pigeon-indigo

TOPICS COVERED

പ്രതിസന്ധിയില്‍ ഉഴലുന്ന ഇന്‍ഡിഗോയെ വെട്ടിലാക്കി ഒരു അപ്രതീക്ഷിത യാത്രക്കാരന്‍. ബെംഗളൂരുവില്‍ നിന്നും വഡോദരയിലേക്കുള്ള വിമാനത്തിലാണ് ടേക്ക് ഓഫിന് തൊട്ടുമുന്‍പ് പ്രാവിനെ കാബിനുള്ളില്‍ കണ്ടെത്തിയത്. പ്രാവിനെ കണ്ടതോടെ യാത്രക്കാരും ജീവനക്കാരും അങ്കലാപ്പിലായി. 

ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പ്രാവ് കയറിയതിന്റെ ദൃശ്യങ്ങള്‍ അധികം വൈകാതെ സോഷ്യല്‍മീഡിയയിലും പ്രചരിച്ചു. പുറത്തേക്ക് പോവാനുള്ള വഴി കാണാതെ പ്രാവ് യാത്രക്കാരുടെ തലയ്ക്ക് മുകളിലൂടെ വട്ടമിട്ടു പറന്നു. യാത്രക്കാരും ക്രൂവും ചേര്‍ന്ന് പ്രാവിനെ പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ‘തമാശ നിറഞ്ഞ നിമിഷം’ എന്ന ക്യാപ്ഷനോടെയാണ് ഇന്‍സ്റ്റഗ്രാം ഉപയോക്താവ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെങ്കിലും ഇന്‍ഡിഗോയ്ക്ക് ഇടിവെട്ടിയവനെ പാമ്പു കടിച്ച പോലുള്ള അവസ്ഥയായിരുന്നു. ഈ എക്സ്ട്രാ ഭാരത്തിനു ഇന്‍ഡിഗോ എത്രരൂപ ഈടാക്കുമെന്നും , ഇത് ‘ബേര്‍ഡിങ് പാസ്’ എന്നൊക്കെയും ചിലര്‍ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. 

രാജ്യത്തുടനീളം വിമാനങ്ങൾ വൈകുകയും റദ്ദാക്കുകയും ചെയ്തതിനെ തുടർന്ന്, പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വിമാനത്തിനുള്ളില്‍ പ്രാവ് കയറി ആശങ്ക സൃഷ്ടിച്ചത്. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, എയർലൈൻ ഇതുവരെ 610 കോടി രൂപ റീഫണ്ടായി നൽകിക്കഴിഞ്ഞു. വൈകിയ 3,000ത്തോളം ബാഗേജുകളും  യാത്രക്കാർക്ക് എത്തിച്ചു നൽകിയിട്ടുണ്ട്. 

ENGLISH SUMMARY:

Indigo Airlines Crisis: An unexpected passenger, a pigeon, disrupted an Indigo flight from Bangalore to Vadodara, adding to the airline's woes amidst flight delays and refund issues. The incident, captured on video, further complicates Indigo's efforts to normalize operations after refunding ₹610 crore and addressing baggage delays.