ഷാങ്ഹായ് സഹകരണ ഉച്ചകോടിവേദിയില്‍ സൗഹൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിനും ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങ്ങും. ഇന്ന് രാവിലെ നടന്ന കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളും വാര്‍ത്താചാനലുകളിലുമെല്ലാം. മുന്‍പ് പലപ്പോഴും കൂടിക്കാഴ്ച നടത്തിയ നേതാക്കളുടെ ഇന്നത്തെ ദൃശ്യത്തിന് പ്രസക്തിയേറെയാണ്. യുഎസ് പ്രസിഡന്റ് ഡ`ണള്‍ഡ് ട്രംപിന്‍റെ ഇന്ത്യയ്ക്കെതിരായ കടുത്ത തീരുവ, യുക്രെയ്ന്‍ യുദ്ധത്തിന്‍റെ പേരില്‍ പുട്ടിനോടുള്ള എതിര്‍പ്പ്, വ്യാപാരത്തിന്‍റെ പേരില്‍ ചൈനയുമായുള്ള പോര്. അങ്ങനെ നിലവിലെ ലോകസാഹചര്യങ്ങളില്‍ ട്രംപുമായി ഏറ്റവും എതിര്‍പ്പുള്ള മൂന്ന് രാജ്യങ്ങളുടെ ഭരണാധികാരികള്‍. അവരുടെ കൂടിക്കാഴ്ച ഏറ്റവും ശ്രദ്ധയോടെ വീക്ഷിക്കുന്നത് യുഎസ് തന്നെയായിരിക്കും.
പുനരുജ്ജീവിക്കുമോ RIC സഖ്യം?
റഷ്യ-ഇന്ത്യ–ചൈന... ലോകത്തെ ഏറ്റവും വലിയ രാജ്യം, ഏറ്റവും വലിയ ജനാധിപത്യ രാജ്യം, ജനസംഖ്യയില്‍ മുന്നിലുള്ള രാജ്യം. അങ്ങനെയൊരു സാഹചര്യത്തില്‍ മൂന്ന് രാജ്യങ്ങളുടേയും സഖ്യത്തിനുള്ള സാധ്യതയും ആശയവും ഔദ്യോഗികമായി ആദ്യം മുന്നോട്ടുവച്ചത് 1998ല്‍ അന്നത്തെ റഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന യെവ്‍ഗെനി പ്രിമകോവാണ്. നാല് വര്‍ഷങ്ങള്‍ക്കുശേഷം 2002 സെപ്റ്റംബറില്‍ മൂന്ന് രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയ്ക്കിടെ കൂടിക്കാഴ്ച നടത്തിയത് അന്ന് ഏറെ ചര്‍ച്ചയായിരുന്നു.
അതിനുശേഷം വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച എല്ലാവര്‍ഷവും നടത്തുന്നത് പതിവായിരുന്നെങ്കിലും പ്രത്യേകിച്ചൊരു സഖ്യത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നില്ല ആ ചര്‍ച്ചകള്‍. മേഖലയിലെ പ്രധാനപ്പെട്ട ശക്തികള്‍ക്ക് വാണിജ്യ, വ്യവസായ, നയതന്ത്ര മേഖലകളില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗമായിരുന്നു അത്തരം ചര്‍ച്ചകള്‍. 2006ല്‍ റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബെര്‍ഗില്‍ പുട്ടിനും അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോയും കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് ബ്രിക്സ് അടക്കം രാജ്യാന്തരവേദികളില്‍ മൂന്ന് രാജ്യങ്ങളുടേയും ഭരണാധികാരികള്‍ നേരിട്ടുകണ്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
ചര്‍ച്ചകള്‍ക്ക് കോവിഡ് ബ്രേക്ക്
2019 ഫെബ്രുവരി 27ന് മൂന്ന് രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ ചൈനയില്‍ കൂടിക്കാഴ്ച നടത്തി. പിന്നീട് കോവിഡ് കാലമായതോടെ ചര്‍ച്ചകളും കൂടിക്കാഴ്ചകളുമൊക്കെ പരിമിതമായി. വെര്‍ച്വല്‍ യോഗങ്ങള്‍ നടന്നെങ്കിലും അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റങ്ങള്‍ മുന്നോട്ടുപോക്കിന് വിഘാതമായി. അതിനിടെ, ട്രംപ് രണ്ടാം വട്ടം അധികാരത്തിലേറിയ ശേഷം തീരുവയുടെ പേരില്‍ ലോകത്തോട് യുദ്ധം പ്രഖ്യാപിച്ചതോടെ ഇക്കഴിഞ്ഞ ജൂലൈയില്‍ റഷ്യ–ഇന്ത്യ–ചൈന (ആർഐസി) സഹകരണസഖ്യം പുനരുജ്ജീവിപ്പിക്കാന്‍ റഷ്യ മുന്‍കയ്യെടുത്തു. ത്രിരാഷ്ട്ര സഹകരണത്തിനുള്ള ചർച്ച ഉടൻ തുടങ്ങണമെന്ന് റഷ്യയുടെ ഉപവിദേശകാര്യമന്ത്രി ആന്ദ്രേ റുദെൻകയാണ് പറഞ്ഞത്. സഹകരണം മൂന്ന് രാജ്യങ്ങൾക്കും ഗുണം ചെയ്യുന്നതിനൊപ്പം മേഖലയുടെ സുരക്ഷയ്ക്കും നേട്ടമാകുമെന്ന് പറഞ്ഞ് ചൈനയുടെ വിദേശകാര്യവക്താവ് റഷ്യയുടെ ശ്രമത്തെ സ്വാഗതം ചെയ്തു.
