വാഷിങ്ടണില്‍ രണ്ട് നാഷനൽ ഗാർഡ് സൈനികരെ ഒരു അഫ്ഗാൻ പൗരൻ വെടിവെച്ചുകൊന്നതിന് തൊട്ടുപിന്നാലെ ‘മൂന്നാം ലോക രാജ്യങ്ങളി’ല്‍ നിന്നുള്ള കുടിയേറ്റം നിര്‍ത്തിവയ്ക്കുന്നതായുള്ള യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനത്തോടെ ‘മൂന്നാം ലോകം’ എന്ന പദം വീണ്ടും ഉയര്‍ന്നുവന്നു. ആരാണ് ട്രംപ് വിലക്കിയ മൂന്നാം ലോകക്കാര്‍?
ശീതയുദ്ധക്കാലത്താണ് ഒന്നും രണ്ടും മൂന്നും ലോകം എന്ന ആശയം ഉടലെടുത്തത്. യുഎസുമായി യോജിച്ച വെസ്റ്റേൺ ബ്ലോക്കിനും കമ്യൂണിസ്റ്റ് ഈസ്റ്റേൺ ബ്ലോക്കിനും ഇടയിൽ ലോകം പിളർന്നപ്പോൾ നിഷ്പക്ഷ രാഷ്ട്രങ്ങളും ബാക്കിയുള്ളവ മൂന്നാം ലോകവും എന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടു. ദരിദ്രരായ അല്ലെങ്കിൽ ‘അവികസിത’ രാജ്യങ്ങളെ വിവരിക്കാൻ പലപ്പോഴും ‘മൂന്നാംലോകം’ എന്ന വാക്ക് ഉപയോഗിക്കാറുണ്ടെങ്കിലും പൊതുവെ ഈ വിശേഷണം കാലഹരണപ്പെട്ടതായാണ് പരക്കെ കണക്കാക്കുന്നത്.
ചരിത്രപരമായി, ഒന്നാം ലോകം യുഎസുമായി ചേർന്ന് നിൽക്കുന്ന ജനാധിപത്യ, വ്യാവസായിക രാജ്യങ്ങളെ പരാമർശിക്കുന്നു. തൊഴിലാളികളും കർഷകരും നയിക്കുന്ന കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ രണ്ടാം ലോകവും, ഇരുകൂട്ടരിലും പെടാത്ത ഭൂരിഭാഗം രാജ്യങ്ങള്‍ മൂന്നാം ലോകവും. ഒന്നാം ലോകത്തിൽ വടക്കേ അമേരിക്ക, പടിഞ്ഞാറൻ യൂറോപ്പ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ എന്നിവയാണ് ഉള്‍പ്പെടുന്നത്. സ്പെയിനിന് കീഴിലുള്ള വെസ്റ്റേൺ സഹാറ, വർണ്ണവിവേചന കാലത്തെ ദക്ഷിണാഫ്രിക്ക, തെക്ക് പടിഞ്ഞാറൻ ആഫ്രിക്ക (നമീബിയ) എന്നിങ്ങനെ പാശ്ചാത്യ ബന്ധങ്ങൾ കാരണം നിരവധി ആഫ്രിക്കൻ പ്രദേശങ്ങളും ഈ ശ്രേണിയില്‍ ഉള്‍പ്പെട്ടു. 1975-ൽ കമ്യൂണിസ്റ്റ് ആകുന്നതുവരെ അംഗോളയും മൊസാംബിക്കും പോർച്ചുഗീസിന്‍റെ നിയന്ത്രണത്തിലായിരുന്നു. റിപ്പബ്ലിക്കുകളും കിഴക്കൻ യൂറോപ്പും, പോളണ്ട്, കിഴക്കൻ ജർമ്മനി, ചെക്കോസ്ലോവാക്യ, ബാൾക്കൻ, മംഗോളിയ, ഉത്തര കൊറിയ, വിയറ്റ്നാം, ലാവോസ്, കംബോഡിയ തുടങ്ങിയ ചൈനയുമായി ബന്ധമുള്ള ഏഷ്യൻ കമ്യൂണിസ്റ്റ് രാജ്യങ്ങളുമാണ് രണ്ടാം ലോക രാഷ്ട്രങ്ങള്‍. മൂന്നാം ലോകത്തിൽ ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവയുള്‍പ്പെടെയുള്ള അവികസിത കാർഷിക പ്രദേശങ്ങൾ ഉൾപ്പെടുന്നു.
കുടിയേറ്റക്കാർക്കെതിരെയുള്ള നടപടികളുടെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ നിന്നും മറ്റ് 18 രാജ്യങ്ങളിൽ നിന്നുമുള്ള എല്ലാ സ്ഥിര താമസക്കാരുടെയും ഗ്രീൻ കാർഡ് ഉടമകളുടെയും ഇമിഗ്രേഷൻ സ്റ്റാറ്റസ് അവലോകനം ചെയ്യുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, കോംഗോ-ബ്രാസാവില്ലെ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളാണ് സമ്പൂർണ യാത്രാ നിരോധനത്തിന് വിധേയമായ രാജ്യങ്ങൾ. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്ഥാൻ, വെനസ്വേല എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ട്രംപ് സര്‍ക്കാര്‍ ഭാഗിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.