President Donald Trump meet with Ukraine's President Volodymyr Zelenskyy in the Oval Office at the White House, Monday, Aug. 18, 2025, in Washington. (AP Photo/Julia Demaree Nikhinson)
യുക്രെയ്ന്‍–റഷ്യ യുദ്ധം അവസാനിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം അവസാനിക്കണമെന്ന നിലപാടിലാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെന്ന് ട്രംപ്. ഇന്ന് സെലന്‍സ്കിയുമായുള്ള ചര്‍ച്ച നിര്‍ണായകമാണ്. യുക്രെയ്ന്റെ സംരക്ഷണം ഉറപ്പാക്കുമെന്നും സെലന്‍സ്കിയുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായി ട്രംപ് പറഞ്ഞു. റഷ്യ–യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് വൈറ്റ് ഹൗസില്‍ നിര്‍ണായക ചര്‍ച്ചകള്‍. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയും ട്രംപും കൂടിക്കാഴ്ച നടത്തുകയാണ്.
ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി. ജര്‍മനി, ഫിന്‍ലാന്‍ഡ് ഭരണാധികാരികളും നാറ്റോ സെക്രട്ടറി ജനറലും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റും ചര്‍ച്ചകളുടെ ഭാഗമാകുന്നുണ്ട്. റഷ്യ പിടിച്ചടക്കിയ ക്രൈമിയ, ഖേഴ്സന്‍, സാപൊറീഷ്യ, ഡോണ്‍ബാസ് മേഖലകള്‍ വിട്ടുനല്‍കണമെന്ന ആവശ്യമാണ് സെലന്‍സ്കി മുന്നോട്ടുവയ്ക്കുന്നത്. Also Read: ഞാനാരാ...മോന്‍; ‘6 മാസത്തിനിടെ 6 യുദ്ധം അവസാനിപ്പിച്ചു’; വീണ്ടും ട്രംപ്
എന്നാല്‍ ഖേഴ്സന്‍, സാപൊറീഷ്യ എന്നീ പ്രദേശങ്ങള്‍ മാത്രമായിരിക്കും പുട്ടിന്‍ വിട്ടുനല്‍കുന്നതെന്നാണ് സൂചന. നാറ്റോയ്ക്ക് തുല്യമായ സുരക്ഷ യുക്രെയ്ന് നല്‍കണമെന്ന ആവശ്യവും സെലന്‍സ്കി ഉന്നയിച്ചേക്കും. അതിനിടെ, റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്നില്‍ ഇന്ന് 10പേര്‍ കൊല്ലപ്പെട്ടു. മുപ്പതിലധികംപേര്‍ക്ക് പരുക്കേറ്റു.
അലാസ്ക ഉച്ചകോടിക്ക് പിന്നാലെ റഷ്യന്‍ ഭാഗത്തുനിന്ന് വന്‍പുരോഗതി ഉണ്ടായതായി ട്രംപ് ഇന്നലെ വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ സൂചനകള്‍ പുറത്തുവന്നത്. യുക്രെയ്ന്റെ നാറ്റോ പ്രവേശം എതിര്‍ക്കുമ്പോഴും യു.എസ് സുരക്ഷ നല്‍കുന്നതിനെ പുട്ടിന്‍ എതിര്‍ക്കില്ലെന്നാണ് സൂചന. ഭൂപ്രദേശങ്ങള്‍ വിട്ടുനല്‍കണമെന്ന ആവശ്യത്തില്‍ പുട്ടിന്‍ വിട്ടുവീഴ്ചയ്ക്ക് തയാറായേക്കുമെന്നും ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ് കോഫ് യു.എസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഡൊണെറ്റ്സ്ക് മേഖല വിട്ടുനല്‍കണമെന്ന പുട്ടിന്റെ ആവശ്യം അംഗീകരിക്കില്ലെന്നാണ് സെലന്‍സ്കിയുടെ നിലപാട്. ഭൂപ്രദേശം വിട്ടുനല്‍കുന്നത് ഭരണഘടനപ്രകാരം സാധ്യമല്ലെന്ന് സെലന്‍സ്കി പറയുന്നു.
അതേസമയം സുരക്ഷ സമാധാനക്കരാറിന്റെ ഭാഗമാണമെന്ന് സെലന്‍സ്കി ആവശ്യപ്പെട്ടു. നാറ്റോയിലെ ആര്‍ട്ടിക്കിള്‍ 5ന് സമാനമായി സുരക്ഷ യു.എസില്‍നിന്ന് ഉറപ്പ് ലഭിക്കണമെന്നാണ് ആവശ്യം. അംഗരാജ്യം ആക്രമിക്കപ്പെട്ടാല്‍ മറ്റെല്ലാ അംഗങ്ങളും പ്രതിരോധത്തിന് ഇറങ്ങണമെന്നാണ് ആര്‍ട്ടിക്കിള്‍ 5.