിപ്പെടുത്താത്ത ഒരു മൂന്നാം കക്ഷിക്കാണെന്നും AFAയുടെ വിശദീകരണം. മയാമിയിലെ കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍  എഫ്ബിഐ അന്വേഷണം നേരിടുന്നതിനിടെയാണ് പുതിയ വിവാദം .

അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ പ്രസിഡന്‍റ് ക്ലോഡിയോ താപ്പിയയെയും ട്രഷറർ പാബ്ലോ ടൊവിഗിനോയെയും മൊഴി നൽകാനായി യുഎസ് കോടതികൾ വിളിപ്പിച്ചു എന്ന വാർത്ത അസത്യമാണെന്ന് അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ. ഇവരുടെ മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ പിടിച്ചെടുത്തു എന്നതും വ്യാജമാണെന്ന് അസോസിയേഷൻ പറയുന്നു.

അർജന്‍റീന ടീമുമായി ന്യൂയോർക്കിൽനിന്ന് ചാർട്ടേഡ് വിമാനം പുറപ്പെടുന്നതിന് മുൻപ് എഫ്ബിഐ ഏജന്‍റുമാർ താപ്പിയയെ തടഞ്ഞുവയ്ക്കുകയും മൊബൈല്‍ ഫോണും ലാപ്ടോപ്പും ആവശ്യപ്പെടുകയും ചെയ്തതായി അർജന്‍റീനയിലെ തന്നെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, യുഎസ് കോടതിയുടെ സമൻസ് താപ്പിയയ്‌ക്കോ ടൊവിഗിനോയ്‌ക്കോ അല്ല, പേര് വെളിപ്പെടുത്താത്ത ഒരു മൂന്നാം കക്ഷിക്കാണ് ലഭിച്ചതെന്ന് എഎഫ്എ പ്രസ്താവനയിൽ അറിയിച്ചു. ഗ്രാൻഡ് ജൂറിക്കു മുന്നിൽ ഹാജരാകാനും എഎഫ്എ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ട രേഖകളും ആശയവിനിമയ വിവരങ്ങളും കൈമാറാനുമാണ് സമൻസിൽ ഈ വ്യക്തിയോട് ആവശ്യപ്പെട്ടിരുന്നത് എന്നും പ്രസ്താവനയിലുണ്ട്. ആരാണ് ഈ മൂന്നാമനെന്ന് വെളിപ്പെടുത്തിയിട്ടില്ല.  കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്‍റെ ഭാഗമായി ഡിസംബറിൽ നടന്ന റെയ്ഡുകളെത്തുടർന്ന് അർജന്‍റീന ഫുട്ബോൾ അസോസിയേഷന്‍ സൂക്ഷ്മപരിശോധന നേരിടുന്നതിനിടെയാണ്.  അസോസിയേഷനുമായി ബന്ധമുള്ള 30 കോടി ഡോളറിലേറെ മൂല്യമുള്ള വാണിജ്യ കരാറുകളെക്കുറിച്ച് എഫ്ബിഐ അന്വേഷിക്കുകയാണ്.

Argentina Football Association has denied reports that its president was summoned by a US court.: