മധ്യപ്രദേശില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നുമുള്ള രണ്ട് യുവാക്കളെ കേരളം ചേര്‍ത്തുപിടിച്ച ദിവസമാണിന്ന്. ഒരുജാതി ഒരു മതം, ഒരു ദൈവം മനുഷ്യനെന്ന് വിളംബരം ചെയ്ത ഗുരുവിന്റെ മണ്ണില്‍. അതേ ദിവസം അര്‍ഹതയുള്ള ഒരു മലയാളിയെ മലയാളിയുടെ മണ്ണില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും അകറ്റി നിര്‍ത്തി. ദേശീയ പാതയുടെ പൂര്‍ത്തിയായ രണ്ട് റീച്ചുകളുടെ ഉദ്ഘാടന വേദിയില്‍ സംസ്ഥാനത്തെ പൊതുമരാമത്ത് മന്ത്രിക്ക് ഇടമില്ല. എന്തുകൊണ്ടാണത്? സംസ്ഥാനത്തെ മന്ത്രിയെ വിളിക്കലെന്നാല് ബിജെപിക്ക് മരുമകനെ വിളിക്കലാണോ? അതില്‍ പരാതിയുണ്ടെങ്കില്‍ അമ്മായിയപ്പനോട് പറയണമെന്ന് ബിജെപി നേതാവ് പറയുന്നതില്‍ പ്രതിഫലിക്കുന്നതെന്താണ്? വകുപ്പ് മന്ത്രിക്ക് ക്ഷണമില്ലാത്ത വേദിയില്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ഇടം കിട്ടുന്നതെങ്ങനെയാണ്? ഇന്നലെവരെയും ക്ഷണമില്ലെന്ന വിവരം സര്‍ക്കാരോ മന്ത്രി റിയാസോ പുറത്തുപറയാഞ്ഞതെന്താണ്? സര്‍ക്കാരും സിപിഎമ്മും ഒരവസരം കാത്തിരുന്നതോ ഇന്ന് കോഴിക്കോട്ടെ റോഡ് ഷോയില്‍ കണ്ടപോലെ. ഇനി കേരളത്തെ അപമാനിക്കലാണ് നടന്നതെങ്കില്‍ ഈ നേരംവരെയും കേരളത്തിന്റെ മുഖ്യമന്ത്രി ഒരു വാക്ക് പറയാത്തതെന്താണ്?