ഇന്ത്യ– ചൈന– റഷ്യ ശാക്തിക ചേരി രൂപപ്പെടുന്നു എന്ന സൂചന നല്‍കി എസ്.സി.ഒ ഉച്ചകോടിക്കിടെ അപൂര്‍വ സൗഹാര്‍ദപ്രകടനം. യോഗം തുടങ്ങും മുന്‍പ് നരേന്ദ്രമോദിയും ഷി ചിന്‍ പിങ്ങും വ്ലാഡിമിര്‍ പുട്ടിനും ഹ്രസ്വ സംഭാഷണം നടത്തി. തുടര്‍ന്നുള്ള പ്രസംഗത്തിലും യു.എസിനെ നേതാക്കള്‍ ഉന്നമിട്ടു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ മൂവരും അവഗണിച്ചതും ശ്രദ്ധേയമായി.
യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുള്ള മറുപടിയാണ് ഈ ദൃശ്യങ്ങള്‍. തീരുവ കൊണ്ട് വരുതിക്ക് നിര്‍ത്താന്‍ ശ്രമിച്ചാല്‍ പുതിയ ശാക്തിക ചേരി രൂപപ്പെടുമെന്ന മുന്നറിയിപ്പ്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനൊപ്പമാണ് മോദി വേദിയിലേക്ക് എത്തിയത്. ഇരുവരെയും ഷീ ചിന്‍പിങ് വരവേറ്റു. തുടര്‍ന്നായിരുന്നു ഹ്രസ്വ ചര്‍ച്ച. അടുത്ത സുഹൃത്തുക്കളെന്ന് തോന്നിക്കുന്ന ശരീരഭാഷ.
ശീതയുദ്ധ മനോഭാവം തെറ്റാണെന്നും ആധിപത്യം അംഗീകരിക്കാനാവില്ലെന്നും അഭിസംബോധനയില്‍ ട്രംപിനെ ഉന്നമിട്ട് ഷീ. റഷ്യ– യുക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമെന്ന് പറഞ്ഞ വ്ലാഡിമിര്‍ പുട്ടിന്‍ യു.എസ്. മുന്‍കയ്യെടുത്ത് നടത്തിയ ചര്‍ച്ചകളെകുറിച്ച് മിണ്ടിയില്ല. യുദ്ധത്തിന് കാരണം പാടിഞ്ഞാറന്‍ രാജ്യങ്ങളാണെന്നും പുട്ടിന്‍റെ വിമര്‍ശനം
നരേന്ദ്രമോദിയും വ്ലാഡിമിര്‍ പുട്ടിനും വേദിയില്‍ എത്തുമ്പോള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അവിടെ ഉണ്ടായിരുന്നെങ്കിലും ഇരുവരും മുഖംനല്‍കിയില്ല. ഷി ചിന്‍ പിങ്ങും മോദിയും പുട്ടിനും സംസാരിക്കുമ്പോള്‍ ഷഹബാസ് ഷെറീഫ് സമീപത്തുകൂടെ നടന്നു നീങ്ങുന്നതും കാണാം.