File photo: AFP

ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 145 ശതമാനം അധികത്തീരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനം മൂന്നുമാസത്തേക്ക് കൂടി മരവിപ്പിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇത് സംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചതായി വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. മുന്‍പ്രഖ്യാപനം അനുസരിച്ച് ഇന്ന് മുതലായിരുന്നു തീരുവ നിലവില്‍ വരേണ്ടിയിരുന്നത്. ചൈനയുമായി വ്യാപാരക്കരാറില്‍ ഉടനെത്തുമെന്നും ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. 

സ്റ്റോക്ഹോമില്‍ വച്ച് ജൂലൈ അവസാനം നടന്ന യുഎസ്–ചൈന ഉന്നതരുടെ കൂടിക്കാഴ്ചയിലാണ് ഇളവിനുള്ള തീരുമാനമായതെന്നാണ് കരുതുന്നത്. അതേസമയം, ചൈനയെ പ്രകോപിപ്പിക്കാതിരിക്കാനുള്ള നടപടിയാണിതെന്നും ഇതുവഴി ഇന്ത്യയെ വീണ്ടും ഒറ്റപ്പെടുത്താനുള്ള നീക്കമാണെന്ന് വിലയിരുത്തുന്നവരും കുറവല്ല. ട്രംപിന്‍റെ അന്യായത്തീരുവയ്ക്കെതിരെ ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്ക് ലഭിച്ചേക്കുമെന്ന സാഹചര്യം നിലവിലെ ഇളവിലൂടെ ഒഴിവാക്കാമെന്നാണ് യുഎസ് കരുതുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അതേസമയം, ഇളവ് രാജ്യാന്തര വിപണിയില്‍ ആശ്വാസം സൃഷ്ടിക്കുന്നവാര്‍ത്തയാണ്. 145 ശതമാനം അധികത്തീരുവ പ്രഖ്യാപിച്ചുള്ള യുഎസ് നടപടിക്കെതിരെ ബെയ്ജിങും കടുത്ത നടപടിയെടുത്തിരുന്നു. അമേരിക്കന്‍ ഉത്പാദകര്‍ക്കുള്ള റെയര്‍ എര്‍ത് കയറ്റുമതിയിലാണ് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 

മേയില്‍ ഇരുരാജ്യങ്ങളും തമ്മിലെത്തിയ ധാരണയെ തുടര്‍ന്ന് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവ 30 ശതമാനമാക്കി കുറച്ചിരുന്നു. പകരമായി യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള നികുതി ചൈന 10 ശതമാനം ആക്കുകയും റെയര്‍ എര്‍ത് കയറ്റുമതി പുനഃസ്ഥാപിക്കുകയും ചെയ്തു.  ഇളവ് നല്‍കിയ മൂന്ന് മാസത്തിനുള്ളില്‍ ഫെന്‍റാനില്‍ കടത്ത് സംബന്ധിച്ച ആരോപണങ്ങളിലും റഷ്യയില്‍ നിന്ന് ചൈന ഇന്ധനം വാങ്ങുന്നതിലും ധാരണയുണ്ടാകുമെന്നാണ് യുഎസ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ അവസാനം ചൈനയിലെത്തി ഷീ ചിന്‍പിങുമായി കൂടിക്കാഴ്ച നടത്താനും ട്രംപിന് പദ്ധതിയുണ്ട്. 

ENGLISH SUMMARY:

US-China Trade War: Donald Trump suspends 145% tariff on Chinese imports for three months, signaling progress in trade negotiations. This decision aims to de-escalate tensions and potentially resolve disputes related to fentanyl smuggling and energy imports.