Image Credit: Meta AI
എച്ച് 1 ബി വീസയ്ക്ക് അമേരിക്ക ഒരു ലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്തിയെന്ന പ്രഖ്യാപനം ചങ്കിടിപ്പോടെയാണ് ആളുകള്‍ കേട്ടത്. അമേരിക്ക സ്വപ്നം കണ്ടിരുന്ന ആയിരക്കണക്കിന് പ്രഫഷനലുകള്‍ക്കും ആധിയേറി. എന്നാല്‍ എല്ലാ എച്ച് 1 ബി വീസക്കാര്‍ക്കും ഒരു ലക്ഷം ഡോളര്‍ ഫീസ് ബാധകമാണോ? വിശദമായി നോക്കാം.
നിലവില്‍ യുഎസിലുള്ള എച്ച് 1 ബി ജീവനക്കാര്‍ വീസ പുതുക്കുമ്പോള്‍ ഒരു ലക്ഷം ഡോളര്‍ ഫീസ് നല്‍കേണ്ടതില്ല. നിലവില്‍ യുഎസില്‍ ജോലി ചെയ്യുന്ന ജീവനക്കാരനായി തൊഴിലുടമ വീസ കാലാവധി നീട്ടാന്‍ അപേക്ഷിക്കുമ്പോഴാണ് ഫീസ് ബാധകമല്ലാത്ത്. ജീവനക്കാരന്‍ പുതിയതായി പ്രവേശിക്കാത്തതിനാല്‍ ഇത് രാജ്യത്തിനുള്ളില്‍ നിന്നുള്ള പുതുക്കലായാണ് പരിഗണിക്കുക.
ജീവനക്കാരന്‍ യുഎസില്‍ വച്ച് തന്നെ പുതിയ ജോലിയിലേക്ക് മാറുകയാണെങ്കിലും ഒരു ലക്ഷം ഡോളര്‍ ഫീസ് ബാധകമാവില്ല. നിലവില്‍ യുഎസിലുള്ളതിനാലാണ് ഫീസില്‍ നിന്നൊഴിവാകുന്നത്.
അതേസമയം എച്ച് 1 ബി വീസയുടെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ജീവനക്കാരന്‍ യുഎസ് വിടുകയും തിരികെ എത്തിക്കുന്നതിനായി തൊഴിലുടമ പുതിയ അപേക്ഷ നല്‍കുകയും ചെയ്യുകയാണെങ്കില്‍ ഫീസായ ഒരു ലക്ഷം യുഎസ് ഡോളര്‍ അടയ്ക്കണം. വിദേശത്ത് നിന്ന് യുഎസിലേക്ക് പ്രവേശിക്കുന്നതിനാലാണ് ഫീസ് ബാധകമാകുന്നത്.
വിദേശത്തുള്ള ജീവനക്കാരന് യുഎസിലേക്ക് മടങ്ങി വരുന്നതിനായി പുതിയ തൊഴിലുടമ അപേക്ഷ നൽകുകയാണെങ്കിലും ഫീസ് ബാധകമാണ്. ജീവനക്കാരന്‍ യുഎസിന് പുറത്താണെന്നതാണ് കാരണം.
സര്‍വകലാശാലകള്‍ക്ക് ഇളവ് കിട്ടുമോ?
എച്ച് 1 ബി വീസ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടയാള്‍ക്കായി തൊഴിലുടമ അപേക്ഷ സമര്‍പ്പിക്കുമ്പോഴും ഒരു ലക്ഷം ഡോളര്‍ ഫീസ് ബാധകമാണ്. രാജ്യത്തിലേക്ക് പ്രവേശിക്കുന്നതിനായി നല്‍കുന്ന പുതിയ അപേക്ഷയായതിനാലാണ് ഫീസ് ബാധകമാകുക. എന്നാല്‍ ഇതില്‍ ചില ഇളവുകളും ലഭ്യമാണ്. ഒരു സര്‍വകലാശാല, നറുക്കെടുപ്പിൽ ഇളവുള്ള എച്ച്-1ബി വീസയിൽ വിദേശത്തുനിന്ന് ഒരു ഗവേഷകനെ നിയമിക്കുമ്പോള്‍ ഫീസ് ഇളവ് ലഭിച്ചേക്കുമെന്നാണ് സൂചന. ഇത് ഡിപാര്‍ട്ട്മെന്‍റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ തീരുമാനത്തെ ആശ്രയിച്ചിക്കും. ദേശീയ താല്‍പര്യം കണക്കിലെടുത്തോ, ചില പ്രത്യേക വിഭാഗങ്ങള്‍ക്കോ നിബന്ധനകള്‍ക്ക് വിധേയമായി ഇളവ് അനുവദിക്കാമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍വകലാശാലകള്‍ ഈ വിഭാഗത്തിലാണ് സാധാരണഗതിയില്‍ വരുന്നതെങ്കിലും ഡിഎച്ച്എസ് പ്രത്യേക ഇളവ് അനുവദിക്കാത്ത പക്ഷം ഒരു ലക്ഷം ഡോളര്‍ ഫീസ് നല്‍കേണ്ടി വരും.
ഒരുലക്ഷം ഡോളര്‍ എല്ലാ വര്‍ഷവും നല്‍കേണ്ടി വരുമോ?
പുതിയ വിജ്ഞാപനം അനുസരിച്ചുള്ള ഒരു ലക്ഷം ഡോളര്‍ ഫീസ് എല്ലാവര്‍ഷവും നല്‍കേണ്ടതില്ല. യുഎസിലേക്ക് പ്രവേശനം ആവശ്യമായ ഓരോ അപേക്ഷയ്ക്കും മാത്രമാണ് ഫീസ് ബാധകമാവുക. ജീവനക്കാരൻ യുഎസിനുള്ളിൽ തന്നെയാണ് തുടരുന്നതെങ്കിൽ, വീസ പുതുക്കുന്നതിനും തൊഴിലുടമയെ മാറുന്നതിനും ഫീസ് നല്‍കേണ്ടി വരില്ല.