Image Credit: AP (CCTV)

2020ല്‍ ഗല്‍വാന്‍ താഴ്​വരയിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ചൈന ഇലക്ട്രോ മാഗ്നറ്റിക് ആയുധങ്ങള്‍ പ്രയോഗിച്ചുവെന്ന് യുഎസ് സെനറ്ററുടെ വെളിപ്പെടുത്തല്‍. ഇലക്ട്രോ മാഗ്നറ്റിക് ആയുധത്തിന്‍റെ പ്രഹരമേറ്റ് ഇന്ത്യന്‍ സൈനികരുടെ ശരീരം ഉരുകിപ്പോയെന്നും സെനറ്ററായ ബില്‍ ഹാഗെര്‍ട്ടി അവകാശപ്പെട്ടു. ടെന്നസിയില്‍ നിന്നുള്ള സെനറ്ററാണ് ഹാഗെര്‍ട്ടി. 'ഇന്ത്യയും ചൈനയും തമ്മില്‍ സുദീര്‍ഘമായ വൈരാഗ്യത്തിന്‍റെ പാരമ്പര്യമാണുള്ളത്. കഷ്ടിച്ച് അഞ്ച് വര്‍ഷം മുന്‍പാണ് തര്‍ക്കത്തിലുള്ള അതിര്‍ത്തിയെ ചൊല്ലി ഇരുവരും കലഹിച്ചത്. ഇതില്‍ ഇന്ത്യന്‍ സൈനികരെ അക്ഷരാര്‍ഥത്തില്‍ ഉരുക്കിക്കളയാന്‍ ചൈന ഇലക്ട്രോ മാഗ്നറ്റിക് ആയുധം പ്രയോഗിച്ചു'-ഹാഗെര്‍ട്ടി വിശദീകരിച്ചു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍ പിങുമായി ടിയാന്‍ജിനില്‍ സെപ്റ്റംബര്‍ ആദ്യം നടത്തിയ കൂടിക്കാഴ്ച യുഎസിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. ഇരുണ്ട ചൈനയില്‍ ഇന്ത്യ ശോഭനമായ ഭാവി തിരയുന്നുവെന്നും ഇന്ത്യയെ നഷ്ടപ്പെട്ടുവെന്നുമെല്ലാം ആദ്യം പരിഹസിച്ചെങ്കിലും ഇന്ത്യ അടുത്ത സുഹൃത്താണെന്ന് ട്രംപ് പിന്നീട് തിരുത്തി. എങ്ങനെയാണ് രാജ്യാന്തര സൗഹൃദ സമവാക്യങ്ങള്‍ മാറി മറിയുന്നതെന്ന് സൂചിപ്പിക്കുന്നതിനായാണ് ഹാഗെര്‍ട്ടി ഇക്കാര്യം പറഞ്ഞത്. റഷ്യന്‍ എണ്ണയുടെ പേരില്‍ 50 ശതമാനം ഇറക്കുമതി തീരുവ ട്രംപ് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യ ചൈനയുമായി കൂടുതല്‍ അടുത്തത്. 

ഗല്‍വാനില്‍ സംഭവിച്ചതെന്ത്?

2020 മേയ് 5നു പാംഗോങ് തടാക തീരത്ത് ചൈനീസ് സേന കടന്നുകയറിയതോടെയാണു സംഘർഷം തുടങ്ങിയത്. ജൂൺ 15നു ഗൽവാനിലെ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ആണി തറച്ച ബേസ് ബോൾ ബാറ്റും ഇരുമ്പു കമ്പി ചുറ്റിയ ദണ്ഡുമായാണ് ചൈനീസ് സൈനികര്‍ ആക്രമിക്കാനെത്തിയത്. പ്രാകൃതവും അതിക്രൂരവുമായ രീതിയിലായിരുന്നു ആക്രമണം. ആക്രമിച്ചതിന് ശേഷം നദിയിലേക്ക് സൈനികരെ തള്ളിയിടുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ തിരിച്ചടിയിൽ നാൽപതോളം ചൈനീസ് സൈനികർ മരിച്ചെന്നാണ് അനൗദ്യോഗിക വിവരം. പിന്മാറ്റ ധാരണ ലംഘിച്ച് ചൈനീസ് സേന ഏകപക്ഷീയമായി മുന്നോട്ടുകയറുകയായിരുന്നു. നിയന്ത്രണരേഖയിൽ മൊത്തം ആറിടങ്ങളിലാണ് ഇന്ത്യയുടെ ഭാഗത്തേക്കു ചൈനീസ് സേന കടന്നുകയറിയത്. ഗൽവാൻ, പാംഗോങ് തടാക തീരം, ഗോഗ്ര പ്രദേശങ്ങളിലെ സംഘർഷത്തിനു 2 വർഷം മുൻപു തന്നെ പരിഹാരമായിരുന്നു. 

ENGLISH SUMMARY:

Galwan Valley Clash details the US Senator's revelation about China's use of electromagnetic weapons against Indian soldiers. The incident reportedly caused the soldiers' bodies to melt, highlighting the escalating tensions between India and China.