മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയശേഷവും രാഹുല്‍ മാങ്കൂട്ടത്തിലിനുവേണ്ടിയുള്ള പൊലീസ് തിരച്ചില്‍ എങ്ങുമെത്തിയില്ല. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കും അവിടെ നിന്ന് കര്‍ണാടകത്തിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ഒന്‍പതുദിവസത്തിന്‍റെ തിരച്ചിലിനുശേഷം രാഹുല്‍ കര്‍ണാടകത്തിലുണ്ടെന്ന നിഗമനത്തിലാണ് പൊലീസ് സംഘം. ആദ്യം ഒളവില്‍ കഴിഞ്ഞ ബാഗലൂരില്‍ പരിശോധന നടത്തിയെങ്കിലും പിന്നീട് എങ്ങോട്ട് പോയി എന്ന് വ്യക്തമായ സൂചന ലഭിച്ചില്ല. രാഹുലിന്‍റെ സഹായികളെ ചോദ്യംചെയ്തെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ലെന്നാണ് വിവരം.
ഒളിവിലും ആഡംബരം
രാഹുല്‍ മാങ്കൂട്ടത്തിലിന് ബെംഗളൂരുവില്‍ താമസമൊരുക്കിയത് അഭിഭാഷകയാണെന്ന് പൊലീസിന് വിവരം ലഭിച്ചു. അത്യാഡംബര വില്ലയിലാണ് രാഹുലിന് താമസമൊരുക്കിയത്. ഇവിടെ രണ്ടുദിവസം താമസിച്ചു. പൊലീസ് എത്തുന്നതിന് തൊട്ടുമുന്‍പാണ് പ്രതി മുങ്ങിയത്. യാത്രയ്ക്കുള്ള കാര്‍ എത്തിച്ചുനല്‍കിയത് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. ബാഗലൂരില്‍ റിസോര്‍ട്ട് എര്‍പ്പാടാക്കി നല്‍കിയതും ഇവരായിരുന്നു.
‘അത് ക്ലോസ്ഡ‍് ചാപ്റ്റര്‍’
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ കേസ് അടഞ്ഞ അധ്യായമെന്ന് മുതിര്‍ന്ന നേതാവ് കെ.മുരളീധരന്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെ കോണ്‍ഗ്രസിന്‍റെ ഉത്തരവാദിത്തം തീര്‍ന്നു. ഇനി പ്രതിയെ പിടിക്കേണ്ടത് പൊലീസിന്‍റെ ചുമതലയാണ്. എംഎല്‍എ സ്ഥാനത്തുനിന്ന് പുറത്താക്കേണ്ടത് സ്പീക്കറാണെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.