പശ്ചിമേഷ്യയില്‍ ഇറാന്‍ ആക്രമണം ശക്തമാക്കാന്‍ തീരുമാനിച്ചാൽ ഇറാന്റെ വൈദ്യുതി അടിസ്‌ഥാനസൗകര്യങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തകര്‍ക്കാന്‍ തീരുമാനിച്ചാല്‍ ഒരു മണിക്കൂറിനുള്ളിൽ അത് നടപ്പാക്കാൻ യുഎസിന് സാധിക്കുമെന്നും ട്രംപ് പറഞ്ഞു. ഇത് പുനർനിർമിക്കാൻ ഇറാന്‍ 25 വർഷമെടുക്കുമെന്നും അതിനാൽ അതൊരിക്കലും ചെയ്യാതിരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. യുഎസ് സൈനിക നടപടികൾക്കു ശേഷം ഇറാൻ ദുർബലമായെന്നും ട്രംപ് അവകാശപ്പെട്ടു. Also Read: ഖത്തറിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎസ് സൈനികരുടെ വിവരം തേടി ഐആര്‍ജിസി .
അതേസമയം ഇറാന്റെ വൈദ്യുതി അടിസ്‌ഥാനസൗകര്യങ്ങളെ ആക്രമിച്ചാൽ മേഖലയിലെ വൈദ്യുതി ഗ്രിഡുകളെയാകെ ആക്രമിച്ച് അര മണിക്കൂറിനുള്ളിൽ ഇരുട്ടിലാക്കുമെന്ന് ഇറാന്‍ മറുപടി നല്‍കി. സുരക്ഷ തേടി ഓടുന്ന അമേരിക്കൻ സൈനികരെ വേട്ടയാടാൻ ഈ ഇരുട്ട് ധാരാളം അവസരങ്ങൾ നൽകുമെന്നും ഇറാന്റെ നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി പ്രതികരിച്ചു. നിങ്ങളേക്കാൾ വലിയവർക്ക് പോലും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇല്ലാതാക്കപ്പെടാതിരിക്കാൻ നിങ്ങളെത്തന്നെ ശ്രദ്ധിക്കണമെന്നും അലി ലാരിജാനി സമൂഹമാധ്യമത്തിൽ കുറിച്ചു.
ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ തടയാൻ ശ്രമിച്ചാൽ അമേരിക്ക ഇറാനെ ഇരുപത് മടങ്ങ് ശക്തമായി ആക്രമിക്കുമെന്നും മരണവും, തീയും അവരെ പിന്നീട് ഒരിക്കലും തിരിച്ചുവരാൻ കഴിയാത്തവിധം നശിപ്പിക്കുമെന്നും അത് സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ വളരെ വേഗത്തിൽ നീങ്ങുന്നുണ്ടെന്നും വളരെ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസിൽ നടന്ന പരിപാടിയിൽ ട്രംപ് പറഞ്ഞു.
ഇറാനെ ഭീകരതയുടെയും വെറുപ്പിന്റെയും രാഷ്ട്രം എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അതിനവര്‍ ഇപ്പോള്‍ വലിയ വില നൽകിക്കൊണ്ടിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. ഇറാനെതിരായ യുഎസ്-ഇസ്രായേൽ നടപടി ഒരു ഹ്രസ്വകാല ഓപ്പറേഷനാണെന്ന് ട്രംപ് ആവർത്തിക്കുന്നുണ്ടെങ്കിലും പ്രവർത്തനങ്ങൾ എന്ന് അവസാനിപ്പിക്കുമെന്ന് കൃത്യമായ ഒരു തീയതി സൂചിപ്പിച്ചിട്ടില്ല.
അതേസമയം, ഗാസയിലും ലെബനനിലും ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഗാസയില്‍ മരണസംഖ്യ 80 കവിഞ്ഞു. തെക്കൻ ലെബനനിലെ ഖൗസ, ഖൗനൈൻ, ഹാരിസ്, ഹദത എന്നിവിടങ്ങളിലും ഇസ്രയേൽ ആക്രമണം നടത്തി. സിഡോൺ ജില്ലയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് കുട്ടികളടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഏഴ് പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. അതിനിടെ ഹിസ്ബുള്ള അപ്പർ ഗലീലിയിലേക്ക് റോക്കറ്റ് ആക്രമണം നടത്തി.