യുഎസിലേക്കുള്ള ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയതിന് പിന്നാലെ അനുബന്ധ ഉപരോധം(Secondary Sanction) ഏര്‍പ്പെടുത്തുമെന്ന് ഭീഷണി മുഴക്കി ഡോണള്‍ഡ് ട്രംപ്. മാധ്യമങ്ങളുമായുള്ള സംവാദത്തിനിടെയാണ് ട്രംപ് ഭീഷണി തുടര്‍ന്നത്. മറ്റുപല രാജ്യങ്ങളും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുമ്പോള്‍ ഇന്ത്യയ്ക്കെതിരെ മാത്രം എന്തിന് നടപടി എടുക്കുന്നു എന്ന് ചോദ്യം ഉയര്‍ന്നതോടെയാണ് ട്രംപിന്‍റെ ഭീഷണി. 'എട്ടുമണിക്കൂറല്ലേ ആയിട്ടുള്ളൂ. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നോക്കട്ടെ. ഇനിയും കാണാനിരിക്കുന്നതേയുള്ളൂ. അനുബന്ധ ഉപരോധവുമായി ബന്ധപ്പെട്ട കൂടുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ പോകുകയാണ്'- ട്രംപ് വിശദീകരിച്ചു.
FILE PHOTO: FILE PHOTO: U.S. President Donald Trump and India's Prime Minister Narendra Modi talk as they arrive for a joint news conference after bilateral talks at Hyderabad House in New Delhi, India, February 25, 2020. REUTERS/Al Drago//File Photo
എന്താണ് അനുബന്ധ ഉപരോധം? യുഎസ് ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളുമായോ സ്ഥാപനങ്ങളുമായോ വ്യാപാരബന്ധത്തില്‍ ഏര്‍പ്പെടുന്ന രാജ്യത്തിന് മേല്‍ ചുമത്തുന്ന പിഴയാണ് അനുബന്ധ ഉപരോധം എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ഉപരോധത്തില്‍ ഉള്ള രാജ്യത്തിന് രാജ്യാന്തര വിപണിയുമായുള്ള ബന്ധം തകര്‍ക്കാനും അവരുടെ സമ്പദ്വ്യവസ്ഥയെ തകിടം മറിക്കാനും അതുവഴി കൂടുതല്‍ ഒറ്റപ്പെടുത്തുകയുമാണ് ഇതിന്‍റെ ലക്ഷ്യം. ഇറാന്‍, റഷ്യ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളുമായി വ്യാപാര–വാണിജ്യ ബന്ധങ്ങള്‍ മറ്റുരാജ്യങ്ങളും തുടരാന്‍ പാടില്ലെന്ന നിലപാട് യുഎസ് ദീര്‍ഘകാലമായി കൈക്കൊണ്ടിട്ടുണ്ട്.
റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ചൊല്ലിയാണ് ട്രംപ് ഇടഞ്ഞത്. ഇതോടെ ഇറക്കുമതി തീരുവ 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി വര്‍ധിപ്പിക്കുകയായിരുന്നു. നിലവില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം ഇറക്കുമതിത്തീരുവയുള്ള രാജ്യവും ഇന്ത്യയായി. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് യുക്രെയ്നെതിരായ സൈനിക നടപടിയെ പിന്തുണയ്ക്കുന്നതാണെന്നും യുദ്ധത്തെ പ്രോല്‍സാഹിപ്പിക്കലാണെന്നുമായിരുന്നു ട്രംപിന്‍റെ ആരോപണം. റഷ്യയെ ഒറ്റപ്പെടുത്തുന്നതിനായി ഇന്ത്യയെ സമ്മര്‍ദത്തിലാക്കുകയാണ് യുഎസ് ശ്രമിക്കുന്നതും.
അതേസമയം, ട്രംപിന്‍റെ നടപടി നീതികരിക്കാനാവാത്തതും അസംബന്ധവും അടിസ്ഥാനമില്ലാത്തതുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. രാജ്യത്തിന്‍റെ താല്‍പര്യവും ജനങ്ങളുടെ ഊര്‍ജ ഉപഭോഗവും കണക്കിലെടുത്താണ് റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത്. യൂറോപ്യന്‍ യൂണിയനുള്‍പ്പടെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് കണ്ണടയ്ക്കുകയും ഇന്ത്യയ്ക്കെതിരെ രംഗത്ത് വരികയും ചെയ്യുന്നത് അപലപനീയമാണെന്നും വിദേശകാര്യമന്ത്രാലയം രൂക്ഷമായി പ്രതികരിച്ചു. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി മാത്രമേ ഇന്ത്യ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും ബാഹ്യസമ്മര്‍ദത്തിന് വഴങ്ങാന്‍ തയാറല്ലെന്നും മന്ത്രാലയം നിലപാട് വ്യക്തമാക്കി.