President Donald Trump speaks as Commerce Secretary Howard Lutnick listens alongside a poster of the Trump Gold Card in the Oval Office of the White House, Friday, Sept. 19, 2025, in Washington. (AP Photo/Alex Brandon)
ഉയര്‍ന്ന വിദ്യാഭ്യാസവും വൈദഗ്ധ്യവും ആവശ്യമുള്ള തൊഴില്‍ മേഖലകളിലേക്ക് വിദേശത്ത് നിന്നുള്ള പ്രഫഷനലുകളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്ന പദ്ധതിയാണ് H-1B വീസ പദ്ധതി. 1990 മുതലാണ് പദ്ധതി ആരംഭിച്ചത്. ഇനിമുതല്‍ വിദേശികളായ ജീവനക്കാരെ യുഎസിലേക്ക് എച്ച് 1 ബി വീസയില്‍ കൊണ്ടുവരണമെങ്കില്‍ കമ്പനികള്‍ സര്‍ക്കാരിലേക്ക് ഒരു ലക്ഷം യുഎസ് ഡോളര്‍ (88 ലക്ഷത്തിലേറെ രൂപ) അടയ്ക്കണമെന്നാണ് ട്രംപ് സര്‍ക്കാരിന്‍റെ ഉത്തരവ്. കഴിവുള്ള അമേരിക്കക്കാരെ കണ്ടെത്തി അവര്‍ക്ക് തൊഴിലവസരം ഉറപ്പ് നല്‍കുകയും വിദേശികളും അത്ര നൈപുണ്യമില്ലാത്തവരുമായവരെ അമേരിക്കയില്‍ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയയ്ക്കുകയുമാണ് പരിഷ്കാരത്തിന്‍റെ ലക്ഷ്യമെന്ന് യുഎസ് കോമേഴ്സ് സെക്രട്ടറിയും മാധ്യമങ്ങളോട് വ്യക്തമാക്കി. H-1B വീസക്കാരില്‍ 70 ശതമാനവും ഇന്ത്യക്കാരായതിനാല്‍ തന്നെ പുതിയ വിജ്ഞാപനത്തെ ആശങ്കയോടെയാണ് യുഎസിലുള്ള ഇന്ത്യന്‍ സമൂഹം കാണുന്നത്.
എന്താണ് വിജ്ഞാപനം?
H-1B വീസയ്ക്ക് അപേക്ഷിക്കുന്നവര്‍ ഒരു ലക്ഷം യുഎസ് ഡോളര്‍ ഫീസായി നല്‍കണമെന്നതാണ് വിജ്ഞാപനത്തിലെ പ്രധാന വ്യവസ്ഥ. ഇത് പുതിയ അപേക്ഷകള്‍ക്കും നിലവിലുള്ള വീസക്കാരില്‍ രാജ്യത്തിന് പുറത്തു പോയ ശേഷം വീണ്ടും യുഎസിലേക്ക് എത്താന്‍ ശ്രമിക്കുന്നവര്‍ക്കും ബാധകമാണ്. ഇതുവരെ ഏകദേശം 1500 യുഎസ് ഡോളര്‍ മാത്രമാണ് H-1B വീസക്കാര്‍ വിവിധ നടപടി ക്രമങ്ങള്‍ക്കുള്ള ഫീസായി നല്‍കി വന്നിരുന്നത്.
ഫീസടച്ചതിന്‍റെ തെളിവ് തൊഴിലുടമ കൈവശം സൂക്ഷിക്കേണ്ടതുണ്ട്. വീസ നടപടിക്രമത്തിന്‍റെ സമയത്താണോ പണമിടപാട് നടത്തിയതെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഉറപ്പുവരുത്തും. ഈ പരിശോധനയില്‍ പേയ്മെന്‍റ് നടത്തിയതായി കാണുന്നില്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെടും.
യുഎസിന് പുറത്ത് നിന്നാണ് H-1B വീസയ്ക്കായി അപേക്ഷിക്കുന്നതെങ്കിലും ഫീസ് നല്‍കേണ്ടി വരും. നിശ്ചിത തുക ഫീസായി അടച്ചതിന്‍റെ രേഖകള്‍ ഇല്ലെങ്കിലും അപേക്ഷ നിരസിക്കപ്പെടും. അതേസമയം, ദേശീയ താല്‍പര്യം കണക്കിലെടുത്തുള്ള തൊഴില്‍ അപേക്ഷകളില്‍ ഇളവ് ലഭിക്കും.
അപേക്ഷ ഫീസ് ബാധിക്കുന്നത് ആരെ?
സമീപ വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ അംഗീകരിക്കപ്പെട്ട H-1B വീസകളില്‍ 71 ശതമാനവും ഇന്ത്യക്കാരുടേതാണ്. ചൈനയാണ് തൊട്ടുപിന്നില്‍. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐടി കമ്പനികളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രഫഷനലുകളും ബിരുദാനന്തര ബിരുദത്തിനും പിഎച്ച്ഡിക്കുമായി യുഎസ് സര്‍വകലാശാലകളില്‍ എത്തുകയും പിന്നീട് താമസത്തിനും ജോലിക്കുമായി H-1B വീസയ്ക്ക് അപേക്ഷിച്ചിരുന്നവരുമായിരുന്നു പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍.
