പ്രധനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനവും ഇറാൻ ആക്രമണവും തമ്മിൽ ബന്ധമുണ്ടെന്ന ചർച്ചകളിൽ പ്രതികരിച്ച് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ. മോദിയുടെ സന്ദർശനത്തിന് ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് ഇസ്രയേൽ ഇറാന് നേരെ സൈനിക ആക്രമണത്തിന് അനുമതി നൽകിയതെന്ന് അംബാസിഡർ റൂവൻ അസർ വ്യക്തമാക്കി.
ഇസ്രയേലിന്റെ ഓപ്പറേഷന്റെ സമയത്തെയും മോദിയുടെ യാത്രയെയും ബന്ധിപ്പിക്കുന്ന ചർച്ചകളെ അദ്ദേഹം തള്ളിക്കളഞ്ഞു. ഫെബ്രുവരി 25,26 തീയതികളിൽ മോദി ഇസ്രായേൽ സന്ദർശിക്കുമ്പോൾ തന്നെ മേഖലയിലെ സ്ഥിതി അസ്ഥിരമായിരുന്നുവെന്നും മോദി രാജ്യം വിട്ടതിന് ശേഷം മാത്രമാണ് ഓപ്പറേഷന് അംഗീകാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം ഉണ്ടായതെന്നും അസർ വ്യക്തമാക്കി.
തന്റെ രണ്ടാമത്തെ സന്ദർശനത്തിനായി ഫെബ്രുവരി 25 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലെത്തിയത്. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നിരവധി ചർച്ചകൾ നടത്തിയ ശേഷം 26 ന് ഡൽഹിയിലേക്ക് തിരിച്ചു. രണ്ട് ദിവസങ്ങൾക്ക് ശേഷം, ഫെബ്രുവരി 28 ന് പുലർച്ചെയാണ് ഇസ്രായേൽ, അമേരിക്കയുമായി സഹകരിച്ച്, ഇറാനെതിരെ വലിയ തോതിലുള്ള സൈനിക നടപടി ആരംഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തെ ലജ്ജാകരം, അസമയത്തുള്ളത് എന്നും കോൺഗ്രസ് വിശേഷിപ്പിച്ചിരുന്നു. മോദിയുടെ സന്ദർശനം സൈനിക സംഘർഷം ആരംഭിക്കുന്നതിനുള്ള രാഷ്ട്രീയ അംഗീകാരം എന്ന ധാരണ സൃഷ്ടിച്ചുവെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
'കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒരു ആക്രമണം പ്രതീക്ഷിച്ചതായിരുന്നു. എന്നാൽ ആ സമയത്ത് തന്നെ മോദി ഇസ്രായേലിലേക്ക് പോകാൻ തീരുമാനിച്ചു, ഇന്ത്യ ഇസ്രായേലിനൊപ്പം നിൽക്കുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു, ഈ ഇസ്രായേൽ സന്ദർശനം ലജ്ജാകരമാണ്, മോദിയുടെ രണ്ട് 'നല്ല സുഹൃത്തുക്കൾ' ആരംഭിച്ച യുദ്ധത്തിന്റെ വെളിച്ചത്തിൽ ഇത് കൂടുതൽ വ്യക്തമാണ്' എന്നായിരുന്നു കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം.