പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് കഴിഞ്ഞ ദിവസം ചൈന പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട ചൈന തങ്ങളുടെ തന്ത്രപരമായ സഹകരണ പങ്കാളിയായ പാകിസ്ഥാന് പിന്തുണ അറിയിക്കുകയും ചെയ്തു. ഇതോടൊപ്പം പാക്കിസ്ഥാന്‍ വ്യോമസേനയ്ക്ക് ചൈനയുടെ സൈനികമായ സഹായവും ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

ചൈനയുടെ നൂതന എയര്‍–ടു–എയര്‍ ദീര്‍ഘദൂര മിസൈലായ പിഎല്‍-15 മിസൈലുകള്‍ പാക്ക് വ്യോമസേനയ്ക്ക് ലഭിച്ചതായാണ് വിവരം. പാക്ക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെ‌എഫ് -17 ബ്ലോക്ക് III യുദ്ധവിമാനങ്ങളില്‍ പി‌എൽ -15 ബിയോണ്ട് വിഷ്വൽ റേഞ്ച് (ബി‌വി‌ആർ) എയർ-ടു-എയർ മിസൈലുകൾ ഘടിപ്പിച്ചതാണ് ഈ വിലയിരുത്തലിന് പിന്നില്‍. 

പ്രതിരോധ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ക്ലാഷ് പ്രകാരം, പാക്ക് വ്യോമസേന പോര്‍വിമാനങ്ങളില്‍ കണ്ട മിസൈലുകള്‍ ഇറക്കുമതി ചെയ്യുന്ന പിഎല്‍-15ഇ വിഭാഗത്തിലുള്ളവയല്ല. അതിനാല്‍ ചൈനീസ് ലിബറേഷന്‍ ആര്‍മിയുടെ ആഭ്യന്തര സ്റ്റോക്കുകളിൽ നിന്നാണ് ഇത് പാക്ക് സൈന്യത്തിന് ലഭ്യമായതെന്നാണ് വിവരം. ഇന്ത്യയുമായി സംഘര്‍ഷ സാധ്യത നിലനില്‍കെ പാക്കിസ്ഥാന്‍ ചൈനയില്‍ നിന്നും അടിയന്തരമായി ആയുധങ്ങള്‍ ഇറക്കുമതി ചെയ്തെന്നാണ് ഇത് വ്യക്തമാക്കുന്നത്. 

Also Read: മരത്തിന് മുകളില്‍ ഒളിച്ചിരുന്ന് ഭീകരാക്രമണ ദൃശ്യം മുഴുവന്‍ പകര്‍ത്തി; പഹല്‍ഗാം സംഭവത്തില്‍ നിര്‍ണായക തെളിവ്

ചൈനയുടെ വ്യോമ ശേഷിയില്‍ പ്രധാനിയായ പിഎല്‍ 15 മിസൈലുകളുടെ ദീര്‍ഘദൂര ശേഷിയാണ് പ്രത്യേകത. കഴിഞ്ഞ വർഷം നവംബറിൽ സുഹായ് എയർ ഷോയിലാണ് ചൈന നൂതന എയർ-ടു-എയർ മിസൈൽ പ്രദർശിപ്പിച്ചത്. റഡാർ-ഗൈഡഡ് ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നാണിത്. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷന് ഓഫ് ചൈന (AVIC) ആണ് മിസൈല്‍ നിര്‍മിച്ചത്. 200-300 കിലോമീറ്ററാണ് മിസൈലിന്‍റെ പരിധി, ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗതയില്‍ ഇവയ്ക്ക് സഞ്ചരിക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അതേസമയം ഇന്ത്യയുടെ എയർ-ടു-എയർ മിസൈല്‍ സംവിധാനത്തിനും പിഎല്‍ 15 മിസൈലുകളുടെ ശേഷിയുണ്ട്. ഇന്ത്യയുടെ നൂതന എയർ-ടു-എയർ മിസൈലായ ആസ്ട്ര എംകെ-III (ഗാണ്ഡീവ) യ്ക്ക് പരമാവധി 340 കിലോമീറ്ററാണ് പരിധി. സുഖോയ് സു 30 എകെഐ വിമാനങ്ങളിലും തേജസ് വിമാനങ്ങളിലുമാണ്  ഇത് ഉപയോഗിക്കുന്നത്. നിലവില്‍ റഫേല്‍ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഫ്രഞ്ച് നിര്‍മിത മെറ്റിയോര്‍ മിസൈലുകള്‍ 200 കിലോമീറ്റര്‍ താണ്ടും. 

ENGLISH SUMMARY:

China strengthens Pakistan’s military capabilities by urgently supplying PL-15 missiles, intensifying regional tensions amid ongoing security concerns between India and Pakistan.