Untitled design - 1

ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയെ വധിച്ചത് ഹീനമായ പ്രവര്‍ത്തിയാണെന്നും, റഷ്യ ഇറാനൊപ്പമാണെന്നും വ്യക്തമാക്കി പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ.  അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രയേലും അമേരിക്കയും നടത്തിയത്. ഖമനേയിയുടെ  കൊലപാതകവുമായി ബന്ധപ്പെട്ട് അഗാധമായ അനുശോചനം അറിയിക്കുന്നു. ധാർമ്മികതയുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് നടത്തിയത്. സൗഹൃദപരമായ റഷ്യൻ-ഇറാനിയൻ ബന്ധങ്ങളുടെ വികാസത്തിന് വ്യക്തിപരമായി വളരെയധികം സംഭാവന നൽകിയ ഒരു മികച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു ഖമനേയി. – വ്ളാദിമിർ പുടിൻ കൂട്ടിച്ചേർത്തു.

ആയത്തൊള്ള ഖമനയിയുടെ മരണത്തിന് പിന്നാല  താത്കാലിക കൗൺസിൽ ഭരണം ഏറ്റെടുത്തു. 'ചരിത്രത്തിലെ ഏറ്റവും പൈശാചികനായ മനുഷ്യരില്‍ ഒരാള്‍, മരിച്ചു' എന്നാണ് നേരത്തേ ട്രംപ് പ്രതികരിച്ചത്. ഇത് ഇറാനിലെ ജനങ്ങള്‍ക്ക് ലഭിച്ച നീതിയാണെന്നും ഇറാന് മാത്രമല്ല ഖമനയിയുടെയും ഇറാന്‍റെയും രക്തദാഹത്തിനിടെ ജീവന്‍ നഷ്ടമായ അമേരിക്കക്കാര്‍ക്കും മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്കുമുള്ള നീതി നടപ്പാക്കലാണെന്നും ട്രംപ് വ്യക്തമാക്കി. ഖമനയി ജീവനോടെ ഇല്ലെന്ന് ബെന്യമിന്‍ നെതന്യാഹുവും സ്ഥിരീകരിച്ചു. റവലൂഷനറി ഗാര്‍ഡ് കമാന്‍ഡ് ഉന്നതരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏഴു ദിവസം പൊതുഅവധിയാണ്. എന്നാല്‍ മരണത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടില്ല. ഇതിനിടെ ഇറാനെ പിന്തുണച്ച് പാക്കിസ്ഥാന്‍റെ വിവിധ മേഖലകളില്‍ പ്രതിഷേധം അരങ്ങേറി. കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റിനു സമീപം പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 10പേര്‍ കൊല്ലപ്പെട്ടു. കറാച്ചിയിലെ യുഎസ് എംബസിയിലേക്ക് പ്രതിഷേധക്കാര്‍ അതിക്രമിച്ചുകയറി.