റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങും ഒരുമിച്ച് ഒരുവേദിയില്‍ എത്തുന്നത് ഇതാദ്യമാണ് അതും ചൈനയുടെ സൈനിക പരേഡില്‍. പരേഡിന് മുന്‍പും ശേഷവുമുള്ള ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം ഓണ്‍ലൈനില്‍ ഉള്‍പ്പെടെ ചര്‍ച്ചയാകുകയാണ്. ഇപ്പോളിതാ പരേഡിനിടെയുള്ള സംഭാഷണത്തിനിടെ അവയവം മാറ്റിവയ്ക്കലിനെ കുറിച്ചും നൂറു വര്‍ഷം ജീവിക്കുന്നതിനെ കുറിച്ചും പുട്ടിനും ഷിയും ചര്‍ച്ച ചെയ്തു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചൈനീസ് സംപ്രേക്ഷകരായ സിജിടിഎൻ, എപി, റോയിറ്റേഴ്‌സ് എന്നിവയുൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സിസിടിവി നൽകിയ തത്സമയ സംപ്രേക്ഷണത്തിലൂടെയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
വിദേശ നേതാക്കളുടെ ഒരു സംഘത്തിനൊപ്പം പുട്ടിനും ഷി ചിന്‍പിങും നടന്നു നീകുമ്പോള്‍ നടത്തിയ ഒരു സ്വകാര്യ സംഭാഷണത്തിന്റെ ചില ഭാഗങ്ങളാണ് മാധ്യമങ്ങൾ സംപ്രേഷണം ചെയ്തത്. ദൃശ്യങ്ങളില്‍ പുട്ടിന്‍റെ വിവര്‍ത്തകന്‍ ചൈനീസ് ഭാഷയിൽ ‘ബയോടെക്നോളജി തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നു’ എന്ന് പറയുന്നതാണ് സംഭാഷണത്തിന്‍റെ ആദ്യഭാഗം. അതിനുശേഷം വ്യക്തമല്ലാത്ത ഒരുഭാഗമുണ്ട്. ശേഷം ‘മനുഷ്യാവയവങ്ങൾ തുടർച്ചയായി മാറ്റിവയ്ക്കാൻ കഴിയും. എത്ര കാലം ജീവിക്കുന്നുവോ അത്രയും കാലം നിങ്ങൾക്ക് പ്രായം കുറഞ്ഞവനായി ജീവിക്കാം’ എന്നും പുട്ടിന്‍റെ വിവര്‍ത്തകന്‍ പറയുന്നു. പിന്നാലെ ഷി ചിന്‍പിങിന്‍റെ മറുപടി... ‘ഈ നൂറ്റാണ്ടിൽ മനുഷ്യർ 150 വർഷം വരെ ജീവിച്ചിരിക്കുമെന്ന് ചിലർ പ്രവചിക്കുന്നുണ്ട്’. ഇരുവരേയും വീക്ഷിച്ചുകൊണ്ട് ഉത്തരകൊറിയന്‍ ഏകാധിപധി കിം ജോങ് ഉന്നും ഉണ്ടായിരുന്നു. ഈ സംഭാഷണം അദ്ദേഹത്തിന് വിവർത്തനം ചെയ്യുന്നുണ്ടോ എന്ന് വ്യക്തമല്ല. മനുഷ്യന്റെ ആയുർദൈർഘ്യം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ഷി ചിന്‍പിങുമായി ചർച്ച ചെയ്തതായി പിന്നീട് പുട്ടിന്‍ തന്നെ മാധ്യമപ്രവർത്തകരോട് സമ്മതിച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജീവിച്ചിരിക്കേ അധികാരം ഉപേക്ഷിക്കാനോ കൈമാറാനോ യാതൊരു താല്‍പര്യവുമില്ലാത്തവരാണ് ഇരുനേതാക്കളും. അതുകൊണ്ടു തന്നെയാണ് മനുഷ്യന്‍റെ ആയുസിനെ കുറിച്ചുള്ള ഇരുവരുടേയും സംഭാഷണം ഇത്രത്തോളം ചര്‍ച്ചയാകുന്നത്. 2012 മുതൽ ചൈന, ഷി ചിന്‍പിങ് ഭരണത്തിന് കീഴിലാണ് എന്നതോര്‍ക്കണം. 2018 ല്‍ ചൈനയുടെ പ്രസിഡന്‍റിന്‍റെ കാലാവധി പരിധി ഷി നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. അങ്ങിനെ ചൈനയുടെ ആജീവനാന്ത പ്രസിഡന്‍റായി ഷി മാറുകയും ചെയ്തു. പുട്ടിന്‍റെ രീതിയും മറിച്ചല്ല. തന്‍റെ സ്ഥാനത്ത് തുടരാന്‍ അദ്ദേഹവും റഷ്യൻ നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. റഷ്യയുടെയും ചൈനയുടേയും ഗവേഷകരും മനുഷ്യായുസ് വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് ദീര്‍ഘകാലമായി പഠനവും ഗവേഷണങ്ങളും നടത്തിവരികയാണ്. ALSO READ: പുട്ടിനുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ കസേരയില്‍ നിന്ന് കിമ്മിന്‍റെ ‘ഡിഎന്‍എ’ പോലും മായിച്ച് സഹായികള്‍...
2024 ൽ വാർദ്ധക്യത്തെ ചെറുക്കുന്നതിനായി ന്യൂ ഹെൽത്ത് പ്രിസർവേഷൻ ടെക്നോളജീസ് എന്ന പേരിൽ ഒരു ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ പുട്ടിന്‍ ഉത്തരവിട്ടിരുന്നു. കോശങ്ങളുടെ വാർദ്ധക്യത്തെ തടയുന്നതിനുള്ള സാങ്കേതികവിദ്യകൾ, ന്യൂറോ ടെക്നോളജികൾ, ദീർഘായുസ്സ് നേടാനുള്ള മറ്റ് നൂതനാശയങ്ങൾ എന്നിവ വികസിപ്പിക്കുന്നതാണ് പദ്ധതി. പുട്ടിന്റെ വിശ്വസ്തനായ മിഖായേൽ കോവൽചുക്കാണ് ഈ ഗവേഷണത്തിന് നേതൃത്വം നൽകുന്നതെന്നാണ് റഷ്യൻ സ്വതന്ത്ര മാധ്യമമായ മെഡൂസ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുട്ടിന്‍റെ മൂത്തമകളും എൻഡോക്രൈനോളജിസ്റ്റുമായ മരിയ വൊറോണ്ട്സോവയ്ക്ക് സെല്‍ റെന്യൂവലിനെക്കുറിച്ചും മനുഷ്യന്റെ ആരോഗ്യവും ദീർഘായുസ്സും വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും പഠിക്കുന്നതിനായി കോടിക്കണക്കിന് ഡോളറിന്റെ റഷ്യൻ സർക്കാർ ഗ്രാന്റുകളും അനുവദിച്ചിരുന്നു.
അതേസമയം, ലോകത്തിന് മുന്നില്‍ സൈനികശക്തി വിളിച്ചോതിയായിരുന്നു ചൈനയുടെ വമ്പന്‍ പരേഡ് നടന്നത്. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിനും ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നുമടക്കം 26 രാഷ്ട്രത്തലവന്‍മാരാണ് പരേഡിന് സാക്ഷിയായത്. രണ്ടാംലോക മഹായുദ്ധത്തില്‍ ജപ്പാനുമേല്‍ നേടിയ വിജയത്തിന്റെ എണ്‍പതാം വാര്‍ഷികത്തിലായിരുന്നു ചൈനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക പരേഡ്.