പ്രതീകാത്മക ചിത്രം
ലഹോറില്‍ നിന്ന് കറാച്ചിയിലേക്ക് വിമാനം കയറിയ പാകിസ്ഥാന്‍ പൗരന്‍ എത്തിയത് സൗദിയില്‍. പിന്നാലെ സ്വകാര്യ വിമാനക്കമ്പനിക്ക് നോട്ടിസ് അയച്ച് യാത്രക്കാരന്‍. എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഷഹ്സൈൻ എന്ന പാകിസ്ഥാന്‍ പൗരന്‍ കയറിയത് തെറ്റായ വിമാനത്തിലാണ്. എന്നാല്‍ വിമാനടിക്കറ്റ് കാണിച്ചിട്ടും എയര്‍ഹോസ്റ്റസ് താന്‍ വിമാനം മാറി കയറിയത് അറിയിച്ചില്ലെന്നാണ് ഷഹ്സൈൻ പരാതിയില്‍ പറയുന്നത്.
വിമാനത്താവളത്തിന്‍റെ ടെർമിനൽ ഗേറ്റിൽ രണ്ട് വിമാനങ്ങൾ പാർക്ക് ചെയ്തിരുന്നതായാണ് പരാതിയില്‍ പറയുന്നത്. അങ്ങിനെയാണ് ടിക്കറ്റ് എയര്‍ഹോസ്റ്റസിനെ കാണിച്ച് വിമാനം കയറുന്നത്. എന്നാല്‍ എയര്‍ഹോസ്റ്റസ് തടഞ്ഞില്ല. താന്‍ അബദ്ധം മനസ്സിലാക്കിയപ്പോളേക്കും വിമാനം പറന്നുയര്‍ന്നതായി ഷഹ്‌സൈൻ പറഞ്ഞു. ലഹോറില്‍ നിന്ന് വിമാനം പറന്നുയർന്ന് രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും ഇതുവരെ കറാച്ചിയിൽ എത്താത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോളാണ് കാര്യം മനസിലായത്. താന്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ വിമാനത്തിലെ ജീവനക്കാര്‍ പരിഭ്രാന്തരാകുകയും തന്നെ കുറ്റപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം പറയുന്നു. ALSO READ: ഐഐഎം വിദ്യാര്‍ഥി ബലാല്‍സംഗം ചെയ്തെന്ന് സൈക്കോളജിസ്റ്റ്; ഇല്ലെന്ന് യുവതിയുടെ അച്ഛന്‍; വെട്ടിലായി പൊലീസ്...
തന്നെ തിരികെ കറാച്ചിയില്‍ എത്തിക്കണമെന്ന് എയർലൈനിനോട് ആവശ്യപ്പെട്ടപ്പോൾ രണ്ടോ മൂന്നോ ദിവസമെടുക്കുമെന്ന് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) അന്വേഷണം നടത്തുമെന്ന് അറിയിച്ചതായും ഏത് അന്വേഷണത്തിലും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹോറിൽ നിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന യാത്രക്കാരനെ പാസ്‌പോർട്ടും വീസയും ഇല്ലാതെ ജിദ്ദയിലെത്തിച്ചതിന് പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റിയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ALSO READ: അധ്യാപകന്‍ പീഡിപ്പിച്ചു; കോളജ് നടപടിയെടുത്തില്ല; വിദ്യാര്‍ഥിനി സ്വയം തീകൊളുത്തി ...
എയർലൈനിന്റെ അശ്രദ്ധമൂലമാണ് സംഭവമെന്നാണ് ലഹോർ എയർപോർട്ട് മാനേജ്‌മെന്റ് പറയുന്നത്. സംഭവത്തില്‍ വിമാനക്കമ്പനിക്കെതിരെ നടപടിയെടുക്കാന്‍ അപേക്ഷ അധികാരികൾക്ക് നല്‍കിയിട്ടുണ്ടെന്നും എയര്‍പോര്‍ട്ട് അറിയിച്ചു. തന്റെ അധിക യാത്രാ ചെലവുകൾ എയർലൈൻ വഹിക്കണമെന്നും തനിക്കുണ്ടായ അസൗകര്യത്തില്‍ നഷ്ടപരിഹാരം വേണമെന്നും ഷഹ്സൈൻ ആവശ്യപ്പെട്ടിട്ടുണ്ട്. ALSO READ: ‘മരുമകള്‍ കാണാവുന്ന തരത്തിലുള്ള കിടപ്പല്ല അയാളുടേത്’...