ബി.ജെ.പിയില്‍ തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിന് തെളിവായി ശബ്ദരേഖകള്‍. കൊടികള്‍ വാങ്ങിയതിന് സംസ്ഥാന സെക്രട്ടറി 31 ലക്ഷം രൂപ കമ്മീഷന്‍ വാങ്ങിയെന്ന് കമ്മീഷന്‍ നല്‍കിയ സ്ഥാപനത്തിന്‍റെ പ്രതിനിധി സ്ഥിരീകരിക്കുന്നത് ശബ്ദരേഖയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിലെ കട്ടൗട്ടിന്‍റെ പേരില്‍ വ്യാജബില്ലുണ്ടാക്കി പതിനാറ് ലക്ഷം രൂപ വീതിച്ചെടുക്കാമെന്ന് സംസ്ഥാന സമിതിയംഗം പറയുന്ന ശബ്ദരേഖയും മനോരമ ന്യൂസിന് ലഭിച്ചു.
താമര വിരിഞ്ഞ കൊടികള്‍, കോടികള്‍ തട്ടിയെടുക്കാനുള്ള ആയുധമാക്കിമാറ്റി നേതാക്കളെന്ന് സ്ഥിരീകരിക്കുകയാണ് ശബ്ദരേഖ ആദ്യത്തേത്. കേന്ദ്രം സൗജന്യമായി കൊടികള്‍ തന്നെങ്കിലും സംസ്ഥാന നേതൃത്വം സ്വന്തം നിലയിലും തിരഞ്ഞെടുപ്പ് കാലത്ത് കൊടികള്‍ വാങ്ങിയിരുന്നു. ഇടപാടിന് 31 ലക്ഷം രൂപ സംസ്ഥാന സെക്രട്ടറി മുന്‍കൂറായി കമ്മീഷന്‍ വാങ്ങി. എന്നിട്ട് കൊടിയുടെ വിലയായി കൊടുക്കാന്‍ കുടിശികയുള്ള തുക ചോദിക്കുമ്പോള്‍ ഫോണ്‍ പോലും എടുക്കുന്നില്ലത്രേ.
പ്രധാനമന്ത്രിയുടെ കട്ടൗട്ടില്‍ നിന്നും കയ്യിട്ട് വാരിയെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ രണ്ടാമത്തേത്. പ്രചാരണത്തിന്‍റെ അവസാനഘട്ടത്തില്‍. നരേന്ദ്ര മോദി തിരുവനന്തപുരത്ത് റോഡ് ഷോ നടത്തിയപ്പോള്‍ പല വലിപ്പത്തിലുള്ള കട്ടൗട്ടുകള്‍ അച്ചടിച്ചിരുന്നു. ആ കട്ടൗട്ടിന്‍റെ പേരിലാണ് തിരഞ്ഞെടുപ്പ് പബ്ളിസിറ്റി കമ്മിറ്റിയില്‍ അംഗമായിരുന്ന സംസ്ഥാന സമിതിയംഗമായ നേതാവ് തട്ടിപ്പ് നടത്തുന്നത്.
8000 കട്ടൗട്ടിന് പതിനാറ് ലക്ഷം രൂപയ്ക്ക് ബില്ലുണ്ടാക്കും. എട്ട് ലക്ഷം രൂപ പ്രിന്‍റിങ് കൂലി. ബാക്കി കീശയിലേക്ക്. ബി.ജെ.പി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറിക്ക് ലഭിച്ച പരാതിയില്‍ പറഞ്ഞിരുന്ന തട്ടിപ്പിന്‍റെ തെളിവുകളാണ് പുറത്തുവരുന്നത്. എന്നിട്ടും തട്ടിപ്പില്ലായെന്ന വാദത്തില്‍ ഉറച്ച് നിന്ന് അന്വേഷണം പോലും ഒഴിവാക്കുകയാണ് ബി.ജെ.പി നേതൃത്വം.