• ഫോര്‍ഡോയിലെ ഭൂഗര്‍ഭ ആണവനിലയം ആക്രമിക്കും
  • നീക്കം ഇസ്രയേലിനെ സഹായിക്കാന്‍?
  • ഭീഷണികള്‍ക്ക് ഭീഷണി തന്നെയാകും മറുപടിയെന്ന് ഇറാന്‍

ഇറാനെ ആക്രമിക്കാന്‍ യുഎസ് പ്രതിരോധവകുപ്പ് തയാറാക്കിയ പദ്ധതിക്ക് പ്രസിഡ‍ന്‍റ് ഡോണള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ആക്രമണത്തിനുള്ള അന്തിമാനുമതി എടുത്തിട്ടില്ലെന്നും ബിബിസിയുടെ അമേരിക്കന്‍ പങ്കാളിയായ സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഫോര്‍ഡോയിലെ ഭൂഗര്‍ഭ ആണവനിലയം ആക്രമിക്കുകയാണ് പദ്ധതിയിലെ പ്രധാനഘടകമെന്നാണ് കരുതുന്നത്. പര്‍വതത്തിനടിയിലുള്ള ഫോര്‍ഡോ യുറേനിയം സമ്പുഷ്ടീകരണശാല തകര്‍ക്കാനുള്ള ആയുധങ്ങള്‍ ഇസ്രയേലിന്‍റെ പക്കലില്ല. ഈ സാഹചര്യത്തിലാണ് അമേരിക്ക ഇസ്രയേലിനൊപ്പം നേരിട്ട് യുദ്ധത്തില്‍ പങ്കുചേരാന്‍ ആലോചിക്കുന്നത്. Also Read: ഇസ്രയേലില്‍ ശേഷിക്കുന്നത് 10 ദിവസത്തേക്കുള്ള മിസൈലുകള്‍

President Donald Trump speaks with reporters as a flag pole is installed on the South Lawn of the White House, Wednesday, June 18, 2025, in Washington. (AP Photo/Evan Vucci)

‘ഇറാനെ ആക്രമിക്കാം, ആക്രമിക്കാതിരിക്കാം. ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല.’ ഇറാനെ ആക്രമിക്കുമോ എന്ന ചോദ്യത്തിന് ട്രംപ് ബുധനാഴ്ച നല്‍കിയ മറുപടിയാണിത്. ഇറാന്‍ ആണവപദ്ധതി ഉപേക്ഷിക്കാനുള്ള കരാറിനെക്കുറിച്ച് ചര്‍ച്ചയ്ക്ക് തയാറായാല്‍ നേരിട്ടുള്ള ആക്രമണം ഒഴിവാക്കാമെന്ന പരോക്ഷസൂചനയും ട്രംപ് നല്‍കി. ഇറാന്‍ അത്തരമൊരു വിട്ടുവീഴ്ചയ്ക്ക് തയാറായേക്കുമെന്ന പ്രതീക്ഷയാണ് ആക്രമണത്തിനുള്ള അന്തിമാനുമതി നല്‍കാതിരിക്കാനുള്ള കാരണമെന്നും സിബിഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു. Read More: ബുദ്ധിയുള്ളവര്‍ ഭീഷണിയുടെ സ്വരം ഇറാനോട് എടുക്കില്ല

സമ്മര്‍ദം ചെലുത്തി ആണവഉടമ്പടി നടപ്പാക്കാമെന്ന് ആരും കരുതേണ്ടെന്നായിരുന്നു ട്രംപിന്‍റെ മുന്നറിയിപ്പിനോടുള്ള ഇറാന്‍റെ പ്രതികരണം. ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ്. ഭീഷണികള്‍ക്ക് ഭീഷണി തന്നെയാകും മറുപടിയെന്നും ഇറാന്‍ വ്യക്തമാക്കി.

യുദ്ധത്തില്‍ അമേരിക്ക ഇസ്രയേലിനൊപ്പം ചേര്‍ന്നാല്‍ പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനികതാവളങ്ങള്‍ ഇറാന്‍ ലക്ഷ്യമിടുമെന്നുറപ്പാണ്. ഇതിനായി മിസൈലുകള്‍ സജ്ജമാക്കിക്കഴിഞ്ഞുവെന്ന് അമേരിക്കയിലെ മുതിര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെയും പെന്‍റഗണിലെ ഉന്നതരെയും ഉദ്ധരിച്ച് സിബിഎസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇസ്രയേല്‍ ഇറാനെ ആക്രമിച്ചത്. ആക്രമണത്തില്‍ പങ്കെടുത്തില്ലെങ്കിലും ഇറാന്‍റെ പ്രത്യാക്രമണം തടയാന്‍ അമേരിക്ക ഇസ്രയേലിനെ സഹായിച്ചിരുന്നുവെന്നാണ് വിവരം.

ENGLISH SUMMARY:

U.S. President Donald Trump has approved a Pentagon plan to attack Iran, though no final decision on the timing has been made, according to CBS News. The plan reportedly targets Iran's underground nuclear facility at Fordo, which Israel lacks the capability to destroy alone. Trump hinted that a direct attack could be avoided if Iran agrees to negotiate on its nuclear program. Meanwhile, Iran has warned that any aggression will be met with strong retaliation, and U.S. military bases in the Middle East could become targets if war breaks out.