പഹൽഗാമിൽ ഭീകരാക്രമണം നടന്ന സ്ഥലത്തിന് സമീപം ഇന്ത്യൻ സൈനികർ. ഫോട്ടോ: പിടിഐ
പഹല്‍ഗാം ഭീകരാക്രമണം അന്വേഷിക്കുന്ന ദേശിയ അന്വേഷണ എജന്‍സിക്ക് നിര്‍ണായ തെളിവായി പ്രാദേശിക വിഡിയോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍. ആക്രമണ സമയം രക്ഷപ്പെടാന്‍ മരത്തിന് മുകളിലേക്ക് കയറിയ വിഡിയോഗ്രാഫര്‍ സംഭവദൃശ്യങ്ങളെല്ലാം ചിത്രീകരിക്കുകയായിരുന്നു. അക്രമത്തിന്‍റെ ഓരോ ചലനങ്ങളും അറിയാനും ഭീകരരെ തിരിച്ചറിയാന്‍ സാധിക്കുന്നതുമാണ് ദൃശ്യങ്ങള്‍. വിഡിയോഗ്രാഫറെ ചോദ്യം ചെയ്ത എന്‍ഐഎ വിഡിയോ വിശകലനം ചെയ്ത് ഭീകരരെയും സഹായിച്ചവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ്.
നാല് ഭീകരർ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് പുൽമേടിന്റെ രണ്ട് വശങ്ങളിൽ നിന്ന് വെടിയുതിർത്തു എന്നാണ് പ്രാഥമിക അന്വേഷണത്തിലെ സൂചന. ലഘുഭക്ഷണം വിൽക്കുന്ന കടകൾക്ക് സമീപം രണ്ട് തോക്കുധാരികൾ നിലയുറപ്പിച്ചിരുന്നു. 2.30 ഓടെ കടയ്ക്ക് പിന്നില്‍ ഒളിഞ്ഞിരുന്ന രണ്ട് ഭീകരര്‍ പുറത്തേക്കിറങ്ങി. ലഘുഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പ്രദേശവാസികളല്ലാത്തവരോട് മതം ചോദിച്ചു. കലിമ ചൊല്ലാന്‍ ആവശ്യപ്പെട്ടു. സാധിക്കാത്തവരെ വെടിവെച്ചു എന്നാണ് എന്‍ഐഎ സംഘം കണ്ടെത്തിയത്.
ആദ്യത്തെ രണ്ട് ഭീകരർ വിനോദസഞ്ചാരികളുടെ തലയ്ക്ക് വെടിവെച്ചതോടെ പരിഭ്രാന്തായി ജനകൂട്ടം ഓടി രക്ഷപ്പെടാന്‍ തുടങ്ങി. തുടർന്ന് മറ്റ് രണ്ട് ഭീകരർ സിപ്പ് ലൈനിന് സമീപം നിന്ന് പുറത്തുവന്ന് ഓടി രക്ഷപ്പെടുന്ന ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകരാക്രണം നടന്ന സ്ഥലത്ത് നിന്നും എകെ-47, എം4 റൈഫിളുകളുടെ ഭാഗങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും ദേശിയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാന്‍ യുദ്ധം അവസാനിച്ച ശേഷം പാക്ക് ഭീകരര്‍ എം4 തോക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇത് ആക്രമണത്തിന് പിന്നിലുള്ളത് ആരാണെന്നതില്‍ കൂടുതല്‍ വ്യക്തത നല്‍കുന്നതായും അന്വേഷണ സംഘം വിലയിരുത്തുന്നു. സംഭവ സ്ഥലത്തിന് നിന്നും ഭീകരര്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചിരുന്നു. വിനോദ സഞ്ചാരിയുടെയും പ്രദേശവാസിയുടെയും മൊബൈലുകളായിരുന്നു ഇത്. ഇവയുടെ നിലവിലെ ലോക്കേഷന്‍ അന്വേഷണ സംഘം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സംഭവ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.