യുഎസിലെ സ്കൂള്‍ ക്യാംപസില്‍ കൂട്ടവെടിവെയ്പ് നടത്താന്‍ ആസൂത്രണം നടത്തിയെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ വംശജനെ അറസ്റ്റ് ചെയ്തു. 25കാരനായ ലുഖ്മാന്‍ ഖാന്‍ ആണ് എഫ്ബിഐ പിടിയിലായത്. ഇയാളില്‍ നിന്ന് ആയുധശേഖരവും ലഘുലേഖകളും പിടിച്ചെടുത്തു.
‘എല്ലാവരെയും കൊല്ലുക, രക്തസാക്ഷിത്വം’ നേടുക എന്നെഴുതിയ ലേഖകളാണ് യുഎസ് അന്വേഷണ ഏജന്‍സി കണ്ടെടുത്തത്. തോക്കുകളും, വെടിക്കോപ്പുകളും ബോഡി ആര്‍മറും പിടിച്ചെടുത്തവയില്‍പ്പെടുന്നുവെന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് അറിയിച്ചു.
ഡെലവെയർ സർവകലാശാലയിലെ വിദ്യാർത്ഥിയാണ് ഖാന്‍. നവംബര്‍ 24ന് പാർക്ക് അടച്ച ശേഷവും പിക്കപ്പ് ട്രക്കുമായി ഇയാളെ കണ്ടതിനെത്തുടര്‍ന്ന് പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വാഹനത്തിൽ നിന്ന് .357 കാലിബർ ഗ്ലോക്ക് ഹാൻഡ്‌ഗണും 27 റൗണ്ട് വെടിയുണ്ടകളും പോലീസ് കണ്ടെത്തി. ഇതിനുപുറമെ, 27 റൗണ്ടുകളുള്ള മൂന്ന് മാഗസൈനുകള്‍, ഒരു കവചിത ബാലിസ്റ്റിക് പ്ലേറ്റ്എന്നിവയും കണ്ടെത്തി.
കൈകൊണ്ട് എഴുതിയ ഒരു നോട്ട്ബുക്കിൽ ആയുധങ്ങളെയും തോക്കുകളെയും കുറിച്ചുള്ള വിവരങ്ങളും, പ്രവര്‍ത്തനരീതിയും രക്ഷപ്പെടാനുള്ള വഴിയുമുള്‍പ്പെടെ രേഖപ്പെടുത്തിയിരുന്നു. ഡെലവെയർ സർവകലാശാലയിലെ പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഒരംഗത്തിന്റെ പേരും നോട്ട്ബുക്കിൽ പരാമർശിച്ചിരുന്നു.
രക്തസാക്ഷിയാകുന്നത് മനുഷ്യര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമാണെന്ന് ഖാൻ ചോദ്യംചെയ്യലിനിടെ പോലീസിനോട് പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ഖാന്‍ ജനിച്ചത് പാക്കിസ്ഥാനിലാണെങ്കിലും അമേരിക്കന്‍ പൗരത്വം നേടിയിട്ടുണ്ട്. അറസ്റ്റിനു പിന്നാലെ എഫ്‌ബിഐ ,ഖാന്റെ വിൽമിംഗ്ടണിലെ വീട്ടിൽ റെയ്ഡ് നടത്തി, വലിയ തോതിലുള്ള ആയുധ ശേഖരം റെയ്ഡിനിടെ കണ്ടെത്തിയിട്ടുണ്ട്.