Alcatraz Island is seen in San Francisco Bay (REUTERS/Stephen Lam/File Photo)
അമേരിക്കയിലെ കുപ്രസിദ്ധകുറ്റവാളികളെ പാര്‍പ്പിച്ചിരുന്ന ജയിലായിരുന്നു അല്‍ക്കട്രാസ്. കുറ്റവാളികള്‍ അനുഭവിച്ച നരക യാതനകളുടേയും ജയില്‍ചാട്ടങ്ങളുടേയും കഥ പറയുന്നയിടം. ഒടുവില്‍ അൽക്കട്രാസ് വീണ്ടും തുറക്കാനും വികസിപ്പിക്കാനും ഒരുങ്ങുകയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇതിനായുള്ള നിര്‍ദേശവും ട്രംപ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ കുറ്റവാളികളുടെ എണ്ണം വര്‍ധിച്ചുവെന്നും രാജ്യം കുറ്റകൃത്യങ്ങളില്‍ വലയുകയാണ് എന്നുമാണ് അൽക്കട്രാസ് ജയില്‍ തുറക്കാനുള്ള ട്രംപിന്‍റെ വിശദീകരണം.
People tour the main cell house on Alcatraz (AP Photo/Eric Risberg, File)
ക്രമസമാധാനം, നീതി എന്നിവയുടെ പ്രതീകമായി അല്‍ക്കട്രാസ് മാറുമെന്നാണ് ട്രംപ് തന്‍റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. അൽകാട്രാസ് വീണ്ടും തുറക്കാൻ ജയില്‍ വകുപ്പ്, നീതിന്യായ വകുപ്പ്, എഫ്ബിഐ, ഹോംലാൻഡ് സെക്യൂരിറ്റി എന്നിവരോട് നിര്‍ദേശിച്ചതായും അമേരിക്കയിലെ ഏറ്റവും ക്രൂരരും അക്രമാസക്തരുമായ കുറ്റവാളികളെ അവിടെ പാര്‍പ്പിക്കുമെന്ന് ട്രംപ് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അൽക്കട്രാസ് ജയില്‍
അമേരിക്കയിലെ പ്രേതദ്വീപ് എന്നറിയപ്പെടുന്ന അൽക്കട്രാസ് ദ്വീപിലാണ് അൽക്കട്രാസ് ജയില്‍ സമുച്ചയം. 1775ല്‍ ജുവാൻ മാനുവൽ എന്ന സ്പാനിഷ് നാവികനാണ് അൽക്കട്രാസ് ദ്വീപ് കണ്ടെത്തിയത്. ഒരു കാലത്ത് പെലിക്കൺ പക്ഷികളുടെ വാസകേന്ദ്രമായിരുന്നു അൽക്കട്രാസ് ദ്വീപ്. പെലിക്കണുകള്‍ അഥവാ വിചിത്ര പക്ഷികൾ എന്നർത്ഥം വരുന്ന സ്പാനിഷ് പദമായ ‘അൽകാട്രേസസ്’ എന്നതില്‍ നിന്നാണ് അൽകാട്രാസ് എന്ന പേര് വന്നത്.
ദ്വീപിന് ചുറ്റുമുള്ള ശക്തമായ സമുദ്ര പ്രവാഹങ്ങളും രക്തം ഉറഞ്ഞുപോകുന്ന പസഫികിലെ തണുപ്പും കാരണം ഇവിടെ എത്തിപ്പെടുന്നവര്‍ക്ക് രക്ഷപ്പെടാന്‍ സാധ്യത വളരെ കുറവാണ്. അതിനേക്കാള്‍ കഠിനമായിരുന്നു ജയിലുകള്‍ക്കുള്ളിലെ സാഹചര്യം. മിക്ക സെല്ലുകളും വെറും 9 അടി നീളവും 5 അടി വീതിയും മാത്രമുള്ളവയായിരുന്നു. വളരെക്കുറച്ച് ഫർണിച്ചറുകൾ മാത്രം. അപ്പോളും തടവുകാർക്ക് ചൂടുവെള്ളത്തിലുള്ള കുളിയും യുഎസ് ജയിൽ സംവിധാനത്തിലെ ഏറ്റവും മികച്ച ഭക്ഷണവുമാണ് ഇവിടെ ലഭിച്ചിരുന്നത്. പൊതുവേ ‘ദി റോക്ക്’ എന്നാണ് ജയില്‍ അറിയപ്പെട്ടിരുന്നത്. കുപ്രസിദ്ധ ഗുണ്ടാസംഘം അൽ കാപോൺ, ജോർജ്ജ് ‘മെഷീൻ ഗൺ’ കെല്ലി എന്നിവരുൾപ്പെടെ രാജ്യത്തെ ഏറ്റവും കുപ്രസിദ്ധ കുറ്റവാളികളെ ഇവിടെ പാര്‍പ്പിച്ചിരുന്നു. സാൻ ഫ്രാൻസിസ്കോയിലെ ഗോൾഡൻ ഗേറ്റ് പാലത്തിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.
