Image Credit: Reuters
ലോകത്ത് ഇന്നുവരെ നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ വച്ചേറ്റവും കരുത്തുറ്റ യുദ്ധവിമാനങ്ങളിലൊന്ന്.. അതാണ് അമേരിക്കയുടെ എഫ്–35 എ ലൈറ്റ്നിങ് 2. വിലയാവട്ടെ നൂറ് മില്യണ്‍ ഡോളറിലേറെ. വിശ്വാസത്തിന്‍റെയും കൃത്യതയുടെയും ആ കരുത്തിന്‍റെ ചിറകാണ് ഇറാന്‍ അരിഞ്ഞ് നിലത്തിട്ടത്ത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഇറാന്‍റെ ആകാശത്തിലൂടെ വിഹരിക്കുന്നതിനിടെയാണ് എഫ്–35നെ ആക്രമിച്ചതെന്ന് ഇറാന്‍ സൈന്യം പറയുന്നു. തെളിവായി വിഡിയോയും ഇറാന്‍ പുറത്തുവിട്ടു. അത്യാധുനിക സംവിധാനങ്ങളെല്ലാമുള്ള എഫ്–35 എ വിമാനം എങ്ങനെയാണ് ആക്രമിക്കപ്പെട്ടത്? ആറ് ഇന്‍ഫ്രാറെഡ് കാമറകളിലൂടെ 360 ഡിഗ്രിയിലുള്ള വിവരങ്ങള്‍, ശത്രു ഏതുവഴി വന്നാലും അറിയാനും പ്രതിരോധിക്കാനുമുള്ള പലവിധ മാര്‍ഗങ്ങള്‍ എല്ലാം ഭേദിച്ചാണ് ഇറാന്‍റെ ആക്രമണം.
എങ്ങനെയാണിത് സാധ്യമായത്? ഇറാന്‍റെ വ്യോമപ്രതിരോധമാണ് ആ രഹസ്യ ആയുധം. വിമാനങ്ങളെ കണ്ടെത്താനും പിന്തുടരാനും സാധാരണഗതിയില്‍ റഡാറുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇറാന്‍റെ വ്യോമപ്രതിരോധം പാസീവ്(നിഷ്ക്രിയ) ഇന്‍ഫ്രാറെഡ് സെന്‍സറുകളാണ് ഉപയോഗിച്ചത്. ഹൂതികള്‍ യെമനില്‍ പയറ്റിത്തെളിഞ്ഞ അതേ തന്ത്രം.
പാസീവ് സംവിധാനങ്ങള്‍ അപകടകാരികളാകുന്നത് എങ്ങനെ?
സ്വന്തമായി ഒരു റേഡിയോ തരംഗങ്ങളും പാസീവ് സെന്‍സറുകള്‍ പുറപ്പെടുവിക്കുന്നില്ല. വിമാനത്തിലെ റഡാര്‍ വാണിങ് റിസീവറിലേക്കാണ് സാധാരണയായി പുറത്ത് നിന്നുള്ള റഡാര്‍ സിഗ്നലുകള്‍ എത്തുക. പാസീവ് ഇന്‍ഫ്രാറെഡ് ട്രാക്കറാവട്ടെ ആക്രമണം നടക്കുന്ന നിമിഷം വരെ ഒരു തരംഗങ്ങളും പുറത്തുവിടുകയില്ല. അതുകൊണ്ട് തന്നെ ഒരു മുന്നറിയിപ്പും വിമാനങ്ങള്‍ക്ക് ലഭിക്കുകയില്ലെന്ന് സാരം. ഇതോടെ ഭൂമിയില്‍ നിന്ന് തൊടുക്കുന്ന മിസൈലുകള്‍ക്ക് എളുപ്പത്തില്‍ യുദ്ധവിമാനങ്ങളെ ആക്രമിക്കാനും കഴിയും. ഇത് ആദ്യം തിരിച്ചറിഞ്ഞതും ഫലപ്രദമായി ഉപയോഗിച്ചതും യെമനിലെ ഹൂതി വിമതരായിരുന്നു.
ആഘാതം വലുത് : അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ആയുധശേഖരത്തിലെ കരുത്തനാണ് എഫ് –35 യുദ്ധവിമാനം. എഫ്–35 A, B,C എന്നിങ്ങനെ മൂന്ന് വകഭേദങ്ങളാണ് ഉള്ളത്. 19ലേറെ രാജ്യങ്ങളാണ് എഫ്–35 വിമാനങ്ങള്‍ വാങ്ങി വച്ചിരിക്കുന്നതും. ലോകത്ത് ഏറ്റവുമധികം പ്രചാരത്തിലുള്ള അഞ്ചാം തലമുറ യുദ്ധവിമാനം കൂടിയാണിത്. ആയുധങ്ങളൊന്നുമില്ലെങ്കില്‍ 13,290 കിലോ ഭാരം. പോര്‍മുന കൂടി വച്ചാല്‍ 8160 കിലോ ഭാരം വരെ വഹിക്കും. സ്റ്റെല്‍ത്താണ് പ്രധാന ശക്തി. ഏത് റഡാറിനെയും വെട്ടിച്ച് പറക്കാനുള്ള കഴിവ്, ഏത് വ്യോമപ്രതിരോധത്തെയും ഭേദിക്കുമെന്ന അവകാശവാദം ഇതെല്ലാമാണ് ഇറാന്‍റെ മിസൈല്‍ തകര്‍ത്തത്.
ഹൂതി വ്യോമപ്രതിരോധ സംവിധാനത്തിന് സമാനമാണ് കിഴക്കന്‍ ഇറാനിലേതെന്ന് മനസിലാക്കിയതോടെ യുഎസ് യുദ്ധവിമാനങ്ങള്‍ ഈ ഭാഗം ഒഴിവാക്കി പറക്കുകയാണെന്നാണ് യുഎസ് ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ പറയുന്നത്. ഇറാന്‍റെ റോഡ് മൊബൈല്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ കണ്ടെത്തുക ദുഷ്കരമാണെന്നും യുഎസ് സൈന്യം സമ്മതിക്കുന്നു. ഇറാന്‍റെ പടിഞ്ഞാറന്‍ വ്യോമമേഖലയാണ് ആക്രമണങ്ങള്‍ നടത്താന്‍ സുരക്ഷിതമെന്നും യുഎസ്–ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നുമുണ്ട്. മറ്റ് യുദ്ധവിമാനങ്ങള്‍ വീണത് പോലെ നിസാരമായി തള്ളിക്കളയാന്‍ കഴിയുന്നതല്ല എഫ്–35 അടിയന്തരമായി നിലത്തിറക്കേണ്ടി വന്നതെന്നും ഉന്നതതല അന്വേഷണം പുരോഗമിക്കുന്നുവെന്നുമാണ് യുഎസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.