ഇറാനെതിരെ യു.എസ്– ഇസ്രയേല്‍ സംയുക്ത സേന ആക്രമണം ആരംഭിച്ചതിന് പിന്നാലെ സംഭവത്തെ നോര്‍ത്ത് കൊറിയ അപലപിച്ചിരുന്നു. 'ആക്രമണോത്സുകമായ ഒരു യുദ്ധം' എന്നാണ് ഉത്തരകൊറിയന്‍ സ്റ്റേറ്റ് മീഡിയ ആക്രമണത്തെ വിശേഷിപ്പിച്ചത്. അതേസമയം, ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മരണ വാര്‍ത്ത ഉത്തരകൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇറാനെതിരായ യു.എസ്– ഇസ്രയേല്‍ ആക്രമണത്തെ കടുത്ത ഭാഷയിലാണ് ഉത്തരകൊറിയ വിമര്‍ശിച്ചത്. രാജ്യാന്തര നിയമങ്ങള്‍ക്ക് മുന്നില്‍ ആഭ്യന്തര നിയമങ്ങള്‍ ചൂണ്ടിക്കാട്ടി ഇറാനെ ആക്രമിക്കുന്നത് നാണമില്ലാത്ത തെമ്മാടി പ്രവൃത്തിയാണെന്നാണ് കൊറിയന്‍ വിദേശകാര്യ വക്താവ് പറഞ്ഞതായി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍റെ ആക്രമണങ്ങളെ പറ്റി പറയാതെ പശ്ചമിേഷ്യയിലെ സംഘർഷങ്ങളില്‍ യുഎസിനെയും ഇസ്രായേലിനെയും കുറ്റപ്പെടുത്തുന്നതാണ് ഉത്തരകൊറിയന്‍ നിലപാട്.
അതേസമയം, ഖമനയിയെ വധിച്ച ഇസ്രയേല്‍–യു.എസ് ആക്രമണത്തെ പറ്റി ഉത്തരകൊറിയ മൗനം പാലിച്ചു എന്നാണ് ഉത്തരകൊറിയയെ ട്രാക്ക് ചെയ്യുന്ന nknews.org ന്‍റെ റിപ്പോര്‍ട്ടിലുള്ളത്. സമാനമായി വെനസ്വേലന്‍ പ്രസിഡന്‍റ് നിക്കോളസ് മഡൂറോയെ പിടികൂടിയ സംഭവവും ഉത്തരകൊറിയ ജനങ്ങളെ അറിയിച്ചിട്ടില്ല. അതേസമയം വെനസ്വേലയ്ക്ക് എതിരായ ആക്രമണത്തെ ഉത്തരകൊറിയ അപലപ്പിക്കുകയും ചെയ്തു. വാര്‍ത്ത വിട്ടുപോയതല്ല, അതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്.
ഉത്തരകൊറിയന്‍ രാഷ്ട്രീയ സംവിധാനം നിലനില്‍ക്കുന്നത് നേതാവിന്‍റെ ചോദ്യം ചെയ്യപ്പെടാത്ത അധികാരത്തിലും അജയ്യതയിലുമാണ്. മറ്റൊരു പരമോന്നത നേതാവിനെ പുറത്താക്കുന്ന വാര്‍ത്ത സംപ്രേക്ഷണം ചെയ്യുന്നത് രാജ്യത്ത് തെറ്റായ കീഴ്‍വഴക്കം ഉണ്ടാക്കുമെന്ന് ഉത്തരകൊറിയ കരുതുന്നത്. കർശന നിയന്ത്രണങ്ങളുള്ള രാജ്യത്തെ ഏറ്റവും ശക്തനായ വ്യക്തിയെപ്പോലും ട്രാക്ക് ചെയ്യാനും ടാർഗെറ്റു ചെയ്യാനും ഇല്ലാതാക്കാനും കഴിയുമെന്ന് ഇത് പൗരന്മാരെ ഓർമ്മിപ്പിക്കും. അതിനാലാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടാത്തതെന്നാണ് നിരീക്ഷണം.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം നടക്കുന്നതിനിടെ ഉത്തരകൊറിയ സൈനികാഭ്യാസ പ്രകടനം നടത്തുകയാണ്. പുതിയ പടക്കപ്പലായ 'ച്യോ ഹ്യോൻ'-ൽ നിന്ന് ക്രൂയിസ് മിസൈലുകൾ ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചു. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ നേരിട്ടെത്തിയാണ് പരീക്ഷണങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.