An aerial view of Alcatraz Island (REUTERS/Carlos Barria/File Photo)
യഥാർത്ഥത്തിൽ ഒരു നാവിക പ്രതിരോധ കോട്ടയായിരുന്നു ഇത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയാണ് ഇത് നാവികസേനയുടെ ജയിലാക്കി മാറ്റുന്നത്. 1930 കളിൽ നീതിന്യായ വകുപ്പ് ഇത് ഏറ്റെടുക്കുകയും 1934 –1983 വർഷങ്ങളില്‍ ഫെഡറൽ പെനിടെൻഷ്യറിയുടെ ജയിൽ സമുച്ഛയം ഇവിടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
എഫ്ബിഐയുടെ കണക്കനുസരിച്ച് 29 വർഷത്തിനിടയിൽ, 36 പേര്‍ 14 തവണയായി ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ മിക്കവാറും എല്ലാവരും പിടിക്കപ്പെടുകയായിരുന്നു. ഇതിലെ ഏറ്റവും പ്രശസ്തമായ രക്ഷപ്പെടൽ ശ്രമം നടന്നത് 1962ലാണ് ഫ്രാങ്ക് മോറിസും സഹോദരന്മാരായ ജോൺ, ക്ലാരൻസ് ആംഗ്ലിനുമാണ് സെല്ലുകളില്‍ നിന്നും രക്ഷപ്പെട്ടത്. ഇവര്‍ മുങ്ങിമരിച്ചതായി കരുതപ്പെടുന്നു. എന്നാല്‍ ഇവരുടെ മൃതദേഹങ്ങളൊന്നും ഒരിക്കലും കണ്ടെത്തുകയുണ്ടായില്ല.
A copy of John and Clarence Anglin's wanted poster rests outside a medical cell on Alcatraz Island (REUTERS/Noah Berger/File Photo)
ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺ വെബ്‌സൈറ്റ് പറയുന്നത് പ്രകാരം മറ്റ് ഫെഡറൽ ജയിലുകളേക്കാൾ മൂന്നിരട്ടി ചെലവേറിയതായിരുന്നു അല്‍കാട്രാസ് ജയില്‍. പ്രധാനമായും ദ്വീപിലെ ജയിലിന്‍റെ സ്ഥാനമായിരുന്നു ഇതിന് കാരണം. ഇന്ധനം മുതൽ ഭക്ഷണം വരെ എല്ലാം ബോട്ടിൽ കൊണ്ടുവരേണ്ടിയിരുന്നു. അങ്ങിനെ തദ്ദേശീയരുടെ സമരങ്ങളും ചെലവും കാരണം പ്രവർത്തനം തുടരാൻ കഴിയാതെ വന്നോതാടെയാണ് ജയില്‍ അടച്ചുപൂട്ടുന്നത്. പിന്നീട് നാഷനൽ പാർക്ക് സർവീസിനു കീഴിൽ ഗോൾഡൻ ഗേറ്റ് റിക്രിയേഷൻ എന്ന പേരിൽ ഒരു ടൂറിസ്റ്റ് സങ്കേതമായി ജയില്‍ മാറി. എന്നിരുന്നാലും അൽക്കട്രാസിലെ സൗകര്യങ്ങള്‍ ആധുനിക നിലവാരത്തിലേക്കെത്തിച്ച് ജയില്‍ തിരിച്ചുകൊണ്ടുവരാന്‍ വൻതോതിലുള്ള നിക്ഷേപം ആവശ്യമായി വരും.
അൽക്കട്രാസ് സിനിമയില്‍
1962ൽ പുറത്തിറങ്ങിയ ബർട്ട് ലങ്കാസ്റ്റർ അഭിനയിച്ച ബേർഡ്മാൻ ഓഫ് അൽകാട്രാസ് എന്ന ചിത്രം അൽക്കട്രാസിനെ പ്രശസ്തമാക്കുകയായിരുന്നു. റോബർട്ട് സ്ട്രോഡ് എന്ന കുറ്റവാളിയെക്കുറിച്ചായിരുന്നു ചിത്രം. ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടയിൽ പക്ഷികളിൽ താൽപര്യം വളരുകയും പിന്നീട് ഒരു വിദഗ്ദ്ധ പക്ഷിശാസ്ത്രജ്ഞനായി മാറുകയും ചെയ്തയാളാണ് റോബർട്ട് സ്ട്രോഡ്.
1979ൽ ഇറങ്ങിയ ക്ലിന്റ് ഈസ്റ്റ് വുഡ് ചിത്രം എസ്കേപ് ഫ്രം അല്‍ക്കട്രാസ് ആണ് മറ്റൊന്ന്. ഫ്രാങ്ക് മോറിസിന്റെയും സഹോദരങ്ങളായ ജോൺ ആംഗ്ളിൻ, ക്ലാരൻസ് ആംഗ്ളിൻ എന്നിവരുടെയും അതിസാഹസികമായ ജയിൽ ചാട്ടമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 1996 ൽ ഷോൺ കോണറിയും നിക്കോളാസ് കേജും അഭിനയിച്ച ദി റോക്ക് എന്ന സിനിമയിലും അല്‍കാട്രാസ് കാണാം. അൽകാട്രാസ് ദ്വീപിൽ നിന്ന് ബന്ദികളെ രക്ഷിക്കുന്ന മുൻ എസ്‌എഎസ് ക്യാപ്റ്റനും എഫ്‌ബിഐ ശാസ്ത്രജ്ഞന്‍റെയും കഥയാണിത്.