Untitled design - 1

യുഎസ് – ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ ഭാര്യ മന്‍സൂറയും മരിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയിലിരിക്കെയാണ് മരണം.  ഇസ്രയേലിന്‍റെയും ഇറാന്‍റെയും സംയുക്ത ആക്രമണങ്ങളില്‍ ഖമനയി കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഭാര്യയുടെ മരണം.

ഖമനയിയുടെ മകളും പേരക്കുട്ടിയും നേരത്തേ തന്നെ കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ ഭാര്യയും മരിച്ച വിവരം പുറത്തുവരുന്നത്. 

ഖമനയി തന്നെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. തന്‍റെ ജീവന് ആസന്നമായ ഭീഷണിയായി മാറിയതുകൊണ്ടാണ് താന്‍ ആ ഭീഷണിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്നും ട്രംപ് പറഞ്ഞു. തന്നെ കൊല്ലുന്നതിന് മുന്‍പ് ഖമേനിയെ തനിക്ക് തന്നെ കിട്ടിയതിൽ ട്രംപ് സന്തോഷം പ്രകടിപ്പിച്ചതായും എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 

കഴിഞ്ഞ ദിവസം എബിസി ന്യൂസിലെ കറസ്പോണ്ടന്റ് ജോനാഥൻ കാളുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് ട്രംപിന്‍റെ പ്രതികരണം.‘അവൻ എന്നെ പിടികൂടുന്നതിന് മുമ്പ് ഞാൻ അവനെ പിടികൂടി. അവർ രണ്ടുതവണ ശ്രമിച്ചിരുന്നു. പക്ഷേ ഞാന്‍ പിടികൂടി’ ട്രംപ് പറഞ്ഞു. ആയത്തുല്ല ഖമനയിയുടെ മരണത്തെക്കുറിച്ച് പ്രസിഡന്റ് ട്രംപ് എന്നോട് പറഞ്ഞത് ഇതാണെന്ന് കുറിച്ച് ജോനാഥൻ കാളും ഇക്കാര്യം തന്‍റെ എസ്കില്‍ കുറിച്ചിട്ടുണ്ട്. 

2024-ൽ ട്രംപിനെതിരെ രണ്ട് തവണ വധശ്രമമുണ്ടായിരുന്നു. ജൂലൈയിൽ പെൻസിൽവാനിയയിലെ ഒരു റാലിക്കിടെ ട്രംപിന്റെ ചെവിയിൽ വെടിയേറ്റു. പിന്നീട്, സെപ്റ്റംബറിൽ, വെസ്റ്റ് പാം ബീച്ചിൽ ഗോൾഫ് കളിക്കുകയായിരുന്ന ട്രംപിന് നേരെ റൈഫിൾ ചൂണ്ടിയതിന് ഒരാളെ അറസ്റ്റ് ചെയ്തു. 2008 ൽ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട അഫ്ഗാൻ പൗരനായ ഫർഹാദ് ഷാക്കേരിക്കെതിരെ, ട്രംപിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കുറ്റം ചുമത്തിയിരുന്നു. ഇറാന്‍റെ റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് (ഐആർജിസി) ആണ് ഇതിന്‍റെ പിന്നിലെന്നാണ് ട്രംപിന്‍റെ ആരോപണം.

എന്നാല്‍ ഇറാൻ ആരോപണങ്ങൾ നിഷേധിക്കുകയാണ് ചെയ്തത്.അതേസമയം, ചരിത്രത്തിലെ ഏറ്റവും വലിയ ദുഷ്ടന്മാരിൽ ഒരാളെന്നാണ് ഖമനയിയെ ട്രംപ് വിശേഷിപ്പിച്ചത്. ഇത് ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, എല്ലാ അമേരിക്കക്കാർക്കും, ഖമനയിയോ അദ്ദേഹത്തിന്‍റെ രക്തദാഹികളായ ഗുണ്ടകളോ മൂലം കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുള്ള എല്ലാവര്‍ക്കുമുള്ള നീതിയാണിതെന്നും ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു.

ENGLISH SUMMARY:

Ayatollah Khamenei's wife, Mansoura, has died following injuries sustained in a US-Israel joint attack, days after the Supreme Leader himself was reportedly killed. This incident follows earlier reports of the death of Khamenei's daughter and grandchildren, as claimed by Iranian state media and reported by Reuters.