ചൈനയടക്കം ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഭേദഗതി ചെയ്ത് കേന്ദ്രസര്‍ക്കാര്‍. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഓഹരി ഉടമകളായ കമ്പനികള്‍ രാജ്യത്ത് നിക്ഷേപം നടത്തും മുന്‍പ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം വേണമെന്ന വ്യവസ്ഥയില്‍ ഇളവു നല്‍കി. രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് തീരുമാനം.
ചൈന, ബംഗ്ലദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള, നിയന്ത്രണാവകാശമില്ലാത്തതും ഗുണഭോക്തൃ അവകാശം 10 ശതമാനം വരെമാത്രവുമായ ഓഹരി ഉടമകള്‍ ഉള്ള കമ്പനികള്‍ക്ക് ഇനിമുതല്‍ സര്‍ക്കാര്‍ അനുമതി തേടാതെ രാജ്യത്ത് നിക്ഷേപം നടത്താം. വിശദാംശങ്ങള്‍ വാണിജ്യ മന്ത്രാലയത്തെ അറിയിക്കണം. ഗുണഭോക്തൃ ഉടമസ്ഥാവകാശ പരിശോധന നിക്ഷേപക സ്ഥാപനതലത്തില്‍ തന്നെ നടത്തും.
നിര്‍ണായകമായ മൂലധന ഉപകരണങ്ങള്‍, ഇലക്ട്രോണിക് ഘടകങ്ങള്‍, പോളിസിലിക്കണ്‍ തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങളില്‍ 60 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും. നിക്ഷേപം സ്വീകരിക്കുന്ന സ്ഥാപനത്തിന്റെ ഭൂരിഭാഗം ഓഹരി പങ്കാളിത്തവും നിയന്ത്രണാധികാരവും ഇന്ത്യന്‍ പൗരന്‍മാര്‍ക്കോ പൗരന്‍മാരുടെ ഉടമസ്ഥതയില്‍ ഉള്ള ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കോ ആയിരിക്കും എന്നും ഭേദഗതി വ്യക്തമാക്കുന്നു. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഭേദഗതിക്ക് അംഗീകാരം നല്‍കിയത്.