‘എന്‍റെ മകളോട് മാത്രമല്ല എന്നോടും അയാള്‍ മോശമായി പെരുമാറി, പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു. ഓഡിയോ ഞാന്‍ സേവ് ചെയ്തുവച്ചിട്ടുണ്ട്’, മകളെയും കൊച്ചുമകളെയും നഷ്ടപ്പെട്ട വിപഞ്ചികയുടെ അമ്മ ശൈലജയുടെ വാക്കുകളാണിത്. മകളെ വിവാഹം ചെയ്തുകൊടുത്തതിന്‍റെ പേരില്‍ ഒരു കുടുംബം മൊത്തം അനുഭവിച്ച യാതനകളാണ് ഷാര്‍ജയില്‍ യുവതിയും കുഞ്ഞും മരിച്ചതിന് പിന്നാലെ പുറത്തുവരുന്നത്. ഭര്‍ത്താവ് നിതീഷിന്‍റെയും പെങ്ങളുടേയും അവരുടെ അച്ഛന്‍റെയും ക്രൂരതകള്‍ സഹിക്കാന്‍ പറ്റാതായതോടെയാണ് മകള്‍ വിപഞ്ചിക കുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കിയതെന്ന് അമ്മ ശൈലജ നെഞ്ചുപൊട്ടി പറയുന്നു. Also Read: ‘നിതീഷിന്റെ അച്ഛനു കൂടി വേണ്ടിയാണ് എന്നെ കല്യാണം കഴിച്ചതെന്നായി’; വിപഞ്ചിക നേരിട്ട ക്രൂരതകള്‍...
‘വിപഞ്ചികയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞങ്ങളെ ഉപേക്ഷിച്ചുപോയതാണ്. ആ അവസ്ഥ അവള്‍ക്കും കുഞ്ഞിനും വരരുതെന്ന് കരുതിയാണ് എല്ലാം സഹിച്ചത്. അവളെ സ്നേഹിച്ചതുപോലെ നിതീഷിനേയും സ്നേഹിച്ചു, എന്നിട്ടും അവരെല്ലാം കൂടി എന്‍റെ കുഞ്ഞിനെ കൊന്നു. നിതീഷ് മുടി മുറിച്ചപ്പോഴാണ് അവളോട് മൊട്ടയടിക്കാന്‍ അയാളുടെ പെങ്ങള്‍ ആവശ്യപ്പെട്ടത്. മൊട്ടയടിച്ച് കണ്ണുനിറഞ്ഞ ഫോട്ടോ ചില ബന്ധുക്കള്‍ക്കൊക്കെ അവള്‍ അയച്ചു കൊടുത്തിരുന്നു. അവന്‍റെ അവിഹിത ബന്ധം പോലും അവള്‍ കണ്ടില്ലെന്നുനടിച്ചത് തന്‍റെ കുഞ്ഞിന് അച്ഛന്‍ വേണം എന്ന ആഗ്രഹം ഒന്നുകൊണ്ട് മാത്രമാണ്. നാത്തൂന്‍റെ ഭര്‍ത്താവിനോട് പലതവണ കെഞ്ചി പറഞ്ഞിട്ടുണ്ട്, ഭര്‍ത്താവിനെ വിട്ടുതരാന്. നിതീഷ് ‘എന്‍റെ കുഞ്ഞ്’ എന്നു പറയുന്നത് പെങ്ങളുടെ കൊച്ചിനെയാണ്. അവരുടെ എല്ലാ കാര്യത്തിനും നിതീഷ് പോകണം.’ ഇല്ലെങ്കില്‍ അച്ഛനും പെങ്ങളും അവനോട് ദേഷ്യപ്പെടുമെന്നും ശൈലജ പറയുന്നു.
‘ഒരു ബെഡില്‍ ഭാര്യയെയും കാമുകിയെയും കൊണ്ടുകിടത്തി എന്നതിനപ്പുറം എന്തുപറയണം നിതീഷിനെക്കുറിച്ച്... വിപഞ്ചിക പക്ഷേ ആരോടും ഒന്നും പറഞ്ഞില്ല. അമ്മ വിഷമിക്കരുത് എന്നാണ് എല്ലാവരോടും പറയാറുള്ളത്. വിപഞ്ചികയുടെ ആങ്ങളയും ഭാര്യയും അവിടെയുണ്ട്, അവരോടും ഒന്നും ഇതുവരെ വിട്ടുപറഞ്ഞിട്ടില്ല, നിതീഷിന്‍റെ കുടുംബത്തിന് സ്വര്‍ണത്തോടും പണത്തോടും മാത്രമാണ് ആര്‍ത്തി എന്ന് ഇടയ്ക്കിടെ പറയാറുണ്ടെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ വിട്ടുപറയില്ലെന്നും അമ്മ പറയുന്നു.
