ആറ് യുദ്ധങ്ങള്‍ വെറും ആറുമാസത്തിനിടെ അവസാനിപ്പിച്ച താനൊരു സംഭവം തന്നെയെന്ന അവകാശവാദവുമായി ട്രംപ് വീണ്ടും. യുക്രേനിയന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്കിയുമായുള്ള ചര്‍ച്ചയുടെ മുന്നോടിയായിട്ടായിരുന്നു ട്രംപിന്റെ പ്രതികരണം. ട്രൂത്ത് സോഷ്യലിലൂടെയാണ് അവകാശവാദം അല്‍പം കൂടി ട്രംപ് ബലപ്പെടുത്തിയത്.
ഗാസയില്‍ അവശേഷിച്ച ബന്ദികളെ തിരിച്ചെത്തിക്കാന്‍ ഹമാസിനെ നശിപ്പിക്കുകയല്ലാതെ മറ്റു പോംവഴികളൊന്നുമുണ്ടായില്ലെന്നും ട്രംപ് പറയുന്നു.‘ എത്രയും വേഗം കാര്യങ്ങള്‍ നടക്കുന്നുവോ, അത്രയും വിജയസാധ്യത കൂടും, ഞാനാണ് ഇടനില ചര്‍ച്ചകള്‍ നടത്തി ഗാസയില്‍ നിന്നും ബന്ദികളെ മോചിപ്പിച്ച് അമേരിക്കയിലേക്കും ഇസ്രയേലിലേക്കും തിരിച്ചെത്തിച്ചത്, ഞാനൊരാളാണ് ആറ് മാസത്തിനിടെ ആറ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചത്’– ട്രംപ് ട്രൂത്തില്‍ കുറിച്ചു
‘ഇറാനിലെ ആണവ കേന്ദ്രങ്ങൾ തകർത്തത് താനാണ്. ജയിക്കാൻ കളിക്കുക, അല്ലെങ്കിൽ കളിക്കാതിരിക്കുക’– ടെഹ്‌റാനും ഇസ്രയേലും തമ്മിൽ ജൂണിൽ 12 ദിവസം നീണ്ടുനിന്ന സംഘർഷത്തിനിടെ, ഇറാനിൽ യുഎസ് നടത്തിയ ആക്രമണങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ വാക്കുകള്‍.
ഗാസയിലെയും യുക്രയിനിലെയും യുദ്ധങ്ങൾ 24 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് ട്രംപ് അധികാരത്തിലെത്തും മുന്‍പ് അവകാശപ്പെട്ടിരുന്നു. ഗാസ ചർച്ചകൾ അനിശ്ചിതത്വത്തിലാണെങ്കിലും റഷ്യയും യുക്രയിനും തമ്മിലുള്ള വെടിനിർത്തലിനായി ശ്രമം പുരോഗമിക്കുകയാണെന്നും ട്രംപ്. അലാസ്കയിൽ വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വൈറ്റ് ഹൗസിൽ സെലെൻസ്കിയെയും മറ്റ് യൂറോപ്യൻ നേതാക്കളെയും ട്രംപ് കണ്ട് ചര്‍ച്ച നടത്തിയിരുന്നു.
ആറ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഡോണല്‍ഡ് ട്രംപ് നിരവധി യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിച്ചതായി അവകാശപ്പെടുന്നുണ്ട്, കഴിഞ്ഞ മേയ് മാസത്തോടെയാണ് അവകാശവാദങ്ങള്‍ക്ക് തുടക്കമായത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചു എന്നതാണ് ഒരു അവകാശവാദം. ഈ അവകാശവാദത്തെ പിന്തുണച്ച് പാക്കിസ്ഥാനെത്തിയതും ട്രംപിന് സമാധാന നോബൽ നേട്ടത്തിനായി പിന്തുണച്ചതും വലിയ വാര്‍ത്തയായിരുന്നു.
മൂന്ന് പ്രധാന ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണത്തിന് ഉത്തരവിട്ടുകൊണ്ട്
ജൂണിൽ ട്രംപ് ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ ഇടപെട്ടു. ചർച്ചകൾക്കും നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും ശേഷം, ഇറാനും ഇസ്രായേലും വെടിനിർത്തലിന് സമ്മതിച്ചതായി ട്രംപ് പ്രഖ്യാപിച്ചു.
ഈ അടുത്തകാലത്തായി അർമേനിയയും അസർബൈജാനും തമ്മിലുള്ളസമാധാന ഉടമ്പടിക്ക് യുഎസ് മധ്യസ്ഥത വഹിച്ചു, ദശാബ്ദങ്ങൾ നീണ്ട നാഗോർണോ-കരബാക്ക് സംഘർഷത്തിന് അന്ത്യം കുറിച്ചു. ഇതിനും മുന്‍പ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ തായ്‌ലന്‍ഡും കംബോഡിയയും തമ്മിൽ നിലനിന്ന അതിർത്തി സംഘർഷങ്ങൾക്ക് വിരാമമിട്ട് വെടിനിർത്തൽ കരാറിനായി യുഎസ് പ്രസിഡന്റ് സമ്മർദ്ദം ചെലുത്തി.
വൈറ്റ്ഹൗസിന്റേയും ട്രംപിന്റേയും കണക്കനുസരിച്ച്, സെർബിയയും കൊസോവോയും ഈജിപ്തും എത്യോപ്യയും റുവാണ്ടയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കും അന്ത്യം കുറിച്ചു. ഇതെല്ലാം ആ രാജ്യങ്ങളറിഞ്ഞോ എന്നുള്ളത് ചിന്തിക്കേണ്ടുന്ന മറ്റൊരു വശം.
‘ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് പഴയകാല സംഘർഷങ്ങളവസാനിപ്പിച്ച് സമാധാനത്തിന്റെയും സമൃദ്ധിയുടെയും വിജയത്തിന്റെയും നാളുകളിലേക്ക് നീങ്ങാന്‍ കഴിയുമെന്ന് ട്രംപിന്റെ ഇടപെടലിലൂടെ തെളിയുകയാണെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.