അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ 90 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ഇന്ത്യയുയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 150 റണ്‍സിന് പുറത്തായി. 7 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ദീപേഷ് ദേവേന്ദ്രന്‍റെയും 10 ഓവറില്‍ 33 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ കനിഷ്ക് ചൗഹാന്‍റെയും ബോളിങ്ങാണ് പാക്കിസ്ഥാനെ തകര്‍ത്തത്.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 46.1 ഓവറിൽ 240 റൺസിന് ഓൾഔട്ടായി. മഴയെ തുടർന്നു മത്സരം 49 ഓവറായി ചുരുക്കിയിരുന്നു. 85 റണ്‍സെടുത്ത മലയാളി താരം ആരോണ്‍ ജോര്‍ജാണ് ഇന്ത്യയ്‌ക്ക് രക്ഷകനായത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചറി നേടിയ ആരോണാണ് ഇന്ത്യയുടെ ടോപ് സ്കോറർ. കനിഷ്ക് ചൗഹാൻ 46 പന്തിൽ 46 റൺസും ക്യാപ്റ്റൻ ആയുഷ് മാത്രെ 25 പന്തിൽ 38 റൺസെടുമെടുത്തു. കഴിഞ്ഞ മത്സരത്തിൽ സെഞ്ചറി നേടിയ ഓപ്പണർ വൈഭ് സൂര്യവംശി 5 പന്തിൽ 5 റൺസെടുത്ത് തുടക്കത്തിൽ തന്നെ പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫർഹാൻ യൂസഫ് ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. മുഹമ്മദ് സയ്യം, അബ്ദുൽ സുബ്ഹാൻ എന്നിവർ മൂന്നു വിക്കറ്റ് വീതവും നിഖാബ് ഷഫീഖ് രണ്ടും അലി റാസ, അഹമ്മദ് ഹുസൈൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ടൂര്‍ണമെന്‍റില്‍ കളിച്ച 2 മത്സരവും ജയിച്ച് 4 പോയിന്‍റുമായി ഗ്രൂപ്പ് എയില്‍ ഒന്നാമതാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ യുഎഇയെയാണ് ഇന്ത്യ തകര്‍ത്തത്.