lpg-shortage-kerala-cooking-gas-crisis

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പാചകവാതക ക്ഷാമം അനുഭവപ്പെടുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. ഗാർഹിക കണക്ഷനുകളുടെ ബുക്കിങ് ഇടവേള 27 ദിവസമായി പരിമിതപ്പെടുത്തിയതും സ്ഥിതിഗതികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

പാചകവാതക ലഭ്യതയിലെ അനിശ്ചിതത്വം സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടുന്ന സേവനമേഖലയെ പോലും ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ജില്ലകൾക്കിടയിൽ യാത്ര ചെയ്യുന്ന തൊഴിലാളികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ അതിഥി തൊഴിലാളികളും ഭക്ഷണത്തിനായി പ്രധാനമായും ഈ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ഗ്യാസ് ലഭ്യതയിൽ തടസ്സം തുടരുകയാണെങ്കിൽ പല സ്ഥാപനങ്ങൾക്കും പ്രവർത്തനം നിർത്തേണ്ട സാഹചര്യം ഉണ്ടാകാമെന്നാണ് വ്യാപാരരംഗത്തിന്റെ മുന്നറിയിപ്പ്. റമദാൻ മാസം കൂടിയായതിനാൽ കുടുംബങ്ങളുടെ പാചകവാതക ആവശ്യം വർധിക്കുന്ന സമയവുമാണിത്. 

സാധാരണ ജനങ്ങളുടെയും വ്യാപാരമേഖലയുടെയും ജീവിതത്തെ ബാധിക്കുന്ന ഈ സാഹചര്യത്തിൽ പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യമാണ്. ഗാർഹിക ഉപഭോക്താക്കൾക്കും ഹോട്ടലുകൾക്കും ആവശ്യമായ എൽപിജി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ആവശ്യമായാൽ ബജറ്റ് വിഭവങ്ങളിൽ നിന്ന് സബ്സിഡി നൽകി ഒരു സംരക്ഷണ സംവിധാനം ഒരുക്കുന്നതും പരിഗണിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.- മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

അതേസമയം, പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളില്‍ നിന്ന് ജനപ്രിയ വിഭവങ്ങള്‍ അപ്രത്യക്ഷമായി തുടങ്ങുകയാണ്. കൂടുതൽ പാചകവാതകം ഉപയോഗിക്കേണ്ടി വരുന്ന ദോശ, ഊത്തപ്പം തുടങ്ങിയ വിഭവങ്ങള്‍ക്കാണ് ആദ്യം പിടിവീണത്. 

അടച്ചുപൂട്ടല്‍ ഭീഷണിയില്‍ നിന്ന് രക്ഷതേടിയുള്ള ആദ്യമാര്‍ഗമെന്ന നിലയിലാണ് കൂടുതല്‍ പാചകവാതകം ആവശ്യമുള്ള വിഭവങ്ങളില്‍ പിടിവീണത്. ദോശ, ഊത്തപ്പം, അപ്പം, ഫ്രൈഡ് റൈസ് എന്നിവയ്ക്കൊപ്പം ചില സൈഡ് ഡിഷുകളും വന്‍നഗരങ്ങളിലെ ഹോട്ടലുകളില്‍ നിന്ന് അപ്രത്യക്ഷമായി തുടങ്ങി. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിലെ നിയന്ത്രണം മാറ്റിയില്ലെങ്കില്‍ ചായ കുടിയും കാപ്പി കുടിയും കുറയ്ക്കേണ്ടി വരും.ഹോട്ടലുകൾക്ക് ആവശ്യമായ വാണിജ്യ എൽപിജിയുടെ 50 ശതമാനമെങ്കിലും സർക്കാർ ഉറപ്പുവരുത്തണമെന്നും, ശേഷിക്കുന്ന ആവശ്യം ബദൽ മാർഗങ്ങളിലൂടെ ഭാഗികമായി പരിഹരിക്കാമെന്നുമാണ് ഹോട്ടലുടമകള്‍ പറയുന്നത്.

 

ENGLISH SUMMARY:

LPG shortage Kerala is a growing concern as the state faces significant issues with cooking gas availability, exacerbated by recent price hikes and booking interval limitations. The situation impacts both domestic households and the service sector, including hotels and restaurants, prompting urgent calls for central government intervention to ensure adequate supply and mitigate price impacts.