Also Read: യുക്രെയ്നില്‍ സമാധാനം വേണം; എസിഒ ഉച്ചകോടിക്കിടെ മോദി–പുട്ടിന്‍ ചര്‍ച്ച
പഹല്‍ഗാമിലെ ചൈനീസ് പങ്ക്
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളില്‍ ചൈന പാക്കിസ്ഥാനൊപ്പം നിന്നെന്ന് ഇന്ത്യ തുറന്നു പറഞ്ഞിരുന്നു. പഹൽഗാം ഭീകരാക്രമണം പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് ജൂണില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ ഇന്ത്യ വിസമ്മതിക്കുകയും ചെയ്തു. ഓപ്പറേഷൻ സിന്ദൂർ സമയത്തെ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം വിവിധ ആയുധങ്ങൾ പരീക്ഷിക്കാനുള്ള ലബോറട്ടറിയായാണ് ചൈന ഉപയോഗിച്ചതെന്ന ഡപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലഫ്. ജനറൽ രാഹുൽ ആർ.സിങ്ങിന്‍റെ തുറന്നുപറച്ചില്‍ ഇന്ത്യ–ചൈന ബന്ധം ഉലഞ്ഞുവെന്നതിന് തെളിവായിരുന്നു. ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാൻ നടത്തിയ യുദ്ധമുറകളിലെ ചൈനീസ് തന്ത്രങ്ങൾ ചൈന പാക്കിസ്ഥാനു നൽകുന്ന പിന്തുണയ്ക്കു തെളിവാണെന്നും ലഫ്. ജനറൽ സിങ് വെളിപ്പെടുത്തിയിരുന്നു.
അരങ്ങുണര്‍ത്തിയ അധികത്തീരുവ
വിയോജിപ്പുകളെല്ലാം മറികടന്ന് റഷ്യയേയും ചൈനയേയും ഇന്ത്യയേയും ഇപ്പോള്‍ ഒരുമിപ്പിച്ച ഘടകമെന്തെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഒന്നുമാത്രമാണ്. ട്രംപിന്‍റെ അധികത്തീരുവ. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്‍റെ പേരില്‍ ഇന്ത്യയ്ക്ക് അധികത്തീരുവ. പക്ഷേ, അപ്പോഴും ചൈനയെ തൊടാന്‍ മടിക്കുകയാണ് ട്രംപ്. യുക്രെയ്നെതിരായ യുദ്ധത്തില്‍ റഷ്യയ്ക്ക് ഇന്ത്യ സാമ്പത്തിക സഹായമടക്കം നല്‍കുന്നുവെന്ന് ട്രംപിന്‍റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാറൊ തുറന്ന് പറയുകയും ചെയ്തു. അങ്ങനെ ഇന്ത്യയേയും റഷ്യയേയും ലക്ഷ്യമിട്ടുള്ള ട്രംപിന്‍റെ നീക്കത്തിന് മറുവാക്കാണ് ഇന്ന് നടന്ന മൂന്ന് നേതാക്കളുടേയും കൂടിക്കാഴ്ച. ട്രംപ് ആവശ്യത്തിനും അനാവശ്യത്തിനും പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്‍റെ പ്രധാനമന്ത്രി ആ കൂടിക്കാഴ്ചയ്ക്ക് മൂകസാക്ഷിയായി അവിടെയുണ്ടായിരുന്നുവെന്നത് മറ്റൊരു കൗതുകം.
Also Read: ഷാങ്ഹായില്‍ സൗഹൃദം പങ്കിട്ട് മോദിയും ഷിയും പുട്ടിനും; ഷഹബാസിനെ അവഗണിച്ചു
ചൈനയെ വിശ്വസിക്കാമോ?
കൂടിക്കാഴ്ചയുടെ ആവേശം ഒരുവശത്തുള്ളപ്പോഴും വിദേശകാര്യവിദഗ്ധരടക്കം പറയുന്നൊരു കാര്യമുണ്ട്. ചൈനയെ അങ്ങനെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ ഇന്ത്യയ്ക്കാകില്ല. അതിന് ഇന്ത്യയ്ക്ക് വ്യക്തമായ കാരണങ്ങളുണ്ട്. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമായി മാലദ്വീപടക്കം ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ശക്തമായി ഇടപെടാന്‍ ചൈന നീക്കം തുടങ്ങിയിട്ട് ഒരു ദശകത്തോളമായി. അതിര്‍ത്തിയില്‍ സമാധാനമില്ലാതാക്കാന്‍ ചൈന നടത്തുന്ന ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല. അതിനെല്ലാം ഉപരിയാണ് പാക്കിസ്ഥാന് സാമ്പത്തികമായടക്കം നല്‍കുന്ന സഹായങ്ങള്‍. ട്രംപിന്‍റെ തീരുവയ്ക്ക് മറുപടി നല്‍കാനെടുക്കുന്ന ശ്രമങ്ങള്‍ക്ക് ഒപ്പം നില്‍ക്കും എന്നതിനപ്പുറം ചൈനയുമായുള്ള സൗഹൃദം ഏതെല്ലാം മേഖലകളിലേക്ക് വ്യാപിക്കുമെന്ന് കണ്ടറിയണം. റഷ്യ വിശ്വസ്ത പങ്കാളിയാണെന്നതാണ് ഇന്ത്യയെ ആര്‍.ഐ.സിയില്‍ സജീവമാക്കുന്നത്. പക്ഷേ, ആ കൂട്ടില്‍ കൂടെയുള്ള ചൈനയെ ഇന്ത്യ കണ്ണുമടച്ച് വിശ്വസിക്കില്ലെന്ന് ഉറപ്പാണ്.