മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുവെന്നും ഇപ്പോഴുള്ളത് അദ്ദേഹത്തിന്‍റെ ക്ലോണ്‍ ആണെന്നുമുള്ള വിചിത്ര പ്രസ്താവന പങ്കിട്ട് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഞായറാഴ്ച ട്രൂത്ത് സോഷ്യലിലെ ഒരു അക്കൗണ്ടിലൂടെ പുറത്തുവന്ന പ്രസ്താവനയാണ് അമേരിക്കന്‍ പ്രസിഡന്‍റും പങ്കിട്ടത്. ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ ‘സിദ്ധാന്തം’ പുറത്തുവരുന്നത്.
ട്രംപ് പങ്കിട്ട പോസ്റ്റ് | Image Credit: Truth Social
‘ജോ ബൈഡൻ 2020 ൽ മരിച്ചു. അദ്ദേഹത്തെ വധിച്ചു. പകരം റോബോട്ടിക് എന്‍ജിനീയറിങിന്‍റെ സഹായത്തോടുകൂടി ആത്മാവില്ലാത്ത, ബുദ്ധിശൂന്യമായ ഒരു ക്ലോണ്‍ സൃഷിടിക്കപ്പെട്ടു. ജോ ബൈഡനെ അല്ല, ആത്മാവില്ലാത്ത, ബുദ്ധിശൂന്യമായ ബൈഡൻ ക്ലോണുകളെ, ഡബിള്‍സിനെയാണ് നിങ്ങള്‍ കാണുന്നത്’ എന്നാണ് പോസ്റ്റില്‍ പറയുന്നത്. ഡെമോക്രാറ്റുകൾക്ക് പോലും ഈ വിത്യാസം തിരിച്ചറിയാന്‍ പറ്റില്ലെന്നും പോസ്റ്റില്‍ പറയുന്നു. ഈ പോസ്റ്റ് പ്രത്യേകിച്ച് ഒന്നും എഴുതാതെ, സ്വന്തം അഭിപ്രായങ്ങള്‍ കുറിക്കാതെയാണ് ട്രംപ് പങ്കുവച്ചിരിക്കുന്നത്. ഒരു തീവ്ര ഗൂഢാലോചന സിദ്ധാന്തത്തെ വളർത്തിയെടുക്കുന്ന നീക്കമാണ് ട്രംപിന്‍റേത് എന്നാണ് പിന്നാലെ ഉയരുന്ന വിമര്‍ശനം.
സ്റ്റേജ് 4 മെറ്റാസ്റ്റാറ്റിക് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ബൈഡന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ പോസ്റ്റ്. കാന്‍സര്‍ എല്ലുകളിലേക്കും പടര്‍ന്നതായിട്ടായിരുന്നു ബൈഡന്‍റെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്. പിന്നാലെ വലിയ വേദനയോടെയാണ് താനും മെലാനിയയും ബൈഡന്റെ രോഗവിവരം കേട്ടതെന്നും എത്രയും വേഗം സുഖം പ്രാപിച്ച് ബൈഡന്‍ മുന്‍പത്തേക്കാള്‍ ഊര്‍ജത്തോടെ തിരിച്ചുവരട്ടെയെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു.