ചൈനയില്‍ വ്ലാഡിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ തൊട്ട ഓരോ വസ്തുവും അതിസൂക്ഷ്മമായി തുടച്ച് വൃത്തിയാക്കുന്ന ഉദ്യോഗസ്ഥര്‍; ഓണ്‍ലൈനില്‍ വൈറലാകുന്ന വിഡിയോയാണിത്. നേരത്തെ അലാസ്കയില്‍ ട്രംപുമായി നടന്ന കൂടിക്കാഴ്ചയ്ക്കിടെ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിന്‍റെ സുരക്ഷാ ജീവനക്കാര്‍ ‘പൂപ്പ് സ്യൂട്ട്കേസ്’ കൊണ്ടുവന്നതായുള്ള ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഈ കിമ്മിന്‍റെ ഈ ‘വൃത്തിയാക്കല്‍’ വൈറലാകുന്നത്.

ചൈനയുടെ സൈനിക പരേഡിന് ശേഷമായിരുന്നു പുട്ടിന്‍റെയും കിം ജോങ് ഉന്നിന്‍റെയും ചര്‍ച്ച. ടെലിഗ്രാമിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിൽ ചര്‍ച്ച അവസാനിച്ചയുടൻ കിമ്മിന്റെ രണ്ട് സഹായികൾ വേഗത്തിലെത്തുന്നതും ഒരാള്‍ കിം ഇരുന്ന കസേരയുടെ പിൻഭാഗമടക്കം ശ്രദ്ധാപൂര്‍വം തുടയ്ക്കുന്നത് കാണാം. കസേരയുടെ ഒരിഞ്ച് സ്ഥലം പോലും വിട്ടുകളയാതെയായിരുന്നു ഈ തുടയ്ക്കല്‍. സൈഡ് ടേബിൾ പോലും കിം അവിടെ വന്നും എന്നതിന് ഒരു സൂചനയും ഇല്ലാത്തവിധത്തില്‍ തുടച്ചുവൃത്തിയാക്കുന്നു. രണ്ടാമത്തെയാളാകട്ടെ ഒരു ഫോറൻസിക് വിദഗ്ദന്‍റെ സൂക്ഷമതയോടെ കിം വെള്ളം കുടിച്ച ഗ്ലാസുകള്‍ എടുത്തുമാറ്റുന്നു. റഷ്യൻ പത്രപ്രവർത്തകൻ അലക്സാണ്ടർ യുനാഷെവും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എന്താണ് ഈ വൃത്തിയാക്കലിനു പിന്നില്‍? കൃത്യമായ കാരണം വ്യക്തമല്ലെങ്കില്‍പ്പോലും ഡിഎൻഎ സാംപിളുകൾ ശേഖരിച്ച് സ്വന്തം ആരോഗ്യസ്ഥിതി വിലയിരുത്താൻ ആരെയും അനുവദിക്കാതിരിക്കാനുള്ള കിമ്മിന്‍റെ മുൻകരുതലാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കിമ്മിന്‍റെ ശരീരത്തിലെ ഒരു മുടിനാരിഴ പോലും രഹസ്യമായി സൂക്ഷിക്കുകയാണ് ഉത്തരകൊറിയ. വിസർജ്യം തിരികെ ഉത്തര കൊറിയയില്‍ തന്നെ എത്തിക്കും, വലിക്കുന്ന സിഗററ്റിന്‍റെ ചാരം പോലും സഹായികൾ ശേഖരിക്കും എന്നെല്ലാം റിപ്പോര്‍ട്ടുകളുണ്ട്. ഉമിനീരിന്‍റെ അംശമോ വിരലടയളങ്ങളോ ഒന്നും ഒരിടത്തും പതിയാതിരിക്കാനാണിത്. യഥാര്‍ഥത്തില്‍ ചൈനീസ് പരേഡിനെത്തിയ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിന് പോലും ഇല്ലാത്തത്ര സുരക്ഷയാണ് ബെയ്ജിങ്ങില്‍ കിമ്മിന് ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കുന്നയിടങ്ങളിൽ അണുനശീകരണമടക്കം നടത്തുന്ന വിധമാണ് കിമ്മിന്‍റെ സുരക്ഷ. ALSO READ: മരണമില്ലാത്ത കാലത്തെ കുറിച്ച് സംസാരിച്ച് പുട്ടിനും ഷിയും; അമരത്വമോ ലക്ഷ്യം? ...

എന്നാല്‍ തന്‍റെ ഡിഎന്‍എ അടക്കം മറ്റൊരു രാജ്യത്തിന് ലഭിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കുന്ന, അവയെല്ലാം സംരക്ഷിക്കുന്ന ഒരേയൊരു രാഷ്ട്രത്തലവനല്ല കിം. ഓഗസ്റ്റ് പകുതിയോടെ അലാസ്കയിൽ ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ സ്വന്തം വിസർജങ്ങളടക്കം റഷ്യന്‍ ഭരണാധികാരി വ്ലാഡിമിർ പുടിൻ റഷ്യയിലേക്ക് തിരികെ കൊണ്ടുപോയി എന്ന് വാർത്തകളുണ്ടായിരുന്നു. വിദേശ യാത്രകൾ നടത്തുമ്പോഴെല്ലാം പുട്ടിന്‍റെ അംഗരക്ഷകർ അദ്ദേഹത്തിന്റെ മൂത്രവും മലവും സീൽ ചെയ്ത ബാഗുകളിൽ ശേഖരിക്കുകയും പിന്നീട് പ്രത്യേക സ്യൂട്ട്കേസുകളിൽ മോസ്കോയിലേക്ക് തിരികെ കൊണ്ടുപോകുകയുമാണ് ചെയ്യുന്നത്. പുടിന്‍റെ ആരോഗ്യത്തെക്കുറിച്ച് ശത്രുരാജ്യങ്ങള്‍ക്ക് ഒരുവിവരവും ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണിത്. 2017 മുതല്‍ ഈ രീതി പുട്ടിന്‍ നടപ്പാക്കിവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, രണ്ടാംലോക മഹായുദ്ധത്തില്‍ ജപ്പാനുമേല്‍ നേടിയ വിജയത്തിന്റെ എണ്‍പതാം വാര്‍ഷികത്തിലായിരുന്നു ചൈനയുടെ ചരിത്രത്തിലെ തന്നെ വമ്പന്‍ പരേഡ് അരങ്ങേറിയത്. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിനും ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നുമടക്കം 26 രാഷ്ട്രത്തലവന്‍മാരാണ് ചടങ്ങിന് സാക്ഷിയായത്. 66 വർഷത്തിനിടെ ഒരു ചൈനീസ് സൈനിക പരേഡിൽ പങ്കെടുക്കുന്ന ആദ്യത്തെ ഉത്തരകൊറിയൻ നേതാവാണ് കിം. പുടിനുമായുള്ള ചര്‍ച്ചയില്‍ പുട്ടിനും റഷ്യൻ ജനതയ്ക്കും വേണ്ടി തനിക്ക് ചെയ്യാൻ കഴിയുന്നതോ, ചെയ്യേണ്ടതോ ആയ എന്തെങ്കിലും ഉണ്ടെങ്കിൽ, അത് തന്റെ കടമയായി ഞാൻ കരുതുന്നു എന്നാണ് കിം പുട്ടിന് വാക്കുനല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ENGLISH SUMMARY:

A viral video shows North Korean leader Kim Jong Un’s aides meticulously wiping every object he touched after his meeting with Russian President Vladimir Putin in China. From his chair to the side table and even his drinking glasses, staff ensured not a trace of DNA or fingerprints was left behind. Analysts suggest this is part of Pyongyang’s extreme precaution to prevent foreign powers from obtaining Kim’s genetic material or health details. Similar reports have claimed Putin’s security also collects his waste during foreign trips to safeguard sensitive health information. The incident coincided with China’s massive military parade marking the 80th anniversary of victory over Japan, attended by 26 world leaders including Putin and Kim. The rare appearance made Kim the first North Korean leader in 66 years to attend a Chinese military parade.