നിതീഷിന്റെ അച്ഛന്‍ വിപഞ്ചികയോട് മാത്രമല്ല തന്നോടും മോശമായും മര്യാദയില്ലാതെയും പെരുമാറിയിട്ടുണ്ടെന്ന് ശൈലജ ആരോപിച്ചു. മോശമായി സംസാരിച്ച ഓഡിയോ താന്‍ സേവ് ചെയ്തുവച്ചിട്ടുണ്ടെന്നും ശൈലജ മനോരമന്യൂസിനോട് പറഞ്ഞു. ‘ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി ഇത്രകാലമായിട്ടും ആരും എന്നോടിത്ര മോശമായി സംസാരിച്ചിട്ടില്ല, അയാളൊരു വൃത്തികെട്ടവനാണ്, നിതീഷ് കൂട്ടുകാര്‍ക്കൊപ്പം നാലഞ്ചുദിവസം യാത്രയൊക്കെ പോകുന്ന സമയത്ത് വിപഞ്ചികയും കുഞ്ഞും അയാളുമാണ് വീട്ടിലുണ്ടാവുക, രാവിലെ മുതല്‍ മദ്യപാനം തുടങ്ങും. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായിട്ടൊക്കെ അയാളുടെ മുറിയില്‍ കയറി വിളിക്കണം. മരുമകള്‍ക്ക് കാണാവുന്ന തരത്തിലുള്ള കിടപ്പൊന്നുമായിരുന്നില്ല അയാളുടേത്. അയാളെ തൊട്ടുതലോടി നോക്കണമെന്നാണ് നിതീഷും പറയുന്നത്’ – ശൈലജ പറഞ്ഞു.
ഒരിക്കല്‍ കൗണ്‍സിലിങ്ങിന് പോയപ്പോള്‍ ആ ഡോക്ടര്‍ നിതീഷിനോട് ചോദിച്ചിട്ടുണ്ട്. നിനക്കുവേണ്ടിയാണോ അച്ഛനു വേണ്ടിയാണോ കല്യാണം കഴിച്ചതെന്ന്. അത്ര മോശം കുടുംബമാണതെന്നും വിപഞ്ചികയുടെ അമ്മ പറയുന്നു. ‘മരിച്ചുകഴിഞ്ഞിട്ടെങ്കിലും ഒരല്‍പം കുറ്റബോധമെങ്കിലും ബാക്കിയുണ്ടോ അവന്? എന്‍റെ മകളുടേയും കുഞ്ഞിന്‍റെയും ശരീരങ്ങള്‍ ആ മരുഭൂമിയില്‍ തന്നെ കളയാനാണ് ഇപ്പോള്‍ അവന്‍ ശ്രമിക്കുന്നതെന്നും അമ്മ ശൈലജ പറയുന്നു.
കേസില്‍ വിപഞ്ചികയുടെ ഭർത്താവിന്‍റെ പങ്ക് കോൺസുലേറ്റിനെയും കേന്ദ്രസർക്കാരിനെയും ധരിപ്പിച്ചിട്ടുണ്ടെന്ന് യുഎഇയിലെ അഭിഭാഷകൻ അജി കുര്യാക്കോസ് പറഞ്ഞു. കുഞ്ഞിനെ ശ്വാസംമുട്ടിച്ച ശേഷം കെട്ടിതൂക്കി എന്നാണ് ഫൊറന്‍സിക് റിപ്പോർട്ട്. വിപഞ്ചികയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് തിങ്കളാഴ്ച ലഭിക്കും. പബ്ലിക് പ്രോസിക്യൂഷന്‍റെ തീരുമാനവും തിങ്കളാഴ്ച വന്നേക്കും. യുഎഇ കോൺസുലേറ്റിന്‍റെ ഭാഗത്ത് നിന്ന് തീരുമാനം ഉണ്ടാകാതെ മറ്റ് നടപടിക്രമങ്ങൾ നടത്തരുത് എന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളതെന്ന് അഭിഭാഷകൻ അജി കുര്യാക്കോസ് മനോരമ ന്യൂസിനോട് പറഞ്ഞു.