കൃത്യമായ ആസൂത്രണം..പഴുതടച്ചുളള ആക്രമണം. അതായിരുന്നു ഇറാനുനേരെ അമേരിക്ക നടത്തിയ ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍. ഡമ്മി വിമാനങ്ങളെ അണിനിരത്തി ശത്രുവിന്‍റെ ശ്രദ്ധതിരിച്ച് അമേരിക്ക നടത്തിയ അതിവിദഗ്ദമായ ആക്രമണത്തില്‍ ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ തകര്‍ന്നടിഞ്ഞു. ഇറാന് ഇരുട്ടടി നല്‍കാന്‍ അമേരിക്ക പ്രയോഗിച്ചതാകട്ടെ റഡാര്‍ കണ്ണുകളെ പോലും വെട്ടിച്ച് ലോകത്തിന്‍റെ ഏതറ്റത്തും ആക്രമണം നടത്താന്‍ ശേഷിയുളള ബി2 ബോംബര്‍ വിമാനങ്ങളും ബങ്കര്‍ ബസ്റ്ററുകളും...'ഭൂഗര്‍ഭ അറകളുടെ അന്തകനെന്ന്' അറിയപ്പെടുന്ന ബങ്കര്‍ ബസ്റ്ററുകള്‍ ശത്രുപാളയത്തിലേക്കിറങ്ങിച്ചെന്ന് ഉഗ്രസ്ഫോടനം നടത്താന്‍ ശേഷിയുളളവയാണ്. അതീവ ആക്രണമശേഷിയുളള ബി2 ബോംബറുകള്‍ പ്രയോഗിക്കുന്ന ഏക രാജ്യവും അമേരിക്ക തന്നെ. റഷ്യക്കും ചൈനയ്ക്കും പക്കല്‍ ബി2 ബോംബറുകളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതുവരെ അവ പ്രയോഗിച്ചതായി തെളിവില്ല.
ബി2 ബോംബര്‍
ലോകത്തിലെ ഏറ്റവും വിലയേറിയ യുദ്ധവിമാനമാണ് ബി2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബര്‍. ഏകദേശം 18,000 കോടിയ്ക്ക് മുകളിലാണ് ഇവയുടെ നിര്‍മാണച്ചിലവ്. ഹെവി സ്റ്റെല്‍ത്ത് ബോംബര്‍ ഗണത്തിലുളള വിമാനമാണ് ബി2 ബോംബര്‍ വിമാനങ്ങള്‍. പട്ടത്തിന്‍റെ, അല്ലങ്കില്‍ ചിറക് വിരിച്ചുപറക്കുന്ന പക്ഷിയുടെ രൂപഘടനയുളള ഈ യുദ്ധവിമാനം 18000 കിലോവരെ ഭാരമുളള ബോംബുകള്‍ വഹിക്കാന്‍ ശേഷിയുളളവയാണ്. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത വ്യോമപ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ച് ലക്ഷ്യം നിറവേറ്റാനുളള ശേഷി തന്നെയാണ്. ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 18,500 കിലോമീറ്ററോളം ഇവയ്ക്ക് പറക്കാനാകും. ആകാശത്ത് വച്ചുതന്നെ ഇന്ധനം നിറയ്ക്കാം എന്ന പ്രേത്യേകതയും ഇവയ്ക്കുണ്ട്. നോർത്രോപ് ഗ്രമ്മൻ കമ്പനിയാണു ബി 2 യുദ്ധവിമാനത്തിന്‍റെ നിര്‍മാതാക്കള്‍. മണിക്കൂറുകൾക്കുള്ളിൽ ലോകത്തെവിടെയും എത്തി ആക്രമണം നടത്താന്‍ കഴിവുളള ബി2 ബോംബര്‍ വിമാനങ്ങള്‍ 19 എണ്ണമാണ് യുഎസിന്‍റെ പക്കലുളളത്.
ബങ്കര്‍ ബസ്റ്റര്‍
'ഭൂഗര്‍ഭ അറകളുടെ അന്തകന്‍' എന്നറിയപ്പെടുന്ന ബങ്കര്‍ ബസ്റ്ററുകളാണ് ഇറാന്‍റെ ആണവനിലയങ്ങള്‍ തകര്‍ക്കാന്‍ അമേരിക്ക പ്രയോഗിച്ചത്. GBU-57A/B Massive Ordnance Penetrator എന്നാണ് യഥാര്‍ഥ പേര്. 13,600 കിലോഗ്രാം ഭാരമുളള ഇവയ്കകത്ത് 2400 കിലോ സ്ഫോടകവസ്തുവാണ് ഉണ്ടാകുക. ഡിലേയ്ഡ് ആക്ഷന്‍ ഡിറ്റൊണേഷന്‍ സിസ്റ്റം അഥവാ സ്മാര്‍ട് ഫ്യൂസ് എന്ന സംവിധാനം വഴിയാണ് ഈ ബങ്കര്‍ ബസ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ബോംബില്‍ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് റിസീവര്‍ വഴി കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിക്കാനുളള കഴിവും ബങ്കര്‍ ബസ്റ്ററുകള്‍ക്കുണ്ട്. ഉപഗ്രഹങ്ങളില്‍ നിന്നും ലക്ഷ്യം കൃത്യമായി ഇവ പിടിച്ചെടുക്കും. ലക്ഷ്യസ്ഥാനത്ത് പതിച്ചശേഷം 60 മീറ്റര്‍ ആഴത്തിലേക്ക് തുരന്ന് ഇറങ്ങി ആഴങ്ങളിലെത്തി ഉഗ്രസ്ഫോടനം നടത്താനാകും എന്നതാണ് ബങ്കര്‍ ബസ്റ്ററുകളുടെ ഏറ്റവും വലിയ സവിശേഷത. അതുകൊണ്ടുതന്നെയാണ് ഭൂമിക്കടിയിൽ ശക്തമായ കോൺക്രീറ്റ് പാളികൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഇറാന്‍റെ ആണവനിലയങ്ങൾ തകർക്കാൻ അമേരിക്ക നേരെ ബങ്കര്‍ ബസ്റ്ററുകള്‍ പ്രയോഗിച്ചതും.
ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍
അമേരിക്ക അതീവരഹസ്യമായി നടത്തിയ മിന്നലാക്രമണം. 19 ബി2 വിമാനങ്ങളാണ് ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമറിന്‍റെ ഭാഗമായി അമേരിക്കയിലെ മിസോറിയില്‍ നിന്നും പറന്നുയര്‍ന്നത്. ഇവയില്‍ ഒരുവിഭാഗം പസഫിക് ദ്വീപായ ഗ്വാം ലക്ഷ്യമാക്കി പടിഞ്ഞാറേയ്ക്കും ഏഴ് ബി2 വിമാനങ്ങള്‍ യഥാര്‍ത്ഥ ലക്ഷ്യസ്ഥാനമായ ഇറാനിലെ ആണവനിലയങ്ങള്‍ ലക്ഷ്യമാക്കി നീങ്ങി. അതായത് ഈ 7 ബി2 വിമാനങ്ങള്‍ അഥവാ സ്ട്രൈക്ക് പാക്കേജ് കിഴക്ക് ലക്ഷ്യമാക്കി കുതിച്ചു. അത്യാവശ്യ സന്ദേശങ്ങള്‍ മാത്രം കൈമാറി, അതിവിദഗ്ദമായി പലതവണ ആകാശത്തുവച്ച് തന്നെ ഇന്ധനം നിറച്ച് 18 മണിക്കൂര്‍ നീണ്ട പറക്കല്‍. ഇതിനിടയില്‍ 125 യുദ്ധവിമാനങ്ങള്‍ യുഎസ് താവളങ്ങളില്‍ നിന്നും അകമ്പടിയായെത്തി. സ്ട്രൈക്ക് ടീം ഇറാനിലേക്ക് കടക്കും മുന്‍പ് സെന്‍ട്രല്‍ കമാന്‍ഡ് മേഖലയിലെ കടലില്‍ നിന്ന് 24 ടോമഹോക് മിസൈല്‍ ഇസ്ഫഹാന്‍ ലക്ഷ്യമാക്കി തൊടുത്തു. ശത്രുവിന്‍റെ ശ്രദ്ധ തിരിക്കുന്നതിനായി, ഇറാനിലെത്തിയ സ്ട്രൈക്ക് ടീം തങ്ങള്‍ക്ക് മുന്നിലായി യുഎസിന്‍റെ അതിവേഗ യുദ്ധവിമാനങ്ങള്‍ ഉയരത്തില്‍ പറത്തി. ശേഷം ഫോര്‍ഡോ , നതാന്‍സ് എന്നീ ആണനിലയങ്ങള്‍ ലക്ഷ്യമാക്കി നീക്കി. ലക്ഷ്യസ്ഥാനത്തിനടുത്തെത്തിയതും ഇറാനിയന്‍ മിസൈല്‍ നിരയ്ക്ക് നേരെ വ്യോമാക്രമണം.
അധികം വൈകാതെ ആദ്യ ലക്ഷ്യമായ ഫോര്‍ദോ ആണവനിലയത്തിന് നേരെ 2 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ തൊടുക്കുന്നു. പിന്നാലെ 10 എണ്ണം കൂടി. അടുത്ത ലക്ഷ്യം നതാന്‍സ് ആയിരുന്നു. 2 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ അവിടേയ്ക്കും തൊടുത്തു. ഇതിനിടിയില്‍ തന്നെ ഇസ്ഫഹാനില്‍ വീണ്ടും ടോമഹോക് മിസൈല്‍ ആക്രമണം. 25 മിനിറ്റ് നീണ്ട അതിവിധഗ്ദ ആക്രമണത്തിന് ശേഷം ബി2 ബോംബര്‍ വിമാനങ്ങള്‍ അമേരിക്ക ലക്ഷ്യമാക്കി തിരികെ...ഇതായിരുന്നു ലോകരാജ്യങ്ങളെപ്പോലും നടുക്കിയ ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍.