യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷങ്ങൾക്കിടയിൽ ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി ഉത്തരകൊറിയയുടെ സൈനികാഭ്യാസ പ്രകടനം. രാജ്യത്തിന്റെ നാവികസേനയുടെ കരുത്ത് വിളിച്ചോതുന്ന പുതിയ പടക്കപ്പലായ 'ച്യോ ഹ്യോൻ'-ൽ നിന്ന് തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകൾ ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചു. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ നേരിട്ടെത്തിയാണ് പരീക്ഷണങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.

5,000 ടൺ ഭാരമുള്ള 'ച്യോ ഹ്യോൻ' എന്ന അത്യാധുനിക നശീകരണ കപ്പലിൽ നിന്നാണ് കടലിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈലുകൾ വിക്ഷേപിച്ചത്. ഈ കപ്പലിനെ രാജ്യത്തിന്റെ 'കടൽ പ്രതിരോധത്തിന്റെ പുതിയ അടയാളം' എന്നാണ് കിം വിശേഷിപ്പിച്ചത്. നാവികസേനയെ ആണവായുധങ്ങൾ സജ്ജമാക്കുന്നതിൽ രാജ്യം വലിയ പുരോഗതി കൈവരിച്ചതായും കിം വെളിപ്പെടുത്തി. വരും കാലങ്ങളിൽ വെള്ളത്തിനടിയിൽ നിന്നും മുകളിൽ നിന്നും ആക്രമണം നടത്താൻ കെൽപ്പുള്ള രീതിയിൽ നാവികസേനയെ അതിവേഗം വളർത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഉത്തരകൊറിയൻ മാധ്യമങ്ങൾ മിസൈലുകളെ 'തന്ത്രപ്രധാനമായ ആയുധങ്ങൾ' എന്നാണ് വിശേഷിപ്പിച്ചത്. ഇത് ദക്ഷിണ കൊറിയൻ ഏജൻസികൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ആണവശേഷിയുള്ള മിസൈലുകളെ സൂചിപ്പിക്കാനാണ് ഉത്തരകൊറിയ സാധാരണയായി ഈ പദം ഉപയോഗിക്കാറുള്ളതെന്ന് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ 'യോൻഹാപ്പ്' റിപ്പോർട്ട് ചെയ്തു.

2025 മേയ് മാസത്തിൽ സമാനമായ ഒരു യുദ്ധക്കപ്പൽ നീറ്റിലിറക്കുന്നതിനിടെ മറിഞ്ഞ് അപകടത്തിൽപ്പെട്ടിരുന്നു. അന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന കിം ജോങ് ഉൻ ഉദ്യോഗസ്ഥരെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ആ പരാജയത്തെ ഒരു ക്രിമിനല്‍ പ്രവൃത്തിയെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് കുറ്റപ്പെടുത്തിയിരുന്നു. ആ തിരിച്ചടികൾക്ക് ശേഷമുള്ള ഈ വിജയകരമായ പരീക്ഷണം ഉത്തരകൊറിയയെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ്.

ഭരണകക്ഷിയായ വർക്കേഴ്‌സ് പാർട്ടിയുടെ കോൺഗ്രസിൽ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുമെന്ന് കിം പ്രതിജ്ഞയെടുത്തതിന് പിന്നാലെയാണ് ഈ മിസൈൽ പരീക്ഷണം നടന്നത്. അമേരിക്കയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള ഭീഷണികളെ ചെറുക്കാൻ സൈനികമായി കൂടുതൽ ശക്തമാകണമെന്ന നിലപാടിലാണ് കിം ജോങ് ഉൻ.

ENGLISH SUMMARY:

Amid global tensions, North Korea successfully tested strategic cruise missiles from its new 5,000-ton destroyer, 'Cho Hyon'. Leader Kim Jong Un supervised the launch, marking a significant milestone in the country's naval nuclear capabilities and sea defense.