വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെത്തുടർന്ന്, പ്രതിസന്ധിയിലായ യാത്രക്കാര്‍ക്ക് 10,000 രൂപയുടെ യാത്രാ വൗച്ചറുകൾ നല്‍കുമെന്ന പ്രഖ്യാപനവുമായി ഇൻഡിഗോ. ഡിസംബർ 3 മുതൽ 5 വരെയുള്ള തീയതികളിൽ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ യാത്രക്കാർക്കാണ് 10,000 രൂപ ലഭിക്കുക. അടുത്ത 12 മാസത്തിനകം നടത്തുന്ന ഏത് യാത്രകളിലും ഈ വൗച്ചറുകൾ ഉപയോഗിക്കാമെന്നാണ് ഇൻഡിഗോ വ്യക്തമാക്കുന്നത്.
ഡിജിസിയെയുടെ പരിഷ്കരിച്ച മാനദണ്ഡപ്രകാരം പൈലറ്റുമാരടക്കം ക്യാബിന്‍ ക്രൂവിനെ പുനര്‍വിന്യസിക്കുന്നതിലുണ്ടായ കാലതാമസമാണ് വലിയ വ്യോമപ്രതിസന്ധിയുണ്ടായത്. ഇതുമൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് പകരമായാണ് യാത്രാവൗച്ചറുമായി ഇന്‍ഡിഗോ രംഗത്തെത്തിയത്. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂറുകള്‍ക്ക് മുമ്പ് ടിക്കറ്റ് റദ്ദായിപ്പോയ എല്ലാ യാത്രക്കാര്‍ക്കും യാത്രാ ദൈർഘ്യം അനുസരിച്ച് 5000 രൂപ മുതൽ 10000 രൂപ വരെയുള്ള വൗച്ചറുകളാണ് ലഭിക്കുക.
വ്യോമയാന മന്ത്രാലയത്തിന്‍റെ ചട്ടപ്രകാരമുള്ള നഷ്‌ടപരിഹാര തുകയ്‌ക്ക് പുറമെയാണ് ഈ തുക. പ്രതിസന്ധികൾ പരിഹരിക്കുകയാണെന്നും, എല്ലാം പൂര്‍വ സ്ഥിതിയിലാകുമെന്നും ഇന്‍ഡിഗോ അറിയിച്ചു. പുതിയ വിമാനസുരക്ഷാ മാനദണ്ഡം നടപ്പിലാക്കുന്നതിലെ വന്‍ വീഴ്‌ചയുടെ അടിസ്ഥാനത്തില്‍ നിരവധി വിമാനങ്ങൾ സർവീസ് നിർത്തിവച്ചതിനാൽ ഇൻഡിഗോയുടെ ശൈത്യകാല ഷെഡ്യൂളിൽ നിന്ന് 10 ശതമാനം സർക്കാർ വെട്ടിക്കുറച്ചു. കേന്ദ്രസർക്കാർ നയങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് ഇൻഡിഗോ ചെയർമാന്‍റെ വാദം. പൈലറ്റുമാരുടെ ഡ്യൂട്ടി ചട്ടവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മറികടക്കാൻ ഇൻഡിഗോ ശ്രമിച്ചുവെന്ന ആരോപണങ്ങൾക്കിടയാണ് ഇൻഡിഗോ ചെയർമാൻ വിക്രം സിങ് മേത്തയുടെ പ്രതികരണം.
ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടമായി റദ്ദാക്കപ്പെട്ടതോടെ ഡൽഹിയിലെ വ്യാപാര മേഖലയിൽ ആയിരം കോടി രൂപയുടെ നഷ്ടമുണ്ടായതായി ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു. അതേസമയം ഇൻഡിഗോ എയർലൈൻസിലെ പ്രതിസന്ധിക്കു സമാനമായി എയർ ഇന്ത്യ എക്സ്പ്രസിലും പ്രശ്നങ്ങളുണ്ടാകുമെന്നാണ് ഭാരതീയ മസ്ദൂർ സംഘിന്‍റെ മുന്നറിയിപ്പ്.