ഇറാനില്‍ വീണ്ടും യുഎസ് വ്യോമാക്രമണം. ഏഴ് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ആക്രമണം നടത്തുന്നത്. ജോര്‍ദാനിലെ യുഎസ് സൈനികതാവളം ആക്രമിച്ചതിനുള്ള തിരിച്ചടിയായാണ് വ്യോമാക്രമണമെന്നാണ് യുഎസ് വിശദീകരണം. ഇറാനെ തവിടുപൊടിയാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയായിരുന്നു ആക്രമണം. ട്രംപിന്റെ ഭീഷണി തള്ളിയ ഇറാന്‍, യുഎസുമായി ഇനി ചര്‍ച്ചയില്ലെന്നും വ്യക്തമാക്കി.
അമേരിക്കന്‍ സൈന്യത്തിനുനേരെ ഇറാന്‍ നടത്തിയ മിസൈലാക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും ഇനി തങ്ങളുടെ ഊഴമാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാന്‍റെ മിസൈല്‍ പ്രത്യാക്രമണത്തോട് രൂക്ഷമായി പ്രതികരിച്ച ട്രംപ് അമേരിക്കന്‍ സൈന്യത്തിനെതിരായ ഏത് ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഫോക്സ് ന്യൂസിനോട് പറഞ്ഞത്.
‘ഞങ്ങൾ അവരെ തവിടുപൊടിയാക്കും. ശക്തമായി തിരിച്ചടിക്കും. അവർക്ക് കനത്ത പ്രഹരം ലഭിക്കാൻ പോകുകയാണ്’– എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ കടുത്ത സൈനിക നടപടികളിലേക്ക് തിരികെ പോകേണ്ടി വരുമെന്നും ട്രംപ് മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വൈറ്റ് ഹൗസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ആക്രമണങ്ങള്‍ വീണ്ടും ശക്തമായത്.
അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡും ആക്രമണ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ യു.എസ്. സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍ നീക്കത്തിനുള്ള ശക്തമായ മറുപടിയാണിതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു. ചൊവ്വാഴ്ച രാത്രി ഇറാന്‍റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് യു.എസ്. സേനയ്ക്ക് നേരെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തിരുന്നുവെന്നും, ഇതില്‍ അഞ്ച് മിസൈലുകള്‍ തടഞ്ഞുവെന്നും സൈന്യം വ്യക്തമാക്കി.