minuteman-iii-doomsday-missile-us-tested

Image Credit: U.S. Space Force photo by Staff Sgt. Joshua LeRoi

മധ്യപൂര്‍വ ദേശത്ത് ഇറാനെതിരായ യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്.  'ലോകാവസാന മിസൈല്‍' എന്ന പേരിലും ഈ മിസൈല്‍ അറിയപ്പെടുന്നു. ഹിരോഷിമയില്‍ ഇട്ട അണുബോംബിനെക്കാളും 20 ഇരട്ടിയാണിതിന്‍റെ പ്രഹരശേഷിയെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രിയോടെയാണ് കലിഫോര്‍ണിയയിലെ വന്‍ഡെന്‍ബെര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്നും മിനിറ്റ്മാന്‍ III എയര്‍ ഫോഴ്സ് ഗ്ലോബല്‍ സ്ട്രൈക്ക് കമാന്‍ഡ് പരീക്ഷിച്ചത്. 

അതേസമയം, മിസൈല്‍ പരീക്ഷിച്ചതും നിലവിലെ സംഘര്‍ഷവുമായി ബന്ധമില്ലെന്നും  മുന്‍നിശ്ചയിച്ചത് പ്രകാരമാണ് പരീക്ഷണം നടന്നതെന്നുമാണ് യുഎസ് സ്പേസ് ഫോഴ്സിന്‍റെ പ്രസ്താവനയില്‍ പറയുന്നത്. ആയിരത്തിലേറെ മൈല്‍ സഞ്ചരിച്ച് മിസൈല്‍ മാര്‍ഷല്‍ ഐലന്‍ഡ്സിലെ നിശ്ചിത ലക്ഷ്യത്തിലെത്തിയെന്നും പ്രസ്താവനയില്‍ വിശദീകരിക്കുന്നു. മിസൈല്‍ സംവിധാനത്തിലെ ഘടകങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ GT 255 സഹായിച്ചുവെന്ന് 576–ാം ഫ്ലൈറ്റ് ടെസ്റ്റ് സ്ക്വാഡ്രണ്‍ കമാന്‍ഡര്‍ ലഫ്റ്റന്‍റ് കേണല്‍ കാരീ റേ വ്യക്തമാക്കി. മിസൈലിന്‍റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അമേരിക്കയുടെ ആയുധശേഖരത്തില്‍ നിര്‍ണായക മുതല്‍ക്കൂട്ടാകും മിനിറ്റ്മാന്‍ III. മണിക്കൂറില്‍ 15000 മൈല്‍ എന്ന വേഗതയില്‍ സഞ്ചരിക്കാന്‍ മിനിറ്റ്മാന് ശേഷിയുണ്ട്. അതായത് ഭൂഖണ്ഡം കടന്നെത്തിയും ശത്രുവിനെ തകര്‍ക്കാന്‍ കഴിവുണ്ടെന്ന് ചുരുക്കം. ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായി നടത്തിയ വിലയിരുത്തലായിരുന്നു ചൊവ്വാഴ്ചത്തെ പരീക്ഷണമെന്നും കൃത്യതയും വിശ്വാസ്യതയും ഉറപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും യുഎസ് സ്പേസ് ഫോഴ്സിന്‍റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. നവംബറില്‍ മിനിറ്റ്മാന്‍ III യുഎസ് നേരത്തേ പരീക്ഷിച്ചിരുന്നു. ഇത് വീണ്ടും ആവര്‍ത്തിച്ചതോടെ അമേരിക്കയുടെ ആണവ പദ്ധതികളെ കുറിച്ചുള്ള ചര്‍ച്ചയും സജീവമായിട്ടുണ്ട്. 

'ലോകാവസാന മിസൈല്‍' എന്ന് വിളിക്കാന്‍ കാരണമെന്ത്?

അമേരിക്കയുടെ ആണവ ആയുധപ്പുരയിലെ ഏറ്റവും വിനാശകാരിയായ ആയുധമാണ് മിനിറ്റ്മാന്‍ III. ചിന്തിക്കാന്‍ കഴിയുന്നതിനുമപ്പുറമാണതിന്‍റെ പ്രഹരശേഷി. ഖര ഇന്ധനമാണ് മിനിറ്റ്മാന്‍റെ മറ്റൊരു കരുത്ത്. ഭൂഗര്‍ഭ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിക്കപ്പെട്ടാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ലക്ഷ്യത്തിലെത്താനുള്ള കഴിവും മിനിറ്റ്മാനെ കരുത്തനാക്കുന്നു. ഹൈപ്പര്‍സോണിക് വേഗത്തില്‍ ആയിരക്കണക്കിന് മൈലുകള്‍ താണ്ടാനും ഭൂമിയിലെവിടെയും എത്താനും മിസൈലിന് കഴിയും. ഒറ്റക്കുതിപ്പില്‍ തന്നെ ഒന്നിലേറെ ലക്ഷ്യങ്ങള്‍ ഭേദിക്കാനും സാധിക്കും.

ENGLISH SUMMARY:

The US Air Force Global Strike Command successfully launched an unarmed Minuteman III Intercontinental Ballistic Missile (ICBM) from Vandenberg Space Force Base on March 3, 2026. Dubbed the 'Doomsday Missile,' it is capable of carrying nuclear warheads 20 times more powerful than the Hiroshima bomb. Traveling at speeds of 15,000 mph, the missile reached its target in the Marshall Islands, demonstrating its transcontinental strike capability. While the US Space Force maintains that the GT 255 test was pre-scheduled and unrelated to the ongoing Iran conflict, the timing has sparked global anxiety. This solid-fuel missile remains a cornerstone of the US nuclear triad, capable of reaching any point on Earth within minutes. Explore the technical specifications and strategic significance of Minuteman III in the current geopolitical landscape.