ഇറാനെതിരെയുള്ള ആക്രമണത്തില്‍ മികച്ച മുന്നേറ്റമുണ്ടാക്കാനായെങ്കിലും യുദ്ധസാഹചര്യം ഇസ്രായേലിന് അനുകൂലമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ പ്രയോഗിക്കുന്ന ചെറുകിട മിസൈലുകള്‍ക്കെതിരെ ഇസ്രായേല്‍ ഉപയോഗിക്കുന്നത് അതീവ പ്രവഹശേഷിയുള്ള ഇന്‍റര്‍സെപ്റ്റര്‍, ബാലിസ്റ്റിക് മിസൈലുകളാണ്. ആക്രമണതീവ്രതയില്‍ ഇസ്രായേല്‍ മുന്നിട്ടുനില്‍ക്കുന്നെങ്കിലും സമാനരീതി തുടര്‍ന്നാല്‍ ഇസ്രായേല്‍ മിക്കവാറും യുഎസ് സഹായം തേടിയേക്കുമെന്നാണ് നിഗമനം.
കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ഓപറേഷന്‍ റൈസിങ് ലയണിന് പിന്നാലെ ഇറാന്‍ ഇസ്രായേലിനെതിരെ 400ലധികം ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചുകഴിഞ്ഞു. ഇനിയും ഇത്തരത്തില്‍ 2000ത്തിലധികം മിസൈലുകള്‍ ഇറാന്‍റെ ശേഖരത്തിലുണ്ടെന്നാണ് നിഗമനം. ഇറാന്‍ തൊടുത്തുവിട്ട ഭൂരിഭാഗം മിസൈലുകളും തകര്‍ക്കാന്‍ ഇസ്രായേല്‍ പ്രതിരോധമായ ആരോ സിസ്റ്റത്തിന് സാധിച്ചിട്ടുണ്ട്. എങ്കിലും ചിലത് രാജ്യത്തെ തന്ത്രപ്രധാനകേന്ദ്രങ്ങളില്‍ നാശനഷ്ടങ്ങളുണ്ടാക്കി. ഇറാന്‍റെ മിസൈല്‍ കേന്ദ്രങ്ങള്‍ തകര്‍ത്തെന്നും ഇറാന്‍ വ്യോമപരിധി കൈക്കലാക്കിയെന്നുമാണ് തെല്‍ അവീവില്‍ നിന്നുള്ള അവകാശവാദം. എന്നാല്‍ പകുതിയിലധികവും ഇറാന്‍ മിസൈലുകള്‍ക്ക് ഇപ്പോഴും കേടുപാടുകളില്ലെന്നാണ് ഇന്‍റലിജന്‍സ് ചോര്‍ത്തിയ വിവരം. ഇത് കൂടാതെ വലിയൊരു ശതമാനം മിസൈലുകളും ഇറാന്‍ ഭൂഗര്‍ഭ രഹസ്യ കേന്ദ്രങ്ങളില്‍ ശേഖരിച്ചുവച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇസ്രായേലിന്‍റെ മിസൈലുകള്‍ ചെലവേറിയതാണ്. ഇവ സംരക്ഷിക്കുന്നതിനും തൊടുക്കുന്നതിനും ചിലവ് ചില്ലറയല്ല. മിസൈല്‍ പ്രതിരോധങ്ങളായ അയേണ്‍ ഡോം, ഡേവിഡ്'സ് സ്ലിങ്, ആരോ സിസ്റ്റം എന്നിവയില്‍ ഇതിനേക്കാള്‍ ഏറെ ആശങ്കയുണ്ട്. ഒരോ ദിവസം രാത്രി നടക്കുന്ന പ്രതിരോധത്തിനും 285 മില്യണ്‍ ഡോളര്‍ ചിലവ് വരുന്നുണ്ടെന്നാണ് കണക്കുകൂട്ടല്‍. അതായത് ഏകദേശം 2500 കോടി രൂപ. ആരോ സിസ്റ്റത്തിലെ ഓരോ ഇന്‍റര്‍സെപ്റ്റര്‍ മിസൈലുകള്‍ക്കും ചിലവ് മൂന്ന് മില്യണ്‍ ആണ്. ഇറാന്‍റെ തുടര്‍ച്ചയായുള്ള ആക്രമണം എന്നാല്‍ പ്രശ്നമാകുക ഇറാന് തന്നെയായിരിക്കും .
മിസൈലുകളുടെ എണ്ണം കുറയാന്‍ തുടങ്ങിയാല്‍ ഇസ്രായേല്‍ കൂടുതല്‍ പ്രഹരശേഷിയുള്ള മിസൈലുകള്‍ പ്രയോഗിക്കും. ഇത്തരത്തില്‍ ആക്രമണം തുടര്‍ന്നാല്‍ ഇറാന് പ്രതിരോധം തീര്‍ക്കുക ബുദ്ധിമുട്ടായിരിക്കും. ഇത് കൂടാതെ ഇസ്രായേലിനെ ഏത്രത്തോളം അമേരിക്ക പിന്‍തുണയ്ക്കുമെന്നതും ഈ ഘട്ടത്തില്‍ പ്രധാനമാണ്. ഇസ്രായേല്‍ പ്രതിരോധം കടന്ന് ഇറാന്‍ പലതവണ ആക്രമണം നടത്തിയിട്ടുണ്ട്. തെല്‍ അവീവിലെ IDF കേന്ദ്രത്തിനടുത്തടക്കം ഇറാന്‍ മിസൈല്‍ പതിച്ചിട്ടുണ്ട്. ഹൈഫയ്ക്കടുത്തുള്ള ഒരു എണ്ണ ശുദ്ധീകരണകേന്ദ്രം ഇറാന്‍റെ മിസൈല്‍ പതിച്ചതിന് പിന്നാലെ അടച്ചുപൂട്ടിയിരുന്നു. 24 ജീവനുകളാണ് ഇസ്രായേലിന് നഷ്ടമായത്. എന്നാല്‍ ഇസ്രായേല്‍ പ്രത്യാക്രമണങ്ങള്‍ ഇറാനുമേല്‍ കടുത്ത സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. മിലിട്ടറി ബേസുകള്‍, എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങള്‍,ആണവകേന്ദ്രങ്ങള്‍ എന്നിവയാണ് ഇസ്രായേല്‍ തകര്‍ത്തത്. മരണസംഖ്യ ദിനംപ്രതി വര്‍ധിക്കുന്നതും ഇറാനെ ആശങ്കയിലാക്കുന്നുണ്ട്