ഭൂമിയുടെ കറക്കത്തെ പോലും സ്വാധീനിക്കുന്ന മനുഷ്യ സൃഷ്ടി, അതാണ് ചൈനയുടെ ത്രീ ഗോര്‍ജസ് ഡാം. യാങ്സി നദിക്ക് കുറുകെ നിര്‍മിക്കപ്പെട്ടിരിക്കുന്ന എന്‍ജിനീയറിങ് വൈദഗ്ധ്യം. എന്നാല്‍ ത്രീ ഗോര്‍ജസ് ഡാമിനെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകളാണ് ആശങ്ക ഉയര്‍ത്തുന്നത്. ഡാമിനു സമീപമുള്ള പാറകള്‍ ഇടിഞ്ഞുവീണതാണ് ആശങ്ക്ക്ക് അടിസ്ഥാനം. നിമിഷ നേരം കൊണ്ട് ദശലക്ഷക്കണക്കിന് ടൺ പാറകൾ മലഞ്ചെരുവിലൂടെ താഴേക്ക് പതിച്ചെന്നാണ് റിപ്പോര്‍ട്ട്. മലയിടിച്ചിലില്‍ ഡാമിന് സമീപത്തെ റോഡ് ഇല്ലാതായതായും റിപ്പോര്‍ട്ടുണ്ട്.
വിവാദങ്ങളാൽ നിറഞ്ഞ ത്രീ ഗോര്‍ജസ് ഡാമിന് സമീപമുണ്ടായ പുതിയ മണ്ണിടിച്ചിൽ ദൃശ്യങ്ങൾ ഡാമിന്‍റെ ഭൂമിശാസ്ത്രപരമായ അസ്ഥിരതയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. മനുഷ്യന്‍റെ അഭിലാഷങ്ങള്‍ക്കും പ്രകൃതിക്കും ഇടയിലുള്ള സന്തുലിതാവസ്ഥ അനിശ്ചിതത്വത്തിലാകുന്നതിന്‍റെ മുന്നറിയിപ്പായിട്ടാണ് പലരും ഇതിനെ കാണുന്നത്. ഡാമിന് സമീപമുള്ള മലഞ്ചെരുവുകൾ ഇത്തരത്തില്‍ ഇടിയുകയാണെങ്കില്‍ ഡാമിന്‍റെ സുരക്ഷ എത്രത്തോളമാണ് എന്നതാണ് ചോദ്യം. അതേസമയം ദൃശ്യങ്ങള്‍ എന്ന് പകര്‍ത്തിയതാണ് എന്നോ ഉറവിടം എന്താണെന്നോ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ത്രീ ഗോർജസ് മേഖലയിൽ മണ്ണിടിച്ചിൽ അസാധാരണമല്ല. കുത്തനെയുള്ള ഭൂപ്രകൃതിയും വര്‍ഷാവര്‍ഷമുള്ള കനത്ത മഴയും ഭൂചലനവുമെല്ലാം പ്രദേശത്തെ അസ്ഥിരമാക്കുന്നുണ്ട്. എന്നാല്‍ നിലവിലുണ്ടായ മലയിടിച്ചിലിന്‍റെ വ്യാപ്തിയാണ് ലോകത്തെ ഭയപ്പെടുത്തുന്നത്. ഇത് ഡാമിന്‍റെ ജലസംഭരണിയിലെ സമ്മർദത്തിനെയും ജലത്തിന്‍റെ നീരൊഴുക്കിനേയും ബാധിക്കാം. ഉരുൾപൊട്ടൽ സാധ്യതയും വര്‍ധിപ്പിക്കാം. വളരെക്കാലമായുള്ള ഗവേഷകരുടെ മുന്നറിയിപ്പാണിത്. കാലാവസ്ഥാ വ്യതിയാനവും ഇതിന് ആക്കം കൂട്ടുന്നുണ്ട്.
അണക്കെട്ടിന് താഴെ താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ സുരക്ഷയെ കുറിച്ചും ചോദ്യം ഉയരുന്നുണ്ട്. യാങ്‌സി നദിയിലേക്കുള്ള മണ്ണിടിച്ചിൽ ഡാമിന് ഭീഷണിയാകുന്നതോടൊപ്പം നദീതീരങ്ങളെയും അസ്ഥിരപ്പെടുത്തും. എന്‍ജിനീറിങ് അദ്ഭുതമെന്നിരിക്കെ ഈ ആശങ്കകള്‍ ചൈനയില്‍ മാത്രം ഒതുങ്ങുകയുമില്ല, മറിച്ച് ലോകത്തിന്‍റേത് തന്നെയാണ്. പ്രചരിക്കുന്ന ദൃശ്യങ്ങൾ ആഗോള തലത്തില്‍ തന്നെ വൻകിട ജലവൈദ്യുത പദ്ധതികളുടെ സുരക്ഷയെ ചോദ്യം ചെയ്യുകയാണ്.
ത്രീ ഗോർജസ് ഡാം
ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലെ യാങ്സി നദിയിലാണ് ത്രീ ഗോർജസ് അണക്കെട്ട് നിർമിച്ചിരിക്കുന്നത്. നിലവിൽ, ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടാണിത്. ഒരു ജലവൈദ്യുത പദ്ധതി എന്നതില്‍ ഉപരി ചൈനയുടെ ആധുനിക എന്‍ജിനീയറിങ് വൈദഗ്ധ്യത്തിന്‍റെ പ്രതീകമാണ് ത്രീ ഗോർജസ് ഡാം. വെള്ളപ്പൊക്കം നിയന്ത്രിക്കുക എന്നതായിരുന്നു അണക്കെട്ടുകൊണ്ട് ചൈനയുടെ ലക്ഷ്യം. പതിറ്റാണ്ടുകൾ എടുത്താണ് നിർമാണം പൂർത്തിയായത്. സ്ഥാപിത ശേഷിയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത നിലയമാണിത്.
എന്‍ജിനീറിങ് അദ്ഭുതമെന്ന് വാഴ്ത്തുമ്പോളും ഡാമിന് വിമര്‍ശകരുമുണ്ട്. ചൈനയുടെ വൻ പദ്ധതികൾ പലപ്പോഴും പരിസ്ഥിതിയെ അവഗണിക്കുന്നു എന്നാണ് പ്രധാന വിമര്‍ശനം. അടിസ്ഥാന സൗകര്യങ്ങൾ പ്രകൃതിയില്‍ ആധിപത്യം സ്ഥാപിച്ചാകരുതെന്നും പ്രകൃതിയുമായി പൊരുത്തപ്പെട്ടുകൊണ്ടാകണമെന്നും വിമര്‍ശകര്‍ പറയുന്നു. അണക്കെട്ട് നിർമ്മിക്കപ്പെട്ടതോടെ ഭൂമിയുടെ ഭ്രമണത്തിന്‍റെ വേഗം 0.06 മൈക്രോ സെക്കൻഡുകൾ കുറഞ്ഞുവെന്നുള്ള നാസയുടെ റിപ്പോര്‍ട്ടും ചര്‍ച്ചയായിരുന്നു. ഇത് ദിവസങ്ങളുടെ ദൈർഘ്യം വര്‍ധിപ്പിക്കുകയും ചെയ്തു.