പശ്ചിമേഷ്യൻ യുദ്ധമുഖത്ത് അമേരിക്കയുടെ പങ്കിനെതിരെ കടുത്ത വിമർശനവുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽബുസൈദി. ഇറാനെതിരെ പ്രമേയം പാസാക്കിയ അറബ് മുസ്ലീം രാജ്യങ്ങളുടെ യോഗത്തിൽ നിന്ന് വിട്ടുനിന്നതിന് പിന്നാലെയാണ് വിമർശനം. മേഖലയിലാകെ ആണവായുധ നിർവ്യാപനമാണ് പരിഹാരമെന്ന മന്ത്രിയുടെ വാക്കുകൾ ഫലത്തിൽ ഇസ്രയേലിനെ കൂടി സമ്മര്‍ദത്തിലാക്കുന്നതാണ്.

സൗദി തലസ്ഥാനമായ റിയാദിൽ ഇന്നലെ ചേർന്ന പ്രത്യേക യോഗത്തിൽ യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, എന്നീ ഗള്‍ഫ് രാജ്യങ്ങളും സിറിയ, തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, ജോര്‍ദാന്‍, ലെബനന്‍, പാകിസ്ഥാന്‍, എന്നീ അറബ് ഇസ്‌ളാമിക് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും പങ്കെടുത്തിരുന്നു. യുഎസ്-ഇറാൻ ആണവ ചർച്ചകൾക്ക് മധ്യസ്ഥം വഹിച്ച ഒമാന്റെ അസാന്നിധ്യം ചർച്ചയായ സഹചര്യത്തിലാണ് ഒമാൻ വിദേശകാര്യ മന്ത്രിയുടെ ലേഖനം. സ്വന്തം വിദേശകാര്യ നയത്തിൽ അമേരിക്കയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു എന്ന സത്യം സുഹൃത്ത് രാജ്യങ്ങൾ യുഎസ്സിനോട് പറയണമെന്ന് ജിസിസിയിലെ സഹരാജ്യങ്ങളെ ഉന്നമിട്ട് വിദേശകാര്യമന്ത്രി പറഞ്ഞു. അമേരിക്ക ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത് തങ്ങളുടേതല്ലാത്ത ഒരു യുദ്ധത്തിലാണെന്നും ഇതിന്റെ നിയന്ത്രണം വൈറ്റ് ഹൗസിന് നഷ്ടമായന്നും സയ്യിദ് ബദർ ബിൻ അൽബുസൈദി പറഞ്ഞു. ആഘാതം കണക്ക് കൂട്ടുന്നതിൽ യുദ്ധം തുടങ്ങിയവർക്ക് പിഴവുണ്ടായി.

ഈ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാൻ സ്വയം അനുവദിച്ചു എന്നതാണ് അമേരിക്കൻ ഭരണകൂടം വരുത്തിയ ഏറ്റവും വലിയ വിഡ്ഢിത്തമെനും വിദേശകാര്യ മന്ത്രി പറയുന്നു. ഈ യുദ്ധത്തിലൂടെ ഇസ്രായേലോ അമേരിക്കയോ ലക്ഷ്യമിടുന്ന കാര്യങ്ങൾ ഒരിക്കലും നടപ്പിലാകാൻ പോകുന്നില്ല. ഇസ്രായേൽ നേതൃത്വം അമേരിക്കയെ തെറ്റിദ്ധരിപ്പിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി.

മേഖലയിലെ സമ്പൂർണ ആണവ ആയുധ നിർവ്യാപനം, ഊർജ വിതരണം, നിക്ഷേപ അവസരങ്ങൾ എന്നിവയിൽ അമേരിക്ക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സയ്യിദ് ബദർ ബിൻ അൽബുസൈദി പറഞ്ഞു. മേഖലയിൽ സമ്പൂർണ ആണവ നിർവ്യാപനം എന്ന നിർദ്ദേശത്തിലൂടെ ഇസ്രായേലും ആണവായുധം കൈവശം വയ്ക്കരുതെന്ന നിലപാട് ഒമാൻ ആവർത്തിക്കുകയാണ്.

ഇറാനും അമേരിക്കയും ഒരു നിർണ്ണായക കരാറിലെത്താൻ തൊട്ടടുത്തെത്തിയ സമയത്തായിരുന്നു ഇറാനിലെ ഇസ്രായേൽ ആക്രമണം. ഏറ്റവും പ്രധാനപ്പെട്ട ചർച്ചകൾ നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാന് മേൽ ബോംബിട്ടത്. ഇത് തന്നെ ഞെട്ടിച്ചുവെങ്കിലും ഇസ്രായേലിന്റെ മുൻകാല നിലപാടുകൾ വെച്ച് നോക്കുമ്പോൾ അത്ഭുതപ്പെടുത്തിയില്ലെനും മന്ത്രി വ്യക്തമാക്കി.

ENGLISH SUMMARY:

Oman's Foreign Minister has strongly criticized America's role in the West Asian conflict, particularly after its absence from a meeting that passed a resolution against Iran. His call for complete nuclear disarmament in the region effectively puts pressure on Israel, as he stated that the US has lost control of its foreign policy and is involved in a war it shouldn't be.