ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്തെല്ലാം ചിന്തകളാ. ചിന്തകള്‍ക്കന്ത്യം കുറിക്കുമ്പോള്‍ ശീലങ്ങള്‍ തലപൊക്കും . നന്നായൊന്നുറങ്ങാന്‍ എന്തെല്ലാം ശീലങ്ങളാ. ചിലര്‍ക്ക് ചെരിഞ്ഞുകിടക്കണം , തലമുതല്‍ കാലുവരെ പുതപ്പിനുള്ളിലായിരിക്കണം, തലയിണയ്ക്ക് താഴെ കൈവയ്ക്കണം, ഫാനിന്‍റെ ശബ്ദം വേണം അങ്ങിനെയങ്ങിനെ ശീലങ്ങളുടെ ഒരുകോലാഹലമാണ് മനസില്‍ നിറയെ
രാത്രി ഉറങ്ങാൻ കിടക്കുന്നു, പുതപ്പ് ദേഹത്ത് നന്നായി വലിച്ചിടുന്നു. എന്നാല്‍, കുറച്ച് കഴിയുമ്പോൾ... ഒരു കാൽ മാത്രം പതിയെ പുതപ്പിന് പുറത്തേക്ക്!. ഈ ശീലം നിങ്ങൾക്കുണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റക്കല്ല. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഇങ്ങനെയൊരുറക്കശീലം പിന്തുടരുന്നവരാണ്
കേള്‍ക്കുമ്പോള്‍ ഓ! ഇതിലെന്ത് പ്രത്യേകതയാണ് ഉള്ളതെന്ന് തോന്നുമെങ്കിലും ശാരീരികമായും മാനസികമായും പ്രായോഗികമായുമുള്ള ചില കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഒരു കാല്‍ മാത്രം പുതപ്പിന് പുറത്തേക്ക് വച്ച് ഉറങ്ങാനുള്ള പ്രധാന കാരണം നമ്മുടെ ശരീര താപനിലയുമായി ബന്ധപ്പെട്ടരിക്കുന്നു. നല്ല ഉറക്കം ലഭിക്കണമെങ്കില്‍ നമ്മുടെ ശരീരത്തിന് താപനില അൽപ്പം കുറയ്ക്കേണ്ടതുണ്ട്. നമ്മുടെ കൈപ്പത്തികളും കാൽപാദങ്ങളുമാണ് ശരീരത്തിലെ 'കൂളിംഗ് സിസ്റ്റം'. മറ്റ് ശരീരഭാഗങ്ങളെ അപേക്ഷിച്ച്, ഇവിടെ രക്തക്കുഴലുകൾക്ക് തൊലിയുടെ അടുത്താണ് സ്ഥാനം. മാത്രമല്ല, ഈ ഭാഗങ്ങളിൽ രോമങ്ങളോ അധികം കൊഴുപ്പോ ഇല്ല.
ശരീരം മുഴുവന്‍ പുതച്ചു മൂടി കിടക്കുമ്പോള്‍, ബ്ലാങ്കറ്റിനടിയിൽ കുടുങ്ങി പോയപോലെയായിരിക്കും മിക്കയാളുകള്‍ക്കും അനുഭവപ്പെടുക. ഈയൊരു അവസ്ഥ കാരണം പലർക്കും സ്വസ്ഥമായി ഉറങ്ങാന്‍ സാധിക്കാറില്ല. ഇതിനെ മറികടക്കാനാണ് ചിലർ ഒരു പാദം പുറത്തേക്കിട്ട് കിടന്നുറങ്ങുന്നത്.
നിങ്ങൾ പുതപ്പിന് പുറത്തേക്ക് ഒരു കാൽ വെക്കുമ്പോൾ, ആ ഭാഗത്തുള്ള അധികചൂട് വേഗത്തിൽ പുറത്തേക്ക് പോകുന്നു. ഇത് നിങ്ങളുടെ Core Body Temperature അഥവാ ശരീര താപനില കുറയ്ക്കും. അത് സ്വസ്ഥമായി ഉറങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു
ഉറക്കത്തിന്‍റെ ആദ്യ ഘട്ടങ്ങളിൽ നമ്മുടെ ശരീരം തണുക്കാൻ തുടങ്ങും. പക്ഷേ, ഉറക്കത്തിന്‍റെ താളം തെറ്റുകയോ, മുറിയിൽ ചൂട് കൂടുകയോ ചെയ്താൽ, ശരീരം ചൂടാവാൻ തുടങ്ങും. അങ്ങനെയുള്ള സമയത്ത് ശരീരം സ്വയം താപനില നിയന്ത്രിക്കാൻ നടത്തുന്ന ഒരു ശ്രമമാണ് ഈ 'കാൽപുറത്തുവെയ്ക്കൽ'. നിങ്ങൾക്ക് നല്ല സുഖകരമായ ഒരു 'കൂളിംഗ് എഫക്റ്റ്' നൽകാൻ ഇത് സഹായിക്കുന്നു.
അപ്പോൾ, നിങ്ങൾ ഒരു കാൽ പുതപ്പിന് പുറത്തേക്ക് വെക്കുമ്പോൾ, അത് നിങ്ങളുടെ ശരീരം മികച്ച ഉറക്കത്തിനായി ചെയ്യുന്ന ഒരു വിദ്യയാണെന്ന് മനസ്സിലാക്കുക. അത് തികച്ചും സാധാരണവും ആരോഗ്യകരവുമാണ്.