സയന്‍സ്,ടെക്നോളജി, എന്‍ജിനീയറിങ് , മാത്സ് എന്നീ രംഗങ്ങളിലാണ് യുഎസിലുള്ള ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ജോലി ചെയ്യുന്നത്. H-1B വീസക്കാരില്‍ 65 ശതമാനം പേരും കംപ്യൂട്ടറുമായി ബന്ധപ്പെട്ട ജോലികളാണ് ചെയ്യുന്നതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരുടെ ഏകദേശ വരുമാനം വര്‍ഷം ഒരു ലക്ഷത്തിപ്പതിനെട്ടായിരം ഡോളറാണെന്നാണ് അനുമാനം. അതുകൊണ്ട് തന്നെ പുതിയ ഒരു ലക്ഷം ഡോളര്‍ ഫീസ് തുടക്കക്കാര്‍ക്കും ശരാശരി വരുമാനക്കാര്‍ക്കും താങ്ങാന്‍ കഴിയില്ല.
വമ്പന്‍ ഫീസ് കൊണ്ടുവരാന്‍ കാരണമെന്ത്?
H-1B പദ്ധതി വിദേശികള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുകയും അമേരിക്കക്കാരുടെ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുകയാണെന്നും ആരോപിച്ചാണ് ട്രംപ് സര്‍ക്കാര്‍ പരിഷ്കാരം കൊണ്ടുവന്നിരിക്കുന്നത്. ടെക് മേഖലയിലെ ജോലികളില്‍ യുഎസ് പൗരന്‍മാരെ തന്നെ നിയമിക്കണമെന്നും പല കമ്പനികള്‍ക്കും നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന ഫീസ് പരിധി ഏര്‍പ്പെടുത്തുന്നതോടെ അനാവശ്യമായുള്ള അപേക്ഷകളുടെ എണ്ണം കുറയുമെന്നും വിദേശത്ത് നിന്നുള്ളവരെ ജോലിക്കെടുക്കാന്‍ കമ്പനികള്‍ വിമുഖത കാട്ടുമെന്നും ഇത് അമേരിക്കക്കാരുടെ തൊഴിലവസരം വര്‍ധിപ്പിക്കുമെന്നുമാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. അതേസമയം, ഈ തീരുമാനം യുഎസ് സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള പ്രഫഷനലുകളുടെ സേവനമാണ് പ്രധാന കമ്പനികളെല്ലാം പ്രയോജനപ്പെടുത്തിയിരുന്നതെന്നതിനാല്‍ തന്നെ പുതിയ നീക്കം തിരിച്ചടിയാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
H-1B വീസക്കാര്‍ക്ക് എന്ത് സംഭവിക്കും?
പ്രതിവര്‍ഷം 85,000 വീസകളാണ് നറുക്കെടുപ്പിലൂടെ മാത്രം അനുവദിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നിലവിലുള്ളതും ഭാവിയില്‍ H-1B വീസയ്ക്ക് അപേക്ഷിക്കുന്നവരും കടുത്ത സാമ്പത്തിക പ്രയാസം നേരിടേണ്ടി വരും. തൊഴിലുടമ ഫീസ് അടയ്ക്കേണ്ടെന്ന് തീരുമാനിച്ചാല്‍ ജോലി നഷ്ടമായി തിരികെ നാട്ടിലേക്ക് പോരേണ്ടി വരും. ഇന്ത്യന്‍ വിദ്യാര്‍ഥികളെയും അടുത്തിടെ പഠിച്ചിറങ്ങിയവരെയുമാകും പുതിയ നിയമം ദോഷകരമായി ബാധിക്കുക. പുതിയ ജോലി കണ്ടെത്തുന്നതും യുഎസില്‍ തന്നെ തുടരുന്നതും ഇവര്‍ക്ക് ദുഷ്കരമായേക്കാം.
ആറു വര്‍ഷമാണ് H-1B വീസയുടെ കാലാവധി. എന്നാല്‍ വീസ ലഭിക്കുന്നവരില്‍ ഭൂരിഭാഗം പേരും ഇത് ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നതിനുള്ള മാര്‍ഗമായി പ്രയോജനപ്പെടുത്താറുണ്ട്. ഭീമമായ പുതിയ ഫീസ് ഇത്തരത്തില്‍ ഗ്രീന്‍കാര്‍ഡ് സ്വന്തമാക്കാമെന്ന മോഹത്തെ ഇല്ലാതാക്കാന്‍ പോന്നതാണ്. പ്രത്യേകിച്ചും തുടക്കക്കാര്‍ക്ക്.
Google trending topic : h1b visa