Image Credit: PTI/ x

ട്വന്‍റി 20 ലോകകപ്പിന്‍റെ സെമി പോലും കാണാതെ ഇന്ത്യ പുറത്താകുമെന്ന് പ്രവചിച്ച മുഹമ്മദ് ആമിറിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ ട്രോള്‍. ഇന്ത്യ കപ്പ് നേടിയതിന് പിന്നാലെയാണ് 'പ്രവചന സിംഹ'ത്തെ അന്വേഷിച്ച് ട്രോളന്‍മാരിറങ്ങിയത്. എന്നാല്‍ 'ഇന്ത്യ ജയിച്ചതില്‍ കുഴപ്പമൊന്നുമില്ല. ട്രോഫി എന്‍റെ വീട്ടിലേക്കൊന്നുമല്ലല്ലോ കൊണ്ടുവരുന്നത്' എന്നായിരുന്നു ആമിറിന്‍റെ ആദ്യ പ്രതികരണം. ഇന്ത്യ നന്നായി കളിച്ചിട്ടൊന്നുമല്ല കപ്പടിച്ചതെന്നും ന്യൂസീലന്‍ഡ് ബോളര്‍മാരുടെ ദാനമാണ് കപ്പെന്നും പറയാനും ആമിര്‍ മടിച്ചില്ല. 

'മുഴുവന്‍ ക്രെഡിറ്റും ന്യൂസീലന്‍ഡ് ബോളര്‍മാര്‍ക്കാണ്. ആവശ്യത്തിലേറെ വൈഡുകളെറിഞ്ഞും സിക്സടിക്കാന്‍ അവസരമൊരുക്കിയുമാണ് അവര്‍ ഫൈനലില്‍ കളിച്ചത്. ഇന്ത്യ കളിച്ച് ജയിച്ചതൊന്നുമല്ല. ന്യൂസീലന്‍ഡിന്‍റെ ബോളിങിലെ പരിഷ്കാരങ്ങളാണ് എനിക്കൊട്ടും പിടികിട്ടാത്തത്. അഭിഷേക് ശര്‍മയ്ക്ക് സ്പിന്നര്‍മാരെ നേരിടാന്‍ ബുദ്ധിമുട്ടാണെന്ന് അറിഞ്ഞിട്ടും ജേക്കബ് ഡഫിയെ പന്തേല്‍പ്പിച്ചത് എന്ത് ബുദ്ധിയാണ്?'- ആമിര്‍ ചോദിക്കുന്നു. 2005 മുതല്‍ താന്‍ ന്യൂസീലന്‍ഡ് ടീമിനെ ശ്രദ്ധിക്കാറുണ്ടെന്നും പക്ഷേ ഇത്രയും സമ്മര്‍ദത്തില്‍ അവരെ കണ്ടിട്ടില്ലെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു. 

ഫാസ്റ്റ് ബോളര്‍മാരാണ് മല്‍സരം ജയിപ്പിക്കുന്നതെന്ന വിശ്വാസം ഇന്ത്യ തിരുത്തിയെഴുതി. ബാറ്റര്‍മാര്‍ക്കും കളി ജയിപ്പിക്കാന്‍ കഴിയും അതാണ് ഇന്ത്യ കാണിച്ച് തരുന്നത്. സെമിയിലും ഫൈനലിലും ഫ്ലാറ്റ് ട്രാക്കിലും 250 റണ്‍സിന് മേല്‍ അവര്‍ അടിച്ചുകൂട്ടിയെന്നും ആമിര്‍ പറഞ്ഞു. 

അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനം ആമിറിന് ചില്ലറ ക്ഷീണമൊന്നുമല്ല ഉണ്ടാക്കിയത്. 18 പന്തില്‍ നിന്ന് അര്‍ധ സെഞ്ചറി തികച്ച അഭിഷേക് ടൂര്‍ണമെന്‍റിലെ അതിവേഗ അര്‍ധ സെ‍ഞ്ചറി സ്വന്തം പേരിലാക്കിയിരുന്നു. അഭിഷേക് കഴിവുള്ള ബാറ്ററൊന്നുമല്ല, വെറും കാടനടിക്കാരനാണെന്നും മിക്ക കളികളിലും പൂജ്യത്തിന് പുറത്താകുമെന്നും വല്ലപ്പോഴും തിളങ്ങിയാല്‍ ഭാഗ്യം എന്നുമായിരുന്നു ആമിര്‍ നേരത്തെ പരിഹസിച്ചത്.

സമൂഹമാധ്യമങ്ങളില്‍ ആമിറിന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ പാക് താരം അഹ്മദ് ഷെഹ്സാദ് ആമിറിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ആമിര്‍ സ്വന്തം നിരീക്ഷണങ്ങളില്‍ നിന്നാണ് സംസാരിച്ചത്. അതിനെ ഇത്രയും പരിഹസിക്കേണ്ടതില്ല. അതിനെ ആ സ്പിരിറ്റില്‍ എടുത്താല്‍ മതിയെന്നായിരുന്നു ഷെഹ്സാദിന്‍റെ പ്രതികരണം. 

ENGLISH SUMMARY:

Former Pakistan pacer Mohammad Amir has stirred controversy by claiming that India's T20 World Cup 2026 victory was a gift from New Zealand's bowlers rather than India's brilliance. Amir criticized the Black Caps for their bowling tactics and excessive wides in the final. He specifically targeted Abhishek Sharma, calling him a 'lucky slogger' despite the youngster's record-breaking 18-ball fifty. Following India's title win, fans have relentlessly trolled Amir for his failed prediction that India wouldn't even reach the semifinals. Ahmed Shehzad, however, came to Amir's defense, urging fans to take the comments in the right spirit.