പോപ്പ് ആകണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെ മാര്‍പ്പാപ്പയുടെ വേഷത്തിന്‍റെ തന്‍റെ എഐ ചിത്രം പങ്കുവച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ‍ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിന്‍റെ ഔദ്യോഗിക അക്കൗണ്ടിലടക്കം പങ്കുവച്ച ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മരണത്തിന് പിന്നാലെയുള്ള ട്രംപിന്‍റെ പോപ്പാകണമെന്നുള്ള ആഗ്രഹം പ്രകടിപ്പിക്കലും ഇപ്പോള്‍ പുറത്തുവിട്ട ചിത്രം തികച്ചും അനുചിതമാണെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. ഏപ്രില്‍‌ 22നായിരുന്നു പോപ് ഫ്രാന്‍സിസ് മരിച്ചത്. ഏപ്രില്‍ 26 ന് അദ്ദേഹത്തിന്‍റെ സംസ്കാരചടങ്ങുകള്‍ക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്‍റെ പോസ്റ്റ്. സംസ്കാരചടങ്ങുകളില്‍ ട്രംപും പങ്കെടുത്തിരുന്നു.

ചിത്രം പോപ് ഫ്രാന്‍സിസിനേയും വത്തിക്കാനെയും ദൈവത്തിനെയും അപമാനിക്കുന്നതാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്, ട്രംപിന്‍റെ ആത്മരതിയാണിതെന്നും റിപ്പബ്ലിക്കന്‍ അനുയായികള്‍ അതിനായി വോട്ട് ചെയ്തുവെന്നും ആളുകള്‍ കമന്‍റായി കുറിച്ചു. അതേസമയം ചിത്രത്തെ തമാശയായി മാത്രം കണക്കിലെടുത്ത് ട്രംപിനെ കളിയാക്കുന്നവരുമുണ്ട്. ‘മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍’ എന്ന ട്രംപിന്‍റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തിന്‍റെ ചുവടുവച്ച്, ‘മെയ്ക് വത്തിക്കാന്‍ ഗ്രേറ്റ് എഗെയിന്‍’ എന്നാണ് പലരും ചിത്രത്തിനടിയില്‍ കുറിച്ചത്. 

നേരത്തെ ആഗോള കത്തോലിക്ക സഭയുടെ അടുത്ത മാര്‍പാപ്പ ആയാല്‍ കൊള്ളാമെന്ന ആഗ്രഹവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. പുതിയ പോപ്പിനെ വത്തിക്കാന്‍ തിരഞ്ഞെടുക്കാനിരിക്കെ ആരാകും അടുത്ത മാര്‍പാപ്പ? ആരോടാണ് താല്‍പര്യം എന്ന ചോദ്യമുയര്‍ന്നതോടെയാണ് ' എനിക്ക് മാര്‍പാപ്പയാകണമെന്നുണ്ട്, അതാണ് എന്‍റെ ഒന്നാമത്തെ താല്‍പര്യവും' എന്ന ട്രംപിന്‍റെ നര്‍മം കലര്‍ത്തിയ മറുപടി എത്തിയത്. പുതിയ പാപ്പായുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തനിക്ക് പ്രത്യേക താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയ ട്രംപ് പക്ഷേ കര്‍ദിനാള്‍ തിമോത്തി ഡോളനെ പുകഴ്ത്തുകയും ചെയ്തിരുന്നു. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍ ഡോളന്‍ മാര്‍പാപ്പയാകാന്‍ പരിഗണിക്കപ്പെട്ടേക്കാവുന്നയാള്‍ കൂടിയാണ്. അതേസമയം, 135 കര്‍ദിനാള്‍മാര്‍ ചേര്‍ന്നുള്ള പേപ്പല്‍ കോണ്‍ക്ലേവിന് അടുത്തയാഴ്ച വത്തിക്കാനില്‍ തുടക്കമാകും. ഇവരാകും പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുക.

ENGLISH SUMMARY:

Donald Trump faces backlash for sharing an AI-generated image of himself dressed as the Pope, days after Pope Francis’ death. Critics call it disrespectful and narcissistic, while some mock it with the caption “Make Vatican Great